മുസ്ലിം ലീഗിനെ യുഡിഎഫില്‍ നിന്നും അടര്‍ത്തിയെടുക്കേണ്ട ഗതികേട് എല്‍ഡിഎഫിനില്ല: പിണറായി വിജയന്‍

പച്ചക്കൊടി ഉപയോഗിക്കാൻ കഴിയാത്ത വിഷയത്തിൽ സഹതാപാര്‍ഹമായ നിലയാണ് മുസ്ലിം ലീഗിന്‍റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
മുസ്ലിം ലീഗിനെ യുഡിഎഫില്‍ നിന്നും അടര്‍ത്തിയെടുക്കേണ്ട ഗതികേട് എല്‍ഡിഎഫിനില്ല: പിണറായി വിജയന്‍

കൊച്ചി: മുസ്ലിം ലീഗിനെ യുഡിഎഫില്‍ നിന്നും അടര്‍ത്തിയെടുക്കുകയെന്ന ഗതികേട് എല്‍ഡിഎഫിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ടര്‍ ചീഫ് എഡിറ്റര്‍ എം വി നികേഷ് കുമാറുമായുള്ള ക്ലോസ് എന്‍കൗണ്ടറിലായിരുന്നു പിണറായി വിജയന്റെ പ്രതികരണം. ലീഗിനെ ഇടതുപക്ഷത്തിനൊപ്പം കൂട്ടാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടോയെന്ന ചോദ്യത്തോടായിരുന്നു പിണറായി വിജയന്‍ പ്രതികരിച്ചത്.

'ലീഗിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്കങ്ങനെ യാതൊരു പ്രതീക്ഷയുമില്ല. ലീഗാണ് യുഡിഎഫിന്റെ നട്ടെല്ല്. ലീഗില്ലാത്തൊരു സംവിധാനത്തെക്കുറിച്ച് യുഡിഎഫിന് ആലോചിക്കാന്‍ പോലും പറ്റില്ല. അതിലങ്ങ് ഉറച്ച് നില്‍ക്കുന്ന നിലയാണ് ലീഗ് സ്വീകരിച്ച് പോരുന്നത്. അപ്പോള്‍ എല്ലാ സൗകര്യങ്ങളോടെയും അവിടെ നില്‍ക്കട്ടെ. അത് ആ നിലയ്ക്ക് നടക്കട്ടെ എന്ന് മാത്രമാണ് ഞങ്ങള്‍ കാണുന്നത്. എങ്ങനെയെങ്കിലും ലീഗിനെ അടര്‍ത്തിയെടുക്കുക എന്ന ഗതികെട്ട അവസ്ഥയൊന്നും എല്‍ഡിഎഫിനില്ല' പിണറായി വിജയന്‍ ചൂണ്ടിക്കാണിച്ചു.

വയനാട്ടില്‍ മുസ്ലിം ലീഗ് പതാക ഉപയോഗിക്കാന്‍ സമ്മതിക്കാത്ത വിഷയത്തിലും പിണറായി വിജയന്‍ പ്രതികരിച്ചു. ലീഗിന്റെ പതാക പാകിസ്താന്‍ പതാകയാണെന്ന ആക്ഷേപമാണല്ലോ അന്ന് ബിജെപി ഉയര്‍ത്തിയത്. അന്നതിനെ ശരിയായ രീതിയില്‍ നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറായോ? ഇന്ത്യയിലുള്ള രാഷ്ട്രീയ കക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ഞങ്ങളുടെ കൂടെയുണ്ട്. അവരുടെ പതാകയാണ് പാകിസ്താന്‍ പതാകയല്ല എന്ന് കോണ്‍ഗ്രസ് ഉറപ്പിച്ച് പറയേണ്ടതല്ലെ? അത് പറയാനുള്ള രാഷ്ട്രീയ ആര്‍ജ്ജവം അവര്‍ക്കുണ്ടായോ. എന്നാല്‍ ലീഗിന്റെ അവസ്ഥ ഒന്നാലോചിച്ച് നോക്ക്. സ്വന്തം പതാകപോലും എടുത്ത് നടക്കാന്‍ കഴിയില്ല എന്ന അവസ്ഥ ഒരു മുന്നണിക്കകത്ത് ഉണ്ടായി എന്ന് വരുമ്പോള്‍ എത്രവലിയ ഗതികേടിലാണ് അവർ. സഹതാപാര്‍ഹമായ നിലയാണ് ലീഗിന്റേതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

കേരളബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ ലീഗ് എംല്‍എ പി അബ്ദുള്‍ ഹമീദിനെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. അബ്ദുള്‍ ഹമീദിനെ ഉള്‍പ്പെടുത്തിയത് ഭരണപരമായ നടപടിയാണ്. കേരള ബാങ്കിന്റെ സംവിധാനം വരുമ്പോള്‍ മലപ്പുറത്ത് ലീഗിനാണ് സഹകരണ സ്ഥാപനങ്ങളില്‍ സ്വാധീനമുള്ളത്. അതിനാല്‍ തന്നെ ന്യായമായ പരിഗണിന നല്‍കിയാല്‍ ലീഗിന് സ്ഥാനം കൊടുക്കേണ്ടതുണ്ട്. അത് സ്വഭാവികമായ ഒന്നാണ്. ആ സ്ഥാനം കൂടി ഞങ്ങള്‍ പിടിച്ചെടുക്കുക എന്ന ഉദ്ദേശം ഞങ്ങള്‍ക്കില്ല. അത് അവര്‍ക്ക് അര്‍ഹതപ്പെട്ടതാണ് അതവര്‍ക്ക് കൊടുത്തുവെന്നേ കാണേണ്ടതുള്ളുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പാലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനവുമായി ബന്ധപ്പെട്ടുള്ള ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയോടും മുഖ്യമന്ത്രി പ്രതികരിച്ചു. ഇടി മുഹമ്മദ് ബഷീര്‍ പ്രസ്താവന നടത്തിയെന്നതൊക്കെ ശരിയാണ്. പക്ഷെ ലീഗ് യുഡിഎഫിന്റെ ഭാഗമാണ് അവിടെ നില്‍ക്കട്ടെ എന്ന മുന്‍നിലപാട് ആവര്‍ത്തിക്കുകയായിരുന്നു മുഖ്യമന്ത്രി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com