സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍

'എല്ലാത്തിലും കേമന്‍ താനാണ് എന്ന ഭാവമാണ് തരൂരിന്'
സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്;  പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: ജനങ്ങളെന്ന് പറഞ്ഞാല്‍ ശശി തരൂരിന് പുച്ഛമാണെന്ന് എല്‍ഡിഎഫ് തിരുവനന്തപുരം ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍. സാധാരണക്കാരന്‍ എന്ന് കേട്ടാല്‍ പരമ പുച്ഛവുമാണ്. പാവപ്പെട്ട കുടുംബത്തിലാണ് താന്‍ ജനിച്ചത്. അതിനാല്‍ തനിക്ക് അധികം പഠിക്കാന്‍ ഒന്നും ആയില്ല. ചിലരുടെ ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷിനെ ഭയങ്കരമായി പുകഴ്ത്തുന്നു. അത്യാവശ്യം ഇംഗ്ലീഷ് ഒക്കെ തനിക്കും അറിയാം. പാര്‍ലമെന്റില്‍ പോയി മലയാളത്തില്‍ സംസാരിച്ചു കാര്യം നേടിയിട്ടുള്ള ആളാണ് താനെന്നും പന്ന്യന്‍ പറഞ്ഞു. തരൂരിന് തന്നെ പറ്റി അറിയില്ലായിരിക്കും. തരൂരിന് മുന്നേ പാര്‍ലമെന്റില്‍ എത്തിയ ആളാണ് താന്‍. എല്ലാത്തിലും കേമന്‍ താനാണ് എന്ന ഭാവമാണ് തരൂരിന്. അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പറയേണ്ട കാര്യങ്ങള്‍ പലതും പറഞ്ഞാല്‍ അദ്ദേഹത്തിനു വഴി നടക്കാന്‍ പോലും സാധിക്കില്ല. അതൊന്നും പറയില്ല എന്നത് തന്റെ നിലപാട് -പന്ന്യന്‍ പറഞ്ഞു.

തന്നെപ്പോലൊരാള്‍ മത്സരിക്കുന്നത് അധികപ്പറ്റ് എന്ന് പത്ര പ്രമാണിമാര്‍ക്ക് തോന്നിയോ. അപമാനിച്ചാലും താന്‍ ഇവിടെ തന്നെയുണ്ടാകും. ഇടതുപക്ഷ പ്രസ്ഥാനവും ഇവിടെ തന്നെയുണ്ടാകും. ഇത് പറഞ്ഞില്ലെങ്കില്‍ മായാത്ത പാടായി മനസില്‍ ഉണ്ടാകും. അത് കൊണ്ടാണ് പറഞ്ഞത്. തിരുവനന്തപുരത്ത് ജനാധിപത്യത്തെ പണാധിപത്യമാക്കി മാറ്റാന്‍ ശ്രമം നടക്കുകയാണ്. പണം നല്‍കി വാര്‍ത്തകള്‍ തമസ്‌കരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.

ഒരു ലക്ഷത്തിനു മുകളില്‍ വോട്ടുകള്‍ക്ക് ഞാന്‍ വിജയിക്കുമെന്നും പന്ന്യന്‍ പറഞ്ഞു. രാജീവ് ചന്ദ്രശേഖര്‍ വരുന്നത് വരെ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ എല്ലാം നല്ല നിലയില്‍ കൈകാര്യം ചെയ്തിരുന്നു. രാജീവ് വന്ന ശേഷം മാധ്യമങ്ങള്‍ അങ്ങോട്ട് ചെരിഞ്ഞു. പണച്ചാക്ക് കണ്ടാല്‍ മാറുന്നവരായി മാധ്യമങ്ങള്‍ മാറി. എന്റെ കൈയില്‍ കാശില്ല. കാശ് കൊടുക്കാന്‍ എനിക്കില്ല. കാശ് ഇല്ലാത്തത് കൊണ്ട് പരിഗണിക്കേണ്ട എന്ന് മാധ്യമങ്ങള്‍ക്ക് തോന്നിയോ. ഇക്കാര്യത്തില്‍ വളരെയധികം ദുഃഖമുണ്ടെന്നും പന്ന്യന്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com