വ്യാജ രേഖ ചമച്ച് സ്ഥാനക്കയറ്റം; GST സ്റ്റേറ്റ് ടാക്സ് ഓഫീസർക്കെതിരായ അന്വേഷണഫയൽ നീങ്ങിത്തുടങ്ങി

റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെയാണ് ഫയൽ വീണ്ടും നീങ്ങി തുടങ്ങിയത്
വ്യാജ രേഖ ചമച്ച് സ്ഥാനക്കയറ്റം; GST സ്റ്റേറ്റ് ടാക്സ് ഓഫീസർക്കെതിരായ അന്വേഷണഫയൽ  നീങ്ങിത്തുടങ്ങി

തിരുവനന്തപുരം: വ്യാജരേഖ ചമച്ച് ജോലിയിൽ സ്ഥാനക്കയറ്റം നേടിയ ജിഎസ്ടി സ്റ്റേറ്റ് ടാക്സ് ഓഫീസർക്കെതിരായ അന്വേഷണ ഫയൽ ജിഎസ്ടി കമ്മീഷണറുടെ മുന്നിലെത്തി. പക്ഷേ ഇതുവരെ കമ്മീഷണർ ഫയലിൽ നടപടി എടുത്തില്ല. റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെയാണ് ഫയൽ വീണ്ടും നീങ്ങി തുടങ്ങിയത്. ജിഎസ്ടിയിലെ ഉന്നത ഉദ്യോഗസ്ഥനായ അനിൽ ശങ്കർ ആണ് ഇല്ലാത്ത യോഗ്യത ഉണ്ടെന്ന് എഴുതിച്ചേർത്ത് സ്ഥാനക്കയറ്റം നേടി ഉന്നത പദവിയിൽ എത്തിയത്.

ജി എസ് ടി സ്റ്റേറ്റ് ടാക്സ് ഓഫീസറായി ജോലി ചെയ്യുന്ന അനിൽ ശങ്കർ വ്യാജ രേഖകൾ ഹാജരാക്കിയാണ് ജോലിയിൽ സ്ഥാനക്കയറ്റം നേടിയതെന്ന് ഇതിനകം കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചതാണ്. വർഷം മൂന്ന് കഴിഞ്ഞിട്ടും ഫയലിൽ നടപടിയെടുക്കാൻ തയ്യാറായിട്ടില്ല. ഒടുവിൽ സംഭവം റിപ്പോർട്ടർ പുറത്ത് കൊണ്ടുവന്നതിന് പിന്നാലെ അന്വേഷണ റിപ്പോർട്ടടങ്ങിയ ഫയലിന് ജീവൻ വെക്കുകയായിരുന്നു.

ഫയൽ ഇന്നലെ ജിഎസ് ടി കമ്മീഷണറുടെ മുന്നിലെത്തി. പക്ഷേ നടപടി എടുത്തില്ല. നിയമന അധികാരിയായ ജിഎസ് ടി കമ്മീഷണറോട് നടപടി എടുക്കാൻ നികുതി വകുപ്പ് ആവശ്യപ്പെട്ട് മാസങ്ങളായെങ്കിലും മറ്റൊരു അന്വേഷണം നടക്കുന്നു എന്ന പേരിലാണ് അത് മുടക്കിയത്. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനായിരുന്നു നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ ജോയിൻ്റ് കമ്മീഷണർക്കുള്ള നിർദേശം.

എന്നാൽ മാസം മൂന്ന് കഴിഞ്ഞിട്ടും അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ്. ഒരു വർഷം കഴിഞ്ഞാൽ അനിൽ ശങ്കർ വിരമിക്കും. ധനമന്ത്രിയും മുഖ്യമന്ത്രിയുമടക്കം കണ്ട ഫയലാണ് ഗുരുതര ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയിട്ടും പൂഴ്ത്തി വെച്ചത്. അനിൽ ശങ്കർ വ്യാജരേഖ ചമച്ച് സ്ഥാനക്കയറ്റം നേടിയ സംഭവത്തിൽ പല തവണ ശ്രമിച്ചെങ്കിലും ഇതുവരെ പ്രതികരിക്കാൻ ജിഎസ് ടി കമ്മീഷണർ അജിത്ത് പാട്ടീൽ തയ്യാറായില്ല.

വ്യാജ രേഖ ചമച്ച് സ്ഥാനക്കയറ്റം; GST സ്റ്റേറ്റ് ടാക്സ് ഓഫീസർക്കെതിരായ അന്വേഷണഫയൽ  നീങ്ങിത്തുടങ്ങി
ജിഎസ്‍ടി സ്റ്റേറ്റ് ടാക്സ് ഓഫീസറുടേത് അനധികൃത സ്ഥാനക്കയറ്റം തന്നെ; വ്യാജ രേഖകൾക്ക് കൂടുതൽ തെളിവുകൾ

Related Stories

No stories found.
logo
Reporter Live
www.reporterlive.com