'പ്രത്യേക ആള്‍ക്കാര്‍ വഴിയല്ല,നേരിട്ടുള്ള ബന്ധമാണ്'; ന്യൂനപക്ഷ പിന്തുണ സര്‍ക്കാരിനെന്ന് മുഖ്യമന്ത്രി

ഈ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷത്തിന്റെ പിന്തുണ പ്രതീക്ഷിക്കുന്നുണ്ടോയെന്ന ചോദ്യത്തോടായിരുന്നു പ്രതികരണം.
'പ്രത്യേക ആള്‍ക്കാര്‍ വഴിയല്ല,നേരിട്ടുള്ള ബന്ധമാണ്'; ന്യൂനപക്ഷ പിന്തുണ സര്‍ക്കാരിനെന്ന് മുഖ്യമന്ത്രി

കൊച്ചി: രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ വെല്ലുവിളി നേരിടുമ്പോള്‍ ഇരകള്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് എല്‍ഡിഎഫ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി സര്‍ക്കാരിനൊപ്പമാണ് കോണ്‍ഗ്രസ് എന്ന് വ്യക്തമാക്കുന്നതാണ് പൗരത്വഭേദഗതി അടക്കമുള്ള വിഷയങ്ങളിലെ അവരുടെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രതികരണം. ഈ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷത്തിന്റെ പിന്തുണ പ്രതീക്ഷിക്കുന്നുണ്ടോയെന്ന ചോദ്യത്തോടായിരുന്നു പ്രതികരണം.

'സംസ്ഥാന സര്‍ക്കാര്‍ മതവിഭാഗങ്ങളുമായി ആരോഗ്യകരമായ ബന്ധത്തിലാണ്. പ്രത്യേക ആള്‍ക്കാര്‍ വഴിയല്ല, മറിച്ച് നേരിട്ടുള്ള ബന്ധമാണ് എല്ലാ മതവിഭാഗങ്ങളുമായി പുലര്‍ത്തിപോരുന്നത്. മതന്യൂനപക്ഷം വെല്ലുവിളി നേരിടുമ്പോള്‍ ഇരകള്‍ക്കൊപ്പം നില്‍ക്കുന്ന സമീപനമാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. രാജ്യത്ത് വലിയ തോതില്‍ മതന്യൂനപക്ഷം വെല്ലുവിളിക്കപ്പെടുമ്പോള്‍ അവരുടെ താല്‍പര്യത്തിന് അനുസരിച്ചല്ലാത്ത നിലപാടാണ് കോണ്‍ഗ്രസും യുഡിഎഫും സ്വീകരിക്കുന്നത്. ഇത് സംഘപരിവാറിനൊപ്പമാണ് കോണ്‍ഗ്രസ് എന്ന് വ്യക്തമാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

'പൗരത്വ നിയമഭേദഗതിയില്‍ കോണ്‍ഗ്രസിന് അഭിപ്രായം ഇല്ല. രാജ്യവ്യാപകമായി പ്രക്ഷോഭം നടന്നപ്പോള്‍ അതിന്റെ ഭാഗമായില്ല. ചട്ടം കൊണ്ടുവന്നപ്പോള്‍ അതിനെതിരെ അഭിപ്രായമില്ല. കേരളത്തില്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് നടത്തിയ പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ് പങ്കെടുത്തിരുന്നു. ഒരുഘട്ടത്തില്‍ അതില്‍ നിന്നും പിന്മാറി. ഇതൊക്കെ ഉണ്ടാക്കിയ പ്രതീതി യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരിനൊപ്പമാണെന്നാണ് മനസ്സിലാക്കുന്നത്. അതിലൂടെ എല്‍ഡിഎഫ് മതന്യൂനപക്ഷങ്ങള്‍ക്ക് സ്വീകാര്യമായി മാറി. അത് അനുഭവത്തിലൂടെ മാറിയതാണ്. അവർ എല്‍ഡിഎഫിനെയാണ് പിന്താങ്ങുന്നത്.' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com