ലീഗ് വിരുദ്ധ പ്രസ്താവന; ഉമർ ഫൈസിയുടെ നിലപാട് സമസ്ത തള്ളിപ്പറയാത്തതിൽ മുസ്ലിം ലീഗിന് അമർഷം

തിരഞ്ഞെടുപ്പിൻ്റെ നിർണ്ണായക ഘട്ടത്തിൽ മുസ്ലിംലീഗിനെ പ്രതിരോധത്തിലാക്കുന്ന നിലപാടാണ് ഉമർ ഫൈസി മുക്കം സ്വീകരിച്ചിരിക്കുന്നതെന്നാണ് ലീഗിൻ്റെ വിലയിരുത്തൽ
ലീഗ് വിരുദ്ധ പ്രസ്താവന; ഉമർ ഫൈസിയുടെ നിലപാട് സമസ്ത തള്ളിപ്പറയാത്തതിൽ മുസ്ലിം ലീഗിന് അമർഷം

മലപ്പുറം: ഉമർ ഫൈസി മുക്കത്തിന്റെ ലീഗ് വിരുദ്ധ പ്രസ്താവനയിൽ മുസ്ലിംലീഗിനുള്ളിൽ അമർഷം പുകയുന്നു. ഉമർഫൈസിയുടെ പ്രസ്താവനകളിൽ സമസ്ത നേതൃത്വം വ്യക്തത വരുത്താത്ത പശ്ചാത്തലത്തിലാണ് ലീഗ്-സമസ്ത തർക്കം രൂക്ഷമായിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് ശേഷം സമസ്ത നേതൃത്വത്തിൽ നിന്നും ഉമർ ഫൈസിയെ നീക്കാനുള്ള ശ്രമങ്ങളും ലീഗിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായേക്കും.

സിഐസിയിൽ തുടങ്ങിയ സമീപകാല സമസ്ത-ലീഗ് തർക്കം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. സമസ്തയുടെ നയങ്ങൾക്ക് വിരുദ്ധമായാണ് സിഐസി പ്രവർത്തിക്കുന്നതെന്ന സമസ്ത നേതാക്കളുടെ നിലപാടായിരുന്നു അന്നത്തെ തർക്കത്തിൻ്റെ പ്രധാനകാരണം. സിഐസിയുടെ വിവിധ സമിതികളിൽ നിന്ന് സമസ്തയുടെ സംസ്ഥാന അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്‌ലിയാരും രാജിവെച്ചത് തർക്കം പൊട്ടിത്തെറിയിലേയ്ക്ക് എത്തിച്ചിരുന്നു. എന്നാൽ ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാണ്. തിരഞ്ഞെടുപ്പിൻ്റെ നിർണ്ണായക ഘട്ടത്തിൽ മുസ്ലിംലീഗിനെ പ്രതിരോധത്തിലാക്കുന്ന നിലപാടാണ് ഉമർ ഫൈസി മുക്കം സ്വീകരിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തൽ.

തിരഞ്ഞെടുപ്പിന്റെ നിർണായക സമയത്ത് പ്രതിസന്ധിയിലാക്കിയ മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിന് തിരിച്ചടി നൽകണമെന്നാണ നിലപാടിലാണ് ലീഗിലെ ഒരുവിഭാഗം. പിഎംഎ സലാമിനെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ഉമർ ഫൈസിയുടെ നിലപാടിനെതിരെയാണ് ലീഗിൽ ഒരുവിഭാഗത്തിന് പ്രതിഷേധമുള്ളത്. സലാമിനെ മാറ്റണമെന്ന് നിർദ്ദേശിക്കുന്ന ഉമർ ഫൈസി മുക്കത്തെ സമസ്ത സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കാൻ സമ്മർദ്ദം ചെലുത്തണമെന്നാണ് ഇക്കൂട്ടരുടെ ആവശ്യം. എന്നാൽ തിരഞ്ഞെടുപ്പ് വരെ സംയമനം പാലിക്കാനാണ് മുസ്ലിം ലീഗ് നേതൃത്വത്തിലെ ധാരണ.

പിഎംഎ സലാമിനൊപ്പം പാണക്കാട് കുടുംബത്തെ കൂടി വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു എന്ന പൊതുവികാരവും ലീഗിൽ ശക്തമാണ്. ലീഗ് വിരുദ്ധ നിലപാട് സ്വീകരിച്ച ഉമർ ഫൈസിയുടെ പ്രസ്താവനകളിൽ വ്യക്തത വരുത്താതെ സമസ്താ നേതൃത്വം മെല്ലെ പോക്ക് സ്വീകരിച്ചതോടെ നാസർ ഫൈസി കൂടത്തായിയിലൂടെയാണ് മറുപടി നൽകിയത്. അബ്ദുസമദ് സമദാനിക്ക് മുകളിൽ കെ എസ് ഹംസയെ ഉയർത്തി കാട്ടാനുള്ള നീക്കവും കല്ല് കടിയായി തുടരും. പ്രശ്ന പരിഹാരത്തിന് പണ്ഡിത നേതൃത്വം ഉടൻ ഇടപെട്ടില്ലെങ്കിൽ ലീഗ് സമസ്താ തർക്കം രൂക്ഷമാവുകയും തിരഞ്ഞെടുപ്പിനുശേഷം ദിശ മാറുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com