സിപിഐഎം പാർട്ടി ഗ്രാമങ്ങളിൽ നടത്തുന്നത് മുസ്ലിം വിദ്വേഷ പ്രവർത്തനം: ബഹാവുദ്ദീൻ മുഹമ്മദ്‌ നദ്‌വി

മലപ്പുറത്തെ വിദ്യാർഥികൾ കോപ്പിയടിച്ച് ജയിക്കുന്നവർ ആണെന്ന് പറഞ്ഞ വിഎസിന്റെയും, ജില്ലയുടെ ഉള്ളടക്കം വർഗീയതയാണെന് പറഞ്ഞ കടകംപള്ളിയുടെയും പ്രസ്താവനകൾ ആർഎസ്എസിനു വേണ്ടി നടത്തിയ ദാസ്യപ്പണിയാണെന്നും അദ്ദേഹം പറഞ്ഞു
സിപിഐഎം പാർട്ടി ഗ്രാമങ്ങളിൽ നടത്തുന്നത് മുസ്ലിം വിദ്വേഷ പ്രവർത്തനം: ബഹാവുദ്ദീൻ മുഹമ്മദ്‌ നദ്‌വി

മലപ്പുറം: സിപിഐഎമ്മിനെ കടന്നാക്രമിച്ച് സമസ്ത മുശാവറ അംഗം ബഹാവുദ്ദീൻ മുഹമ്മദ്‌ നദ്‌വി. ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികളാണെന്ന് അദ്ദേഹം ആരോപിച്ചു. മലപ്പുറത്തെ വിദ്യാർഥികൾ കോപ്പിയടിച്ച് ജയിക്കുന്നവർ ആണെന്ന് പറഞ്ഞ വിഎസിന്റെയും, ജില്ലയുടെ ഉള്ളടക്കം വർഗീയതയാണെന് പറഞ്ഞ കടകംപള്ളിയുടെയും പ്രസ്താവനകൾ ആർഎസ്എസിനു വേണ്ടി നടത്തിയ ദാസ്യപ്പണിയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയായിരുന്നു വിമർശനം. സുപ്രഭാതം പത്രം ചീഫ് എഡിറ്റർ കൂടിയാണ് ഡോ. ബഹാഉദ്ദീൻ നദ്‌വി.

മുസ്ലിം വിരുദ്ധ സമീപനം സ്വീകരിച്ച ആളാണ് എം വി ഗോവിന്ദൻ. തിരഞ്ഞെടുപ്പ് സമയത്ത് മാത്രം മുസ്ലിം സംരക്ഷണം ഏറ്റെടുക്കുന്ന സിപിഐഎം പാർട്ടി ഗ്രാമങ്ങളിൽ നടത്തുന്നത് മുസ്ലിം വിദ്വേഷ പ്രവർത്തനമാണ്. കണ്ണൂരിലെയും കാസർകോട്ടെയും പാർട്ടി ഗ്രാമങ്ങളിൽ മുസ്ലിം വിരുദ്ധ നിലപാടുകൾ സ്വീകരിച്ചവരാണ് സിപിഐഎം. അധികാരത്തിൽ വന്നാൽ എന്ത്‌ ക്രൂരതയും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ. ബംഗാളിലും ഇത് കണ്ടതാണെന്ന് അദ്ദേഹം വിമർശിച്ചു. ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ സമ്മതിദാന അവകാശം ശ്രദ്ധയോടെ വിനിയോഗിക്കണമെന്നും ബഹാവുദ്ദീൻ നദ്‌വി ഫേസ്ബുക്ക്‌ പോസ്റ്റിൽ പറഞ്ഞു.

ബിജെപിയെ പുറത്താക്കാന്‍ ഏറ്റവും നല്ലത് ഇൻഡ്യാ മുന്നണിയാണെന്നും മുന്നണിയില്‍ ഫാസിസത്തെ ഏറ്റവും ശക്തമായി നേരിടുന്നത് ഇടത് മുന്നണിയാണെന്നുമുള്ള ഉമ‍ർ ഫൈസി മുക്കത്തിന്റെ പരാമർശത്തെയും അദ്ദേഹം വിമർശിച്ചു. ഉമർ ഫൈസി മുക്കത്തിൻ്റേത് വ്യക്തിപരമായ അഭിപ്രായമാണ്. സമസ്തയുടെ നിലപാടല്ല. ഉമർ ഫൈസിയെ സമസ്തയുടെ നിലപാട് പറയാൻ ഏൽപ്പിച്ചിട്ടില്ല. ഫാസിസത്തിന്റെ മുന്നേറ്റം തടയണമെന്നും കേരളത്തിൽ ഇടതുപക്ഷം കുപ്രചരണം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇൻഡ്യ മുന്നണിയെ വിജയിപ്പിക്കണം, യുഡിഎഫിനെ വിജയിപ്പിക്കണം. എൽഡിഎഫും ഫാസിസ്റ്റ് ശക്തികളും ഒരേ തൂവൽ പക്ഷികളാണ്. ജനാധിപത്യ വിശ്വാസികൾ ഇവരെ ഒരേ മനസോടെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com