രാഹുൽഗാന്ധി നിലമറന്ന് സംസാരിച്ചു; മറ്റുള്ളവരെ തേടി ഇഡി എത്തിയാൽ കോൺഗ്രസ് മിണ്ടില്ല: മുഖ്യമന്ത്രി

'കേന്ദ്ര അന്വേഷണ ഏജൻസികൾ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്കുനേരെ വലിയ രീതിയിൽ വേട്ടയാടലുകൾ നടത്തുന്നുണ്ട്'
രാഹുൽഗാന്ധി നിലമറന്ന് സംസാരിച്ചു; മറ്റുള്ളവരെ തേടി ഇഡി എത്തിയാൽ കോൺഗ്രസ് മിണ്ടില്ല: മുഖ്യമന്ത്രി

കണ്ണൂർ: രാഹുൽഗാന്ധി ദേശീയ നേതാവെന്ന നിലമറന്ന് സംസാരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ലേ എന്നാണ് രാഹുൽ ചോദിച്ചത്. തനിക്കെതിരെ ഏതു കേസാണുള്ളതെന്നും എന്തടിസ്ഥാനത്തിലായിരുന്നു ആ ചോദ്യമെന്നും മുഖ്യമന്ത്രി ചോദിച്ചു. റിപ്പോര്‍ട്ടര്‍ ടി വിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രതികരണം. കേന്ദ്ര അന്വേഷണ ഏജൻസികൾ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്കുനേരെ വലിയ രീതിയിൽ വേട്ടയാടലുകൾ നടത്തുന്നുണ്ട്. അത് കോൺഗ്രസിന് നേരെയുമുണ്ടായിട്ടുണ്ട്. അവർക്കു നേരെ വരുമ്പോൾ എതിർക്കുകയും മറ്റു പാർട്ടികൾക്കുനേരെ ആയാൽ അന്വേഷണ ഏജന്‍സികള്‍ക്കൊപ്പം നിൽക്കുകയും ചെയ്യുന്ന നിലപാടാണ് കോൺഗ്രസിനെന്നും പിണറായി വിജയൻ ആരോപിച്ചു. കെജ്‌രിവാളിന്റെ കേസ് അതിനുദാഹരണമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

രാഹുൽ ഗാന്ധി എന്താണിവിടെ പറഞ്ഞത്? ഒരു ദേശീയ നേതാവെന്ന നിലയിലാണോ ഇവിടെ സംസാരിച്ചത്? കേരള മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ലേ എന്നാണല്ലോ ചോദിച്ചത്? എന്തടിസ്ഥാനനത്തിലാണാ ചോദ്യം? ഏതു കേസാണെനിക്കെതിരെ ഉള്ളത്? അതുപറയണ്ടേ വെറുതെവന്ന് എന്തെങ്കിലും പറഞ്ഞാൽമതിയോ? കോൺഗ്രസ് അവരുടെ ആഗ്രഹമാണ് പറയുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികൾ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്കുനേരെ വലിയ രീതിയിൽ വേട്ടയാടലുകൾ നടത്തുന്നുണ്ട്. അത് കോൺഗ്രസിന് നേരെയുമുണ്ടായിട്ടുണ്ട്. അവരിത്തരം കാര്യങ്ങളിൽ എടുക്കുന്ന സമീപനം എന്താണ്? അവർക്കു നേരെ വരുമ്പോൾ എതിർക്കും. മറ്റുപാർട്ടികൾക്കുനേരെ ആയാൽ അവർ അന്വേഷണ ഏജന്‍സികള്‍ക്കൊപ്പം നിൽക്കും. കെജ്‌രിവാളിന്റെ കേസ് അതിനുദാഹരണമാണ്. രാഹുൽഗാന്ധി നമ്മുടെ രാജ്യത്ത്‌ മത്സരിക്കേണ്ടത് ബിജെപി ശക്തി കേന്ദ്രങ്ങളിലാണ്. ബിജെപി ശക്തികേന്ദ്രങ്ങളായ പ്രദേശങ്ങൾ ധാരാളമുണ്ട്. അവിടെയാണ് രാഹുൽ ഏറ്റുമുട്ടേണ്ടത്. ഇവിടെ ഏറ്റുമുട്ടേണ്ടത് എൽഡിഎഫുമായിട്ടാണ്. ആ ധാരണയോടെ വരുന്നത് ശരിയണോ എന്നാണ് എൽഡിഎഫ് ഉയർത്തുന്ന ചോദ്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com