കെകെ ശൈലജയുടെ 'കാഫിർ'വിമര്‍ശനം; വർഗീയവാദിയായി ചിത്രീകരിക്കുന്നത് തരംതാഴ്ന്ന നടപടിയെന്ന് ഷാഫി പറമ്പിൽ

സിപിഐഎം കേന്ദ്രങ്ങൾ വ്യാജമായി സൃഷ്ടിച്ച സ്ക്രീൻഷോട്ടുകൾ ആധാരമാക്കി കെ കെ ശൈലജ ഉന്നയിച്ച കാഫിർ പ്രയോഗം തരംതാഴ്ന്നതാണെന്ന് ഷാഫി
കെകെ ശൈലജയുടെ 'കാഫിർ'വിമര്‍ശനം; വർഗീയവാദിയായി ചിത്രീകരിക്കുന്നത് തരംതാഴ്ന്ന നടപടിയെന്ന് ഷാഫി പറമ്പിൽ

കോഴിക്കോട്: വടകര എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജയുടെ കാഫിർ പ്രയോഗത്തിനെതിരെ രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ. വ്യാജസ്ക്രീൻഷോട്ടിൻ്റെ അടിസ്ഥാനത്തിൽ ഒരാളെ വർഗീയവാദിയായി ചിത്രീകരിക്കുന്നത് തരംതാഴ്ന്ന നടപടിയാണെന്ന് ഷാഫി കുറ്റപ്പെടുത്തി. സിപിഐഎം കേന്ദ്രങ്ങൾ വ്യാജമായി സൃഷ്ടിച്ച സ്ക്രീൻഷോട്ടുകൾ ആധാരമാക്കി കെ കെ ശൈലജ ഉന്നയിച്ച കാഫിർ പ്രയോഗം തരംതാഴ്ന്നതാണെന്നും വർഗീയവാദിയായി ചിത്രീകരിക്കുന്നത് സുഖകരമല്ലെന്നും ഷാഫി പ്രതികരിച്ചു.

കാഫിറിന് വോട്ടുചെയ്യരുതെന്ന് വടകരയിൽ യുഡിഎഫ് പ്രചരിപ്പിച്ചുവെന്ന് കെ കെ ശൈലജ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. വടകരയിലെ പ്രചരണത്തിൽ മുതിർന്ന യുഡിഎഫ് നേതാക്കൾ വിട്ടുനിന്നുവെന്ന സിപിഐഎം ആരോപണവും ഷാഫി നിഷേധിച്ചു. വടകരയിൽ യുഡിഎഫ് വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു, കാഫിറിന് വോട്ടുചെയ്യരുതെന്ന് പ്രചരിപ്പിച്ചു, സ്ഥാനാർഥി ഈ പ്രചാരണത്തെ നിഷേധിച്ചില്ലെന്നുമാണ് കെ കെ ശൈലജയുടെ ആരോപണം.

അതേസമയം വടകരയിൽ വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് കെ കെ ശൈലജയും ഷാഫി പറമ്പിലും ആത്മവിശ്വാസം പ്രകടിപ്പിച്ചു. മണ്ഡലത്തിൽ ലീഗ് വോട്ടുകൾ യുഡിഎഫിന് കിട്ടിയില്ലെന്നും മുതിർന്ന യുഡിഎഫ് നേതാക്കൾ പ്രചരണത്തിൽ നിന്ന് വിട്ടുനിന്നുവെന്നും സിപിഐഎം നേതൃത്വം ആരോപിച്ചിരുന്നു, എന്നാൽ ആരോപണങ്ങളെ പൂർണമായും ഷാഫി പറമ്പിൽ തള്ളി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com