വോട്ടാവേശം വാനോളം... പരസ്യപ്രചാരണം കഴിഞ്ഞു, ഇനി നിശബ്ദ പ്രചാരണം

വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. ജൂണ്‍ നാലിന് വോട്ടെണ്ണല്‍
വോട്ടാവേശം വാനോളം... പരസ്യപ്രചാരണം കഴിഞ്ഞു, ഇനി നിശബ്ദ പ്രചാരണം

കൊച്ചി: വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആവേശത്തില്‍ മുന്നണികളുടെ കൊട്ടിക്കലാശം. വരുന്ന മണിക്കൂറുകള്‍ വോട്ടുറപ്പിക്കാനുള്ള നിശബ്ദ പ്രചാരണത്തിലായിരിക്കും മുന്നണികള്‍. പരസ്യപ്രചാരണത്തിന്റെ അവസാനനിമിഷങ്ങളിലും ആത്മവിശ്വാസവും വാക്‌പോരുമായി സ്ഥാനാര്‍ത്ഥികള്‍ രംഗത്തുണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. ജൂണ്‍ നാലിന് വോട്ടെണ്ണല്‍.

കലാശക്കൊട്ടിനിടെ സംഘര്‍ഷമൊഴിവാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതോടൊപ്പം കലാശക്കൊട്ട് കേന്ദ്രങ്ങളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിശ്ചയിച്ച് നല്‍കിയിരുന്നു. ഇവിടങ്ങളില്‍ അത്യാവേശത്തോടെയായിരുന്നു മുന്നണികളുടെ പ്രകടനങ്ങളും റോഡ്‌ഷോകളും അരങ്ങേറിയത്.

നാല്‍പത് ദിവസത്തോളം നീണ്ട പരസ്യപ്രചാരണത്തിന് തിരശ്ശീല വീഴുമ്പോള്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ആവേശം അണപൊട്ടി. സ്ഥാനാര്‍ത്ഥികള്‍ ക്രെയിനുകളില്‍ കയറിയും കൂറ്റന്‍ ഫ്‌ളെക്‌സുകളും വാദ്യഅകമ്പടികളും കൊട്ടിക്കലാശത്തിന് ആവേശം പകര്‍ന്നു. ഇതിനിടെ ചിലയിടങ്ങളില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ വാക്കേറ്റമുണ്ടായി. ആറ്റിങ്ങലില്‍ സിപിഐഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.

ചെങ്ങന്നൂരില്‍ പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കവും ഉന്തും തള്ളും ഉണ്ടായി. പ്രവര്‍ത്തകരെ റോഡില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിന് കാരണം. തിരുവനന്തപുരം പേരൂര്‍ക്കടയില്‍ മഴ വില്ലനായെത്തിയെങ്കിലും മുന്നണികളുടെ ആവേശം ചോര്‍ന്നില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com