ആലപ്പുഴയില്‍ 35000ത്തില്‍ കൂടുതല്‍ ഇരട്ട വോട്ടുകള്‍; കള്ളവോട്ട് തടയണമെന്ന് ഹൈക്കോടതി

യുഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ എം ലിജുവാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്
ആലപ്പുഴയില്‍ 35000ത്തില്‍ കൂടുതല്‍ ഇരട്ട വോട്ടുകള്‍; കള്ളവോട്ട് തടയണമെന്ന് ഹൈക്കോടതി

കൊച്ചി: ആലപ്പുഴയിലെ ഇരട്ട വോട്ട് വിഷയത്തില്‍ കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി. ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തിലെ ഇരട്ട വോട്ടുകള്‍ പോള്‍ ചെയ്യാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇരട്ടവോട്ട് സംബന്ധിച്ച് യുഡിഎഫ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ മാത്രം 35000ത്തില്‍ കൂടുതല്‍ ഇരട്ട വോട്ടുകള്‍ ഉള്ളതായും അവയില്‍ 711ഓളം ഒരേ വോട്ടര്‍ ഐഡി കാര്‍ഡുള്ളവരാണെന്നും യുഡിഎഫ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഇതിനെതിരെ ഹര്‍ജി ഫയല്‍ ചെയ്തത്.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഇലക്ഷന്‍ കമ്മീഷനോട് വിശദീകരണം തേടിയിരുന്നു. യുഡിഎഫിന്റെ ആക്ഷേപം പൂര്‍ണ്ണമായി നിഷേധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. യുഡിഎഫ് തെളിവായി സമര്‍പ്പിച്ച ഇരട്ട വോട്ടുകളുടെ പട്ടിക ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് കമ്മീഷന്‍ കോടതിയെ അറിയിച്ചു. ഇരട്ട വോട്ടുകള്‍ ചെയ്യാതിരിക്കുവാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഇലക്ഷന്‍ കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

ഇരട്ട വോട്ട് ഉള്ളവര്‍ ഒന്നില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ വോട്ട് ചെയ്യാതിരിക്കുവാനുള്ള നടപടി സ്വീകരിക്കാനും കോടതി ഉത്തരവുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി കെ സി വേണുഗോപാലിനുവേണ്ടി ചീഫ് ഇലക്ഷന്‍ ഏജന്റായ അഡ്വ എം ലിജുവാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. സിറ്റിങ്ങ് എംപി എ എം ആരിഫാണ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ശോഭാ സുരേന്ദ്രനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com