രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം: പി വി അൻവറിനെതിരെ കേസെടുത്ത് പൊലീസ്

നാട്ടുകൽ പൊലീസാണ് പി വി അൻവറിനെതിരെ കേസെടുത്തത്
രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം: പി വി അൻവറിനെതിരെ കേസെടുത്ത് പൊലീസ്

പാലക്കാട്: രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ നിലമ്പൂർ നിയോജക മണ്ഡലം എംഎൽഎയും എൽഡിഎഫ് നേതാവുമായ പി വി അൻവറിനെതിരെ പൊലീസ് കേസെടുത്തു. നാട്ടുകൽ പൊലീസാണ് പി വി അൻവർ എംഎൽഎയ്ക്കെതിരെ കേസെടുത്തത്. മണ്ണാർക്കാട് കോടതിയുടെ നിർദ്ദേശപ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നേരത്തെ അന്വേഷണം നടത്തി കേസെടുക്കാൻ നാട്ടുകൽ എസ്എച്ച്ഒയ്ക്ക് കോടതി നിർദേശം നൽകിയിരുന്നു. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി.

എടത്തനാട്ടുകരയിൽ നടന്ന എൽഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിനിടയിൽ ആയിരുന്നു പിവി അൻവർ രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. ഡിഎന്‍എ പരിശോധിച്ച് രാഹുലിന്റെ പാരമ്പര്യം ഉറപ്പാക്കണമെന്നായിരുന്നു അന്‍വറിന്റെ പരാമര്‍ശം. ഗാന്ധി എന്ന പേര് കൂടെ ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ ഗാന്ധി എന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു.

'നെഹ്റു കുടുംബത്തില്‍ ഇങ്ങനെയൊരു മനുഷ്യന്‍ ഉണ്ടാവുമോ, നെഹ്റു കുടുംബത്തിന്റെ ജെനിറ്റിക്സില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ, എനിക്ക് ആ കാര്യത്തില്‍ നല്ല സംശയമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍', എന്നുമായിരുന്നു അന്‍വറിന്റെ പ്രതികരണം.

എന്നാൽ പ്രതികരണം വിവാദമായതോടെ വിശദീകരണവുമായി പിവി അൻവർ രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും എന്നാൽ താൻ ഉദ്ദേശിച്ചത് പൊളിറ്റിക്കൽ ഡിഎൻഎയാണ് എന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com