നന്ദകുമാറിനെതിരെ നടപടി എടുക്കണം, ഇല്ലെങ്കില്‍ ഡിജിപി ഓഫീസ് ഉപരോധിക്കും: ശോഭ സുരേന്ദ്രന്‍

'പാര്‍ട്ടി ക്വട്ടേഷന്‍ കൊടുക്കും എന്ന് ഭയന്നാണ് ഇ പി ജയരാജന്‍ പിന്നോട്ട് പോയത്. ഇപിക്ക് പാര്‍ട്ടിയെ പേടിയാണ്'
നന്ദകുമാറിനെതിരെ നടപടി എടുക്കണം, ഇല്ലെങ്കില്‍ ഡിജിപി ഓഫീസ് ഉപരോധിക്കും: ശോഭ സുരേന്ദ്രന്‍

ആലപ്പുഴ: ടി ജി നന്ദകുമാറിനെതിരെ നടപടിയെടുക്കാന്‍ ഡിജിപി തയ്യാറാകണമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. നന്ദകുമാര്‍ ദല്ലാള്‍മാര്‍ക്ക് തന്നെ അപമാനമാണ്. സിപിഐഎം സെക്രട്ടറി എം വി ഗോവിന്ദനോ അതോ ദല്ലാള്‍ നന്ദകുമാറാണോ എന്നും ശോഭ സുരേന്ദ്രന്‍ ചോദിച്ചു.

കഥകളുമായി നന്ദകുമാറിനെ ഇറക്കിയിരിക്കുകയാണ്. പലതിനും വാട്‌സ്ആപ്പില്‍ തെളിവുകള്‍ ഉണ്ട്. നന്ദകുമാര്‍ കരുതുന്ന പോലെ കോടി കൊടുത്താല്‍ സ്ഥാനം നല്‍കുന്നവരല്ല ബിജെപി. ഒരു സ്ത്രീക്കെതിരെ ഒരു രേഖയുമില്ലാത്ത കുറച്ച് പേപ്പര്‍ മാത്രം കാണിച്ച് ആരോപണം ഉന്നയിക്കുകയാണ്. നന്ദകുമാറിന്റെ ആക്ഷേപം സംപ്രേഷണം ചെയ്തത് സ്ത്രീ വിരുദ്ധമാണ്. മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണം. മുഖ്യമന്ത്രിയോട് അത് ആവശ്യപ്പെടുന്നു. ഡിജിപി അന്വേഷണത്തിനും നടപടിക്കും തയ്യാറാകണം. നടപടി എടുത്തില്ലെങ്കില്‍ ഡിജിപി ഓഫീസ് ഉപരോധിക്കും. ഡിജിപിയെ വഴിയില്‍ തടയാന്‍ മടിക്കില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

തന്നെ അറിയാത്ത ഇ പി ജയരാജന്റെ മകന്‍ എന്തിനാണ് വാട്‌സ്ആപ്പില്‍ സന്ദേശം അയച്ചതെന്നും ശോഭ സുരേന്ദ്രന്‍ ചോദിച്ചു. 'ആരിഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നപ്പോഴാണ് ആരോപണം ഉയര്‍ത്തുന്നത്. അതുകൊണ്ടൊന്നും പേടിച്ച് വീട്ടില്‍ പോയിരിക്കുന്ന ആളല്ല ശോഭ സുരേന്ദ്രന്‍. കരിമണല്‍ കര്‍ത്തയും ഗോകുലം ഗോപാലനും ശോഭയ്ക്ക് എതിരെ ഒരുമിച്ചിരുന്നു. എനിക്കെതിരെ ഒരു ചാനല്‍ വ്യാജവാര്‍ത്ത കൊടുത്തു. കരിമണല്‍ കര്‍ത്തയ്ക്ക് വേദനിച്ചാല്‍ ചാനല്‍ മുതലാളിയായ കുറിക്കമ്പനി ഉടമയ്ക്ക് വേദനിക്കും.

പാര്‍ട്ടി ക്വട്ടേഷന്‍ കൊടുക്കും എന്ന് ഭയന്നാണ് ഇ പി ജയരാജന്‍ പിന്നോട്ട് പോയത്. ഇപിക്ക് പാര്‍ട്ടിയെ പേടിയാണ്. ചര്‍ച്ച നടത്തിയത് ഇപി ജയരാജന്‍ തന്നെയാണെന്ന് ഇതില്‍ കൂടുതല്‍ എങ്ങനെ പറയാനാണ്? ജയരാജന്റെ മകന്‍ മെസേജ് അയച്ചത് ജനുവരി 18നാണ്. പ്ലീസ് നോട്ട് മൈ നമ്പര്‍ എന്നായിരുന്നു ജയരാജന്റെ മകന്‍ ജെയ്‌സണിന്റെ സന്ദേശം. 90 ശതമാനം ചര്‍ച്ച പൂര്‍ത്തിയായിട്ടും ഇപി എന്തുകൊണ്ട് പിന്മാറിയെന്ന് പിണറായിക്ക് അറിയാം. കേരളത്തിലെ ആദ്യത്തെ രക്തസാക്ഷിയെ സൃഷ്ടിച്ചയാള്‍ എന്തുംചെയ്യാന്‍ തയ്യാറാകുമെന്ന് ജയരാജന് അറിയാം.

ഭൂമിക്ക് വേണ്ടി കത്തയച്ചു എന്ന് പറയുന്നത് നന്ദകുമാര്‍ പറയുന്ന കഥ മാത്രമാണ്. ഒരു കത്തും അയച്ചിട്ടില്ല. ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലേക്ക് കൊച്ചി വഴി വരരുതെന്ന് പറഞ്ഞു. ടിക്കറ്റ് അയച്ചു തന്നു. ചെന്നൈ വഴി ഡല്‍ഹിക്ക് വരണം എന്ന് സന്ദേശം അയച്ചു. കെ സുരേന്ദ്രന്‍, ബി എല്‍ സന്തോഷ്, ശോഭ സുരേന്ദ്രന്‍ എന്നിവരുടെ സിരകളില്‍ ഒഴുകുന്നവരുടെ രക്തം ഒന്നാണ്. ഇരുമ്പുമറയുള്ള പാര്‍ട്ടിയല്ല. അഭിപ്രായ വ്യത്യാസങ്ങള്‍ അകത്തും പുറത്തും ഉണ്ടായിട്ടുണ്ട്. പക്ഷെ ഭീകരവാദത്തിനും അഴിമതിക്കും എതിരായ പോരാട്ടത്തില്‍ ഞങ്ങളുടെ പോരാട്ടം ഒന്നാണ്', ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com