''കാഫിര്‍' പരാമര്‍ശത്തിന് പിന്നില്‍ കോണ്‍ഗ്രസ് തന്നെ, തെളിയിച്ചാല്‍ അവര്‍ക്ക് നല്ലത്'; കെകെ ശൈലജ

കാഫിറായ കെ കെ ശൈലജയ്ക്ക് വോട്ട് ചെയ്യരുത് എന്ന ഓഡിയോ സന്ദേശം അടക്കമുള്ള സാമൂഹിക മാധ്യമ പോസ്റ്റുകളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്.
''കാഫിര്‍' പരാമര്‍ശത്തിന് പിന്നില്‍ കോണ്‍ഗ്രസ് തന്നെ, തെളിയിച്ചാല്‍ അവര്‍ക്ക് നല്ലത്'; കെകെ ശൈലജ

വടകര: തനിക്കെതിരായ 'കാഫിര്‍' പരാമര്‍ശത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ. അത്തരം പോസ്റ്റുകള്‍ വന്ന പേജുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ കൈയ്യിലുണ്ട്. യുഡിഎഫ് പ്രവര്‍ത്തകരുടെ പേജുകളാണിതെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. അത് വ്യാജമാണെന്നാണ് ഷാഫി പത്രസമ്മേളനത്തില്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ ഷാഫി തന്നെ അത് തെളിയിക്കട്ടെയെന്നും കെകെ ശൈലജ പറഞ്ഞു. കാഫിറായ കെ കെ ശൈലജയ്ക്ക് വോട്ട് ചെയ്യരുത് എന്ന ഓഡിയോ സന്ദേശം അടക്കമുള്ള സാമൂഹിക മാധ്യമ പോസ്റ്റുകളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്.

'കിട്ടിയ വിവരങ്ങള്‍വെച്ച് ആ സന്ദേശം വ്യാജമല്ലായെന്നാണ് മനസ്സിലാക്കുന്നത്. ഇതിനു മുമ്പും സമാനമായ അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ടല്ലോ. അവരെന്തോ പ്രതീക്ഷിക്കുന്നുണ്ട് എന്ന് തോന്നുന്നു. വോട്ടെടുപ്പിന്റെ തലേദിവസം തന്നെ ഇത്തരം ഒരു സന്ദേശം പ്രചരിപ്പിച്ചതിലൂടെ അങ്ങനെയാണ് മനസ്സിലാക്കുന്നത്. ഇത്രയും തരംതാഴ്ന്ന സന്ദേശം പ്രചരിപ്പിച്ചത് ദൗര്‍ഭാഗ്യകരമാണ്. അത് വ്യാജമാണെന്ന് തെളിയിച്ചാല്‍ യുഡിഎഫിന് തന്നെയാണ് നല്ലതെന്നും കെകെ ശൈലജ പറഞ്ഞു.

സൈബര്‍ കേസ് ആയതിനാല്‍ അന്വേഷിച്ച് പ്രതിയെ കണ്ടെത്താന്‍ സമയമെടുക്കും. സംഭവം വ്യാജമാണെന്ന് ബോധ്യപ്പെട്ടിട്ടും ഞാന്‍ ആരോപണം തള്ളികളഞ്ഞില്ലായെന്നാണ് ഷാഫി പത്രസമ്മേളനത്തില്‍ പറഞ്ഞത്. അത് തെറ്റാണ്. സംഭവം വ്യാജമാണെന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടില്ല എന്നും കെ കെ ശൈലജ പറഞ്ഞു.

വ്യാജസ്‌ക്രീന്‍ഷോട്ടിന്റെ അടിസ്ഥാനത്തില്‍ ഒരാളെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നത് തരംതാഴ്ന്ന നടപടിയാണെന്ന് ഷാഫി പ്രതികരിച്ചിരുന്നു. സിപിഐഎം കേന്ദ്രങ്ങള്‍ വ്യാജമായി സൃഷ്ടിച്ച സ്‌ക്രീന്‍ഷോട്ടുകള്‍ ആധാരമാക്കി കെ കെ ശൈലജ ഉന്നയിച്ച കാഫിര്‍ പ്രയോഗം തരംതാഴ്ന്നതാണെന്നും വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നത് സുഖകരമല്ലെന്നുമായിരുന്നു ഷാഫിയുടെ പ്രതികരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com