'കെട്ടുകഥകൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു,ജനവികാരം ഇളക്കാനും ശ്രമം':എതിരാളികളെക്കുറിച്ച് സുനിൽകുമാർ

രാഷ്ട്രീയ ധാർമ്മികത ഇല്ലാതെ, ജയിക്കാൻ വേണ്ടി എന്തും ചെയ്യുന്ന സ്ഥിതിയാണ് തൃശൂരിൽ യുഡിഎഫ്, ബിജെപി മുന്നണികളുടേത്.
'കെട്ടുകഥകൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു,ജനവികാരം ഇളക്കാനും ശ്രമം':എതിരാളികളെക്കുറിച്ച്  സുനിൽകുമാർ

തൃശൂർ: കരുവന്നൂരൂം തൃശൂർ പൂരവും ചർച്ച ചെയ്യിക്കാൻ മറ്റു മുന്നണികൾ ശ്രമിക്കുന്നുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ. കെട്ടുകഥകൾ ഉണ്ടാക്കി പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും രാഷ്ട്രീയ പോരാട്ടത്തിനല്ല ശ്രമം നടക്കുന്നതെന്നും വി എസ് സുനിൽകുമാർ പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരായ വികാരമില്ല. പക്ഷേ ജനങ്ങളുടെ വികാരത്തെ ഇളക്കിവിടാൻ ശ്രമം നടക്കുന്നുണ്ട്.

രാഷ്ട്രീയ ധാർമ്മികത ഇല്ലാതെ, ജയിക്കാൻ വേണ്ടി എന്തും ചെയ്യുന്ന സ്ഥിതിയാണ് തൃശൂരിൽ യുഡിഎഫ്, ബിജെപി മുന്നണികളുടേത്. അവര്‍ വർഗീയ വികാരം ഉണ്ടാക്കുന്നു. ഡീൽ നടത്തി പരിചയമുള്ളവരാണ് ആരോപണം ഉന്നയിക്കുന്നത് . എല്‍ഡിഎഫിന് അത് ശീലമില്ലെന്നും സുനിൽകുമാർ കൂട്ടിച്ചേർത്തു.

അതേസമയം സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഒരുമാസത്തോളം നീണ്ട കാടിളക്കിയുള്ള പ്രചാരണത്തിനൊടുവിൽ കലാശക്കൊട്ട് അവിസ്മരണീയമാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികൾ. വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ അവസാനവട്ട കണക്കുകൂട്ടലുകളിലാണ് സ്ഥാനാർഥികൾ. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 26നാണ് കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ടത്തിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനവും കേരളമാണ്.

ഇന്ന് വൈകുന്നേരം ആറുമണിക്കാണ് പരസ്യപ്രചാരണം അവസാനിക്കുക. അവസാന 48 മണിക്കൂറിൽ നിശ്ശബ്ദപ്രചാരണത്തിന് മാത്രമാണ് അനുവാദമുള്ളത്. നിശബ്ദ പ്രചാരണത്തിന് മാത്രം അനുവാദമുള്ള സമയങ്ങളിൽ നിയമവിരുദ്ധമായി കൂട്ടംചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്താൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വോട്ടർമാരെ സ്വാധീനിക്കുന്നതിനായി മദ്യവിതരണം, സൗജന്യങ്ങളും സമ്മാനങ്ങളും നൽകൽ, പണംകൈമാറ്റം തുടങ്ങിയ നിയമവിരുദ്ധ ഇടപെടലുകൾ കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെയുള്ള അവസാന 48 മണിക്കൂറുകളില്‍ മദ്യനിരോധനവും ഏർപ്പെടുത്തും. ഈ സമയങ്ങളിൽ മദ്യവിതരണത്തിനും വിൽപ്പനയ്ക്കും നിരോധനമുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com