വിവാദങ്ങള്‍ക്കിടെ വിവാഹവീട്ടില്‍ മുഖാമുഖം ഇപിയും സുധാകരനും

പ്രകാശ് ജാവദേക്കറുമായി ഇപി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ വിവാദം കൊടുമ്പിരികൊണ്ടിരിക്കെയാണ് കൂടിക്കാഴ്ച
വിവാദങ്ങള്‍ക്കിടെ വിവാഹവീട്ടില്‍ മുഖാമുഖം ഇപിയും സുധാകരനും

കണ്ണൂര്‍: വിവാദങ്ങള്‍ക്കിടെ വിവാഹ വീട്ടില്‍ കണ്ടുമുട്ടി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും. പ്രകാശ് ജാവദേക്കറുമായി ഇപി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ വിവാദം കൊടുമ്പിരികൊണ്ടിരിക്കെയാണ് കൂടിക്കാഴ്ച. കണ്ണൂര്‍ തളിപ്പറമ്പിലെ വീട്ടിലായിരുന്നു ഇരുവരും മുഖാമുഖം എത്തിയത്. ചിരിച്ച് കൈ കൊടുത്ത് കുശലം പറഞ്ഞാണ് ഇരുവരും പിരിഞ്ഞത്.

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നായിരുന്നു കെ സുധാകരന്‍ നേരത്തെ പറഞ്ഞത്. ബിജെപിയുമായി ഇപി ചര്‍ച്ച നടത്തിയെന്നും ശോഭ സുരേന്ദ്രനും ഇപിയും ആദ്യം ചര്‍ച്ച നടത്തിയത് ഗള്‍ഫില്‍ വെച്ചാണെന്നും സുധാകരന്‍ ആരോപിച്ചിരുന്നു. രാജീവ് ചന്ദ്രശേഖറും ചര്‍ച്ചയില്‍ പങ്കെടുത്തിട്ടുണ്ട്. മഹാരാഷ്ട്ര ഗവര്‍ണര്‍ പദവി വാഗ്ദാനം ചെയ്തു. സിപിഐഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ഇപി പിന്‍വലിഞ്ഞു. പാര്‍ട്ടിയില്‍ ഇ പി ജയരാജന്‍ അസ്വസ്ഥനാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇ പി ജയരാജന്‍ ബിജെപിയില്‍ പോകും. എം വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി ആയതില്‍ ഇപിക്ക് നിരാശയുണ്ടെന്നും സെക്രട്ടറി പദവി ഇപി പ്രതീക്ഷിച്ചിരുന്നുവെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

സുധാകരന്റെ വാക്കുകള്‍ തള്ളി ഇ പി ജയരാജന്‍ പിന്നീട് രംഗത്തുവന്നു. സുധാകരന്‍ സാധാരണ കഴിക്കുന്ന മരുന്ന് കഴിച്ചില്ലെന്ന് തോന്നുന്നുവെന്നും അതുകൊണ്ട് അതിന്റെ തകരാറ് പ്രകടിപ്പിക്കുകയാണെന്നുമായിരുന്നു പ്രതികരണം. സുധാകരന്‍ ബിജെപിയിലേക്ക് പോകുന്നതിന് തയ്യാറെടുത്തിരിക്കുകയാണ്. സുധാകരന്‍ ബിജെപിയാകുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. തനിക്ക് ബിജെപിയിലേക്ക് പോകേണ്ട ആവശ്യമൊന്നുമില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞിരുന്നു.

അതേസമയം വിവാദം തുടരുന്നതിനിടെ നാളെ നടക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ണായകമാകും. ജയരാജനെതിരെ കടുത്ത നടപടി വേണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം. നാളത്തെ യോഗത്തില്‍ ഇപി എത്തുമോ എന്നതിലും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. നിര്‍ണായകമായ തിരഞ്ഞെടുപ്പ് ദിവസം തന്നെ കൂടിക്കാഴ്ച്ചാ വിവരം വെളിപ്പെടുത്തിയതിലെ അസ്വാഭാവികതയും നേതൃത്വം പരിശോധിക്കും. ദല്ലാള്‍ നന്ദകുമാറുമായുള്ള സൗഹൃദവും യോഗത്തില്‍ ചര്‍ച്ചയായേക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com