'ഏത് ടീച്ചറാണെങ്കിലും ഇവരെയെല്ലാം നയിക്കുന്നത് ഒരേ മനോഘടന'; കെ കെ ശൈലജയ്ക്കെതിരെ പി കെ ഫിറോസ്

സിപിഐഎമ്മിന്റെ യഥാർത്ഥ മുഖമെന്താണെന്ന് ഇനിയും മനസ്സിലാകാത്തവർക്ക് തിരിച്ചറിയാൻ അവസരം നൽകുന്നതാണ് വടകര തിരഞ്ഞെടുപ്പെന്ന് പി കെ ഫിറോസ്
'ഏത് ടീച്ചറാണെങ്കിലും ഇവരെയെല്ലാം നയിക്കുന്നത് ഒരേ മനോഘടന'; കെ കെ ശൈലജയ്ക്കെതിരെ പി കെ ഫിറോസ്

കോഴിക്കോട്: വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും വടകര ലോക്സഭാ മണ്ഡലത്തിൽ മുന്നണികൾ തമ്മിലുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളും അവസാനിക്കുന്നില്ല. എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് യൂത്ത് ലീ​ഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ കെ കെ ശൈലജയും വ്യാജ പ്രചാരണം നടത്തിയെന്നും ഏത് ടീച്ചറാണെങ്കിലും ഇവരെയെല്ലാം നയിക്കുന്നത് ഒരേ മനോഘടനയാണെന്നും പി കെ ഫിറോസ് പറഞ്ഞു.

ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യം ഇടത് സ്ഥാനാർത്ഥി തന്നെ ഈ പ്രചരണം ഏറ്റെടുത്തു എന്നതാണ്. പൊതുവെ ശൈലജ ടീച്ചറെ കുറിച്ച് പലരും പറയുന്ന ഒരു കാര്യമുണ്ട്. സി.പി.എമ്മാണെങ്കിൽ പോലും അവർ മാന്യയാണെന്ന്. ഏത് ടീച്ചറാണെങ്കിലും ഇവരെയെല്ലാം നയിക്കുന്നത് ഒരേ മനോഘടനയാണ് എന്നും പി കെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.

പി കെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ടീച്ചറേ... നിങ്ങളും

സിപിഐഎമ്മിന്റെ യഥാർത്ഥ മുഖമെന്താണെന്ന് ഇനിയും മനസ്സിലാകാത്തവർക്ക് തിരിച്ചറിയാൻ അവസരം നൽകുന്നതാണ് വടകര തെരഞ്ഞെടുപ്പ്. വ്യാജ വീഡിയോ പൊളിഞ്ഞതിന് ശേഷം ഷാഫി പറമ്പിലിന്റെ മതത്തെ ഉയർത്തിക്കാട്ടിയാണ് സി.പി.എം വ്യാപക പ്രചരണം നടത്തിയത്. 'കാഫിറിന്' വോട്ട് ചെയ്യരുതെന്ന് യു.ഡി.എഫ് പറഞ്ഞുവെന്ന വ്യാജ സ്ക്രീൻ ഷോട്ടും അതിനായി നിർമ്മിച്ചു.

എഴുപത് ശതമാനത്തോളം മുസ്‌ലിംകളല്ലാത്തവർ താമസിക്കുന്ന ഒരു മണ്ഡലത്തിൽ ഇങ്ങിനെയൊരു പ്രചരണം ഏറ്റെടുക്കുന്നതിലെ സി.പി.എം താൽപര്യം അരിയാഹാരം കഴിക്കുന്ന ആർക്കും ബോധ്യമാവും. യു.ഡി.എഫിന് അധികാരം കിട്ടിയാൽ കുഞ്ഞാലിക്കുട്ടി, കുഞ്ഞൂഞ്ഞ്, കുഞ്ഞുമാണിയാണ് കേരളം ഭരിക്കുക എന്ന പ്രചരണം നടത്തിയ മനോനിലയിൽ നിന്ന് ഒരിഞ്ച് മാറ്റവും ഉണ്ടായിട്ടില്ല ഈ പാർട്ടിക്ക്. എന്നാൽ സംഘ്പരിവാർ ആശയത്തെ ഇത്രയും കാലം പ്രതിരോധിച്ച വടകര ആ മനോഗതിയുള്ളവരെയും അതിജീവിക്കും എന്ന കാര്യത്തിൽ ഞങ്ങൾക്കാർക്കും സംശയമില്ല.

ഏറ്റവും അദ്‌ഭുതപ്പെടുത്തിയ കാര്യം ഇടത് സ്ഥാനാർത്ഥി തന്നെ ഈ പ്രചരണം ഏറ്റെടുത്തു എന്നതാണ്. പൊതുവെ ശൈലജ ടീച്ചറെ കുറിച്ച് പലരും പറയുന്ന ഒരു കാര്യമുണ്ട്. സി.പി.എമ്മാണെങ്കിൽ പോലും അവർ മാന്യയാണെന്ന്. ഏത് ടീച്ചറാണെങ്കിലും ഇവരെയെല്ലാം നയിക്കുന്നത് ഒരേ മനോഘടനയാണ്. എതിരാളിയെ ഏത് വിധേനയും നശിപ്പിക്കുക! അതിന്റെ ഒരറ്റത്ത് പിണറായി വിജയനും മറ്റേ അറ്റത്ത് കൊടി സുനിയുമാണ്.

കാഫിറിന് വോട്ടുചെയ്യരുതെന്ന് വടകരയിൽ യുഡിഎഫ് പ്രചരിപ്പിച്ചുവെന്നായിരുന്നു കെ കെ ശൈലജ റിപ്പോർട്ടറിനോട് പ്രതികരിച്ചത് . വടകരയിലെ പ്രചരണത്തിൽ മുതിർന്ന യുഡിഎഫ് നേതാക്കൾ വിട്ടുനിന്നുവെന്ന സിപിഐഎം ആരോപണവും ഷാഫി നിഷേധിച്ചിരുന്നു. വടകരയിൽ യുഡിഎഫ് വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു, കാഫിറിന് വോട്ടുചെയ്യരുതെന്ന് പ്രചരിപ്പിച്ചു, സ്ഥാനാർഥി ഈ പ്രചാരണത്തെ നിഷേധിച്ചില്ലെന്നുമാണ് കെ കെ ശൈലജയുടെ ആരോപണം.

കെ കെ ശൈലജയുടെ കാഫിർ പ്രയോഗത്തിനെതിരെ രൂക്ഷവിമർശനവുമായി ഷാഫി പറമ്പിലും രംഗത്തെത്തിയിരുന്നു. വ്യാജസ്ക്രീൻഷോട്ടിൻ്റെ അടിസ്ഥാനത്തിൽ ഒരാളെ വർഗീയവാദിയായി ചിത്രീകരിക്കുന്നത് തരംതാഴ്ന്ന നടപടിയാണെന്ന് ഷാഫി കുറ്റപ്പെടുത്തി. സിപിഐഎം കേന്ദ്രങ്ങൾ വ്യാജമായി സൃഷ്ടിച്ച സ്ക്രീൻഷോട്ടുകൾ ആധാരമാക്കി കെ കെ ശൈലജ ഉന്നയിച്ച കാഫിർ പ്രയോഗം തരംതാഴ്ന്നതാണെന്നും വർഗീയവാദിയായി ചിത്രീകരിക്കുന്നത് സുഖകരമല്ലെന്നും ഷാഫി പ്രതികരിക്കുകയും ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com