വോട്ടിന് 10,000 രൂപ, വാങ്ങുമ്പോള്‍ ദൈവമേയെന്ന് വിളിച്ചാല്‍ മതി; പന്ന്യന്‍ രവീന്ദ്രന്‍

10,000 രൂപ വരെയാണ് നല്‍കുന്നത്. അതിന് ചില ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പന്ന്യന്‍ രവീന്ദ്രന്‍.
വോട്ടിന് 10,000 രൂപ, വാങ്ങുമ്പോള്‍ ദൈവമേയെന്ന് വിളിച്ചാല്‍ മതി; പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തില്‍ പണാധിപത്യമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍. ചില വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കുകയാണ്. 10,000 രൂപ വരെയാണ് നല്‍കുന്നത്. അതിന് ചില ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

'മണ്ഡലത്തില്‍ അനാരോഗ്യമായ പണമൊഴുക്കുണ്ട്. വോട്ടര്‍മാര്‍ക്ക് പണം കൊടുക്കുന്നുവെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. പാവപ്പെട്ടവര്‍ പണം വാങ്ങിക്കോട്ടെ. പണം വാങ്ങുന്നവര്‍ ആദ്യം ദൈവത്തിന്റെ അടുത്തുപോയി പ്രാര്‍ത്ഥിക്കണം. 'ദൈവമേ, പെരുങ്കള്ളന്മാരുടെ കൈയ്യില്‍ നിന്നാണല്ലോ പണം വാങ്ങുന്നത്. വോട്ട് ചെയ്യുന്നത് ഇടതുമുന്നണിക്കാണേ' എന്ന്. പണം വാങ്ങിക്കോളൂ. പക്ഷേ വോട്ട് ഇടതുമുന്നണിക്ക് ചെയ്താല്‍ മതി. 10,000 വരെ ഒരു വോട്ടിന് കൊടുക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ഏജന്‍സിയും ഉണ്ട്. തെളിവില്ല. പക്ഷേ വകതിരിവുള്ളവരാണ് തിരുവനന്തപുരംകാര്‍. പണത്തിന്റെ ബലം കൊണ്ട് വിജയിക്കാന്‍ കഴിയില്ല. പണത്തിന്റെയും പരസ്യത്തിന്റെയും സ്വാധീനം വല്ലാതെ വേദനിപ്പിച്ചു.' റിപ്പോര്‍ട്ടര്‍ ടി വിയോടായിരുന്നു പന്ന്യന്‍ രവീന്ദ്രന്റെ പ്രതികരണം.

രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് എന്തെങ്കിലും സംഭവിക്കുമോയെന്ന ആശങ്കയുണ്ടെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ബാബറി മസ്ജിദ് തകര്‍ന്നപ്പോള്‍ ഒരു ചങ്കിടിപ്പ് ഉണ്ടായിരുന്നു. നമ്മുടെ നാടിന്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുകയല്ലേ. അവരുടെ ഹൃദയത്തിലുണ്ടാക്കിയ വേദന ചെറുതല്ല. അതില്‍ ശശിതരൂര്‍ മതേതര നിലപാടായിരുന്നു എടുക്കേണ്ടിയിരുന്നത്. മതേതര ഇന്ത്യയെ ഇന്ന് കാണുമ്പോഴുള്ള ദുഃഖം ചെറുതല്ല. ഇവിടെ ജനാധിപത്യം എവിടെ. ജനാധിപത്യത്തിന്റെ കേന്ദ്രങ്ങള്‍ അടിച്ചുപൊളിച്ചില്ലേ പ്രധാനമന്ത്രി ആര്‍എസ്എസ് വളണ്ടിയറാണ്. വോട്ടിന് വേണ്ടി എന്തും പറയും. കേരളത്തിന്റെ മുഖ്യമന്ത്രിയെ കുറിച്ച് പറയാന്‍ അവര്‍ക്ക് എന്താണ് അധികാരം. ഇന്ത്യ കണ്ട ഏറ്റവും വലിയ കോഴയാണ് ഇലക്ടറര്‍ ബോണ്ട്. 8661 കോടി കൈവശപ്പെടുത്തിയ പാര്‍ട്ടിയുടെ നേതാവല്ലേ മോദിയെന്നും പന്ന്യന്‍ രവീന്ദ്രന്‍ വിമര്‍ശിച്ചു.

ചൂട് കാലത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ 'വിപ്ലവകാരികള്‍ക്കെന്ത് വെയില്‍' എന്നായിരുന്നു പന്ന്യന്റെ പ്രതികരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com