സിപിഐഎമ്മിനെ തകര്‍ക്കണമെന്ന ഉദ്ദേശമേ എല്ലാക്കാലത്തും മലയാള മനോരമക്ക് ഉണ്ടായിട്ടുള്ളു; പിണറായി വിജയൻ

സിപിഐഎമ്മിനെ തകര്‍ക്കണമെന്ന ഉദ്ദേശമേ എല്ലാക്കാലത്തും മലയാള മനോരമക്ക് ഉണ്ടായിട്ടുള്ളു; പിണറായി വിജയൻ

'കൈകള്‍ ശുദ്ധമായിരിക്കണം. കൈകള്‍ ശുദ്ധമായിരിക്കുന്നത് കൊണ്ടാണ് ഇതൊന്നും എന്നെ ബാധിക്കാത്തത്'

കൊച്ചി: മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ടര്‍ ടിവി ചീഫ് എഡിറ്റര്‍ എം വി നികേഷ് കുമാറിനോട് ക്ലോസ് എന്‍കൗണ്ടറില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. തനിക്കെതിരെ എല്ലാക്കാലത്തും ആക്രമണം ഉണ്ടായിട്ടുണ്ടെന്നും മലയാള മനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ അതിന്റെ ഭാഗമായെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. എന്നിട്ടും താന്‍ തളരുന്നില്ലെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാധ്യമങ്ങള്‍ ശക്തമായ ആക്രമണമാണല്ലോ മുഖ്യമന്ത്രിക്കെതിരെ നടത്തുന്നതെന്ന നികേഷ് കുമാറിന്റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ബിനീഷ് കൊടിയേരിയുടെ കേസില്‍ സ്വീകരിച്ച സമീപനമല്ല വീണാ വിജയന്റെ കേസില്‍ സ്വീകരിച്ചതെന്ന മനോരമയുടെ വിമര്‍ശനം ചൂണ്ടിക്കാണിച്ചുള്ള ചോദ്യത്തോടായിരുന്നു മാധ്യമങ്ങളെ കടന്നാക്രമിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. മലയാള മനോരമ നല്ല ഉദ്ദേശത്തോടെയല്ല കാര്യങ്ങള്‍ ചെയ്യുന്നതെന്ന് എല്ലാവര്‍ക്കും അറിയാമല്ലോയെന്ന് ചോദിച്ച മുഖ്യമന്ത്രി സിപിഐഎമ്മിനെ തകര്‍ക്കണം എന്ന ഉദ്ദേശമേ എല്ലാക്കാലത്തും മലയാള മനോരമയ്ക്ക് ഉണ്ടായിട്ടുള്ളുവെന്നും കുറ്റപ്പെടുത്തി.

'അതിന്റെ ഭാഗമായി ഒട്ടേറെക്കാര്യങ്ങള്‍ അവര്‍ സാധാരണ ചെയ്യാറുണ്ട്. ഇന്നലെയോ ഇന്നോ ആക്രമണങ്ങള്‍ നേരിടുന്ന വ്യക്തിയല്ല. പതിറ്റാണ്ടുകളായി ആക്രമണങ്ങള്‍ നേരിടുന്നു. അതിന്റെ ഭാഗമായി കേരളത്തില്‍ ഒരുവൃത്തമുണ്ട്. ആ വൃത്തം എല്ലാക്കാലത്തും ആക്രമണങ്ങള്‍ക്ക് തയ്യാറായി വന്നിട്ടുണ്ട്. എത്രയോ തിരഞ്ഞെടുപ്പുകളിലായി കാണുന്നതാണ്. ഈ വൃത്തത്തെ വലിയ തോതില്‍ പിന്താങ്ങുന്ന സാമ്പത്തിക സ്രോതസ്സുകളുണ്ട്. നമ്മുടെ സംസ്ഥാനത്തെ മലയാള മനോരമ അടക്കമുള്ള ചില മാധ്യമശ്യംഖലകളുമുണ്ട്. അവരെല്ലാം നല്ലത് പോലെ പിന്തുണ കൊടുത്താണ് ഈ വൃത്തത്തെ ഇളക്കി വിട്ടതെന്ന് നമുക്ക് അറിയാവുന്നതാണ്. അവരുടെ പ്രചാരണത്തിന്റെ ഭാഗം മാത്രമാണ് ഇത്തരം കാര്യങ്ങളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതാണ് നേരത്തെ പറഞ്ഞത് കൈകള്‍ ശുദ്ധമായിരിക്കണമെന്ന്. കൈകള്‍ ശുദ്ധമായിരിക്കുന്നത് കൊണ്ടാണ് ഇതൊന്നും എന്നെ ബാധിക്കാത്തതെ'ന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com