ബില്ലുകളില്‍ കുറച്ചുദിവസം മുമ്പ് ഒപ്പുവെച്ചതാണ്, പരാതി പരിശോധിക്കുന്നതിനാണ് സമയമെടുത്തത്: ഗവര്‍ണര്‍

പോളിങ് ശതമാനത്തില്‍ സംതൃപ്തിയുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍
ബില്ലുകളില്‍ കുറച്ചുദിവസം മുമ്പ് ഒപ്പുവെച്ചതാണ്, പരാതി പരിശോധിക്കുന്നതിനാണ് സമയമെടുത്തത്: ഗവര്‍ണര്‍

ന്യൂഡല്‍ഹി: മാസങ്ങളായി പരിഗണനയിലുണ്ടായിരുന്ന ബില്ലുകളില്‍ ഒപ്പുവെച്ച സംഭവത്തില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ലുകളില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒപ്പുവെച്ചതാണ്. ഇപ്പോഴാണ് വാര്‍ത്ത പുറത്തുവന്നതെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. ബില്ലുകള്‍ സംബന്ധിച്ച് പരാതികള്‍ ലഭിച്ചിരുന്നു. അത് പരിശോധിക്കുന്നതിനാണ് സമയം എടുത്തതെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. പോളിങുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കട്ടേയെന്നും പോളിങ് ശതമാനത്തില്‍ സംതൃപ്തിയുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

ഭൂപതിവ് നിയമ ഭേദഗതി ബില്‍ ഉള്‍പ്പെടെയുള്ള അഞ്ച് ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്. നിയമസഭ പാസാക്കിയ ബില്ലുകളായിരുന്നു ഗവര്‍ണറുടെ പരിഗണനയില്‍ ഉണ്ടായിരുന്നത്. വിവാദങ്ങള്‍ ഇല്ലാത്ത ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചിരിക്കുന്നത്. സര്‍ക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്ന യൂണിവേഴ്‌സിറ്റി ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. നിലവില്‍ ഒപ്പുവെച്ച അഞ്ച് ബില്ലുകളിലും സര്‍ക്കാരുമായി ഗവര്‍ണര്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല.

ഇടുക്കിയിലെ കര്‍ഷകര്‍ ആശങ്ക ഉന്നയിച്ച സാഹചര്യത്തില്‍ ഭൂഭേദഗതി ബില്ലില്‍ മാത്രമായിരുന്നു ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നത്. അതില്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ ബില്ല് തടഞ്ഞുവെക്കേണ്ട തരത്തില്‍ മറ്റ് ആശങ്ക ഉണ്ടായിരുന്നില്ല. ആറ് മാസത്തോളമായി രാജ്ഭവനില്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ട്. എന്നാല്‍ ബില്ല് ഗവര്‍ണര്‍ പിടിച്ചുവെച്ചിരിക്കുകയായിരുന്നു. തര്‍ക്കത്തിലുള്ള ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. അതില്‍ കേന്ദ്രത്തില്‍ നിന്നാണ് തീരുമാനം ഉണ്ടാകേണ്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com