പ്രചാരണത്തിലെ വാശി പോളിങ്ങിലും കാണിച്ച് കണ്ണൂ‍ർ; വോട്ട് ചെയ്തത് 76.86 ശതമാനം പേ‍ർ

പ്രചാരണത്തിലെ വാശി പോളിങ്ങിലും കാണിച്ച് കണ്ണൂ‍ർ; വോട്ട് ചെയ്തത് 76.86 ശതമാനം പേ‍ർ

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പോളിങ് കണ്ണൂരിൽ രേഖപ്പെടുത്തിയെങ്കിലും 2019ലെ പോളിങ്ങിനേക്കാൾ അഞ്ച് ശതമാനം കുറവാണ് കണക്കുകൾ

കണ്ണൂർ: വോട്ടെടുപ്പിൻ്റെ തുടക്കം മുതൽ കണ്ണൂരിൽ ശക്തമായ പോളിങ്ങാണ് രേഖപ്പെടുത്തിയത്. 76.86 ശതമാനം പോളിങ്ങാണ് കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ ഇന്നലെ രാത്രി വരെയുള്ള കണക്ക്. ഇന്ന് രാവിലെ 11 മണിയോടെ മാത്രമേ അന്തിമ കണക്ക് ലഭ്യമാവുകയുള്ളൂ. 2019ലെ തിരഞ്ഞെടുപ്പിനേക്കാൾ അഞ്ച് ശതമാനത്തോളം വോട്ട് കുറഞ്ഞത് മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. വോട്ടെടുപ്പിലും കണ്ണൂരിന് വാശിയായിരുന്നു. പ്രചരണത്തിൽ കണ്ട, കൊട്ടിക്കലാശത്തിൽ കത്തി കയറിയ മുന്നണികളുടെ അതേ വാശിയാണ് പോളിങ് ബൂത്തിലും കണ്ടത്. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പോളിങ് കണ്ണൂരിൽ രേഖപ്പെടുത്തിയെങ്കിലും 2019ലെ പോളിങ്ങിനേക്കാൾ അഞ്ച് ശതമാനം കുറവാണ് കണക്കുകൾ.

ആകെ 1178 ബൂത്തുകളില്‍ ഒരു ബൂത്തിൽ പോളിങ് പൂർത്തിയായത് ഇന്നലെ അർധരാത്രിയോടെയാണ്. 2019ലെ തിരഞ്ഞെടുപ്പിനേക്കാൾ കുറവാണ് വോട്ടെന്നത് മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. അതുകൊണ്ടുതന്നെ കൂട്ടിയും കുറച്ചും അവസാന കണക്കെടുപ്പിലാണ് പാർട്ടി നേതാക്കൾ. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ മട്ടന്നൂരിലാണ് കണ്ണൂരിൽ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. ഇത് യുഡിഎഫിന് അനുകൂലമായേക്കും.

എന്നാൽ യുഡിഎഫിൻ്റെ കടുത്ത കോട്ടയായ ഇരിക്കൂറിലെ പോളിങ് ശതമാനത്തിലെ കുറവ് ഇടതിന് പ്രതീക്ഷ നൽകുന്നുണ്ട്. വോട്ടുകൾ ചോരാതെ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷ എൻഡിഎയും പങ്കുവെയ്ക്കുന്നു. കാര്യമായ അക്രമസംഭവങ്ങൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇടത് കേന്ദ്രങ്ങളിൽ വ്യാപകമായി കള്ള വോട്ടുകൾ ചെയ്തതെന്ന പരാതി യുഡിഎഫ് ഉയർത്തിയതും തിരഞ്ഞെടുപ്പ് രാത്രി വരെ നീണ്ടതും ഒഴിച്ചുനിർത്തിയാൽ കണ്ണൂരിലെ തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com