'പത്മജയുടെ പ്രാര്‍ത്ഥന എനിക്ക് ആവശ്യമില്ല, കള്ളനാണയങ്ങളെ ദൈവത്തിന് അറിയാം'; കെ മുരളീധരന്‍

പത്മജ ആര്‍ക്കുവേണ്ടി വേണമെങ്കിലും പ്രാര്‍ത്ഥിക്കട്ടെ. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടെന്ന് മുരളീധരന്‍
'പത്മജയുടെ പ്രാര്‍ത്ഥന എനിക്ക് ആവശ്യമില്ല, കള്ളനാണയങ്ങളെ ദൈവത്തിന് അറിയാം'; കെ മുരളീധരന്‍

തൃശൂര്‍: സഹോദരനുവേണ്ടി പ്രാര്‍ത്ഥിക്കില്ലെന്ന പത്മജ വേണുഗോപാലിന്റെ പരാമര്‍ശത്തിന് മറുപടി നല്‍കി കെ മുരളീധരന്‍. പത്മജയുടെ പ്രാര്‍ത്ഥന തനിക്ക് ആവശ്യമില്ലെന്നും കള്ളനാണയങ്ങളെ ദൈവത്തിന് തിരിച്ചറിയാന്‍ കഴിയുമെന്നും മുരളീധരന്‍ തിരിച്ചടിച്ചു. പത്മജ ആര്‍ക്കുവേണ്ടി വേണമെങ്കിലും പ്രാര്‍ത്ഥിക്കട്ടെ. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണ്ട. ദൈവത്തിനെ പറ്റിക്കാനാവില്ല എന്നാണ് ദൈവവിശ്വാസിയായ തന്റെ വിശ്വാസം. ജനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് താന്‍. അതിന്റെ ഗുണം സാധാരണയായി ഉണ്ടാകാറുണ്ട്. അത് ഇത്തവണയും ഉണ്ടാകും. തന്റെ മാത്രം മിടുക്കല്ല അത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും കൂടി ഗുണമാണ്. ഇത്തവണ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. അതുതന്നെയാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. ഒരു അപശബ്ദവുമില്ലാതെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടന്നെന്നും മുരളീധരന്‍ പറഞ്ഞു.

പാര്‍ട്ടി ഏല്‍പ്പിച്ച കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നു എന്നതാണ് ഏറ്റവും വലിയ സംതൃപ്തിയെന്നും മുരളീധരന്‍ പറഞ്ഞു. വോട്ട് ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കൂടിയിട്ടുണ്ട്. അതിനര്‍ഥം നിലവിലുള്ള സര്‍ക്കാരിനെതിരായി സാധാരണക്കാര്‍ക്ക് കടുത്ത അമര്‍ഷമുണ്ട് എന്നാണ്. പാചക വാതകമൊക്കെ വാങ്ങുന്നതും ഉപയോഗിക്കുന്നതും സ്ത്രീകളാണ്. അവര്‍ എന്തായാലും ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നും മുരളീധരന്‍ പറഞ്ഞു.

തന്നെ വേണ്ട എന്ന് പരസ്യമായി പറഞ്ഞ്, സഹോദര ബന്ധം പോലും ഉണ്ടാകില്ലെന്ന് പറഞ്ഞ മുരളീധരന് വേണ്ടി താന്‍ എന്തിന് പ്രാര്‍ത്ഥിക്കണമെന്നാണ് നേരത്തേ പത്മജ പ്രതികരിച്ചത്. തൃശ്ശൂരില്‍ വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു പത്മജയുടെ പ്രതികരണം.

സഹോദരന്റെ വിജയത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രാര്‍ത്ഥിക്കാനായി അദ്ദേഹം അസുഖം ബാധിച്ച് കിടക്കുകയൊന്നുമല്ലല്ലോ എന്നായിരുന്നു പത്മജയുടെ മറുപടി. കുടുംബം വേറെയാണ്, പ്രസ്ഥാനം വേറെയാണ്. എന്നിരുന്നാല്‍ പോലും അദ്ദേഹത്തെ താന്‍ തള്ളി പറഞ്ഞിട്ടില്ല. അദ്ദേഹമാണ് എന്നെ കാണണ്ട, ഞാന്‍ സഹോദരിയല്ല, എന്നെ വേണ്ട എന്നൊക്കെ പറഞ്ഞത്. അതുകൊണ്ട് തന്നെ എന്നെ തള്ളി പറഞ്ഞ അദ്ദേഹത്തിന്റെ വിജയത്തിന് വേണ്ടി താന്‍ എന്തിന് പ്രാര്‍ത്ഥിക്കണമെന്നും പത്മജ ചോദിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com