ഉമ‍ർ‌ ഫൈസി മുക്കത്തെ തള്ളി സമസ്ത; 'തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല'

ലീ​ഗുമായുള്ള ബന്ധത്തിൽ തകരാറുണ്ടാക്കുന്ന പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് സമസ്ത നേതൃത്വം
ഉമ‍ർ‌ ഫൈസി മുക്കത്തെ തള്ളി സമസ്ത; 'തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല'

മലപ്പുറം: സമസ്‌ത സെക്രട്ടറിയും മുശാവറ അംഗവുമായ ഉമ‍ർ ഫൈസി മുക്കത്തെ തള്ളി സമസ്ത നേതൃത്വം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സമസ്ത വാർത്താ കുറിപ്പിൽ പറഞ്ഞു. അനാവശ്യമായ പ്രചാരണങ്ങള്‍ ഒഴിവാക്കണം. സമസ്തയും ലീഗും, ഇരു സംഘടനകളുടെ അണികളും തമ്മിലുള്ള പ്രത്യേക ബന്ധത്തിന് തകരാറുണ്ടാക്കുകയും തെറ്റിദ്ധാരണകള്‍ പരത്തുകയും ചെയ്യുന്ന അനാവശ്യമായ പ്രചാരണങ്ങള്‍ എല്ലാവരും ഒഴിവാക്കണമെന്നാണ് സമസ്ത വാർത്താ കുറിപ്പിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

സമസ്ത അധ്യക്ഷൻ ജിഫ്‌രി തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ പി പി ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട് എന്നിവർ ചേർന്നാണ് വാർത്താ കുറിപ്പ് പുറത്തിറക്കിയത്. ഇരു സംഘടനകളും അണികളും തമ്മിലുള്ള പ്രത്യേക ബന്ധത്തിന് തകരാറുണ്ടാക്കരുതെന്നും തെറ്റിദ്ധാരണകള്‍ പരത്തുന്ന പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും സമസ്ത നേതൃത്വം ആവശ്യപ്പെട്ടു.

ബിജെപിയെ പുറത്താക്കാന്‍ ഏറ്റവും നല്ലത് ഇന്ത്യാ മുന്നണിയാണെന്നും ഇന്ത്യാ മുന്നണിയില്‍ ഫാസിസത്തെ ഏറ്റവും ശക്തമായി നേരിടുന്നത് ഇടത് മുന്നണിയാണെന്നും കഴിഞ്ഞ ദിവസം ഉമ‍ർ ഫൈസി മുക്കം പറഞ്ഞിരുന്നു. പൊന്നാനിയിലെ സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കെ എസ് ഹംസ സമസ്തക്കാരന്‍ തന്നെയാണെന്ന് പറഞ്ഞ അ​ദ്ദേഹം സമസ്തയുടെ ഭൂരിഭാഗം ആളുകളുടെയും പിന്തുണ ഇടത് മുന്നണിക്കാണെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ മുസ്ലിം ലീ​ഗും സമസ്തയും തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണം പിഎംഎ സലാമാണെന്നും സലാമിനെ മുസ്ലിം ലീ​ഗ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com