മോദിയുടേത് പച്ചയായ ആക്ഷേപം, എന്നിട്ടും കമാന്നൊരക്ഷരം തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞില്ല: മുഖ്യമന്ത്രി

'തിരഞ്ഞെടുപ്പ് കമ്മീഷൻ അതിൻ്റെ നിഷ്പക്ഷത ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ഘട്ടമാണിത്'
മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ: പ്രധാനമന്ത്രി വിഷലിപ്തമായ വർഗീയ പ്രചാരണത്തിന് നേതൃത്വം നൽകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി വർഗീയ കാർഡിറക്കി കളിക്കുകയാണ്. പ്രത്യേക മതവിഭാഗത്തിനെതിരെ പ്രധാനമന്ത്രി പച്ചയായി ആക്ഷേപം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ അതിൻ്റെ നിഷ്പക്ഷത ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ഘട്ടമാണിത്. എന്നിട്ടും കമാ എന്നൊരക്ഷരം കമ്മീഷൻ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. കേന്ദ്ര സർക്കാരിൻ്റെ ഉന്നതർ ചട്ടലംഘനം നടത്തിയപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഒന്നും എടുത്തില്ലെന്നും പിണറായി വിജയന്‍ ആരോപിച്ചു.

രാഹുല്‍ ഗാന്ധിക്കെതിരെയുള്ള വിമർശനം മുഖ്യമന്ത്രി ആവർത്തിച്ചു. രാഹുൽ ഗാന്ധിക്ക് നല്ല മാറ്റം വന്നു എന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. എന്നാൽ ഇപ്പോൾ രാഹുലിൻ്റെ നിലപാട് രാഷ്ട്രീയ നേതാവിന് പറ്റിയ രീതിയല്ല. പഴയ പേരിലേക്ക് രാഹുല്‍ മാറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിഎന്‍എ പരിശോധിച്ച് രാഹുലിൻ്റെ പാരമ്പര്യം ഉറപ്പാക്കണമെന്ന പി വി ആന്‍വറിന്‍റെ പ്രസ്തവനയോട് രാഹുൽ പറയുമ്പോൾ തിരിച്ച് കിട്ടും എന്ന് ആലോചിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാഹുലിന് മൗനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൂരം വിവാദത്തില്‍ ഗൗരവമായ അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ സർക്കാരിന് പരിമിതികൾ ഉണ്ട്. തുടക്കം മുതലേ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഉണ്ടായ പ്രശ്നങ്ങൾ ഗൗരവമായി കാണുന്നു. പ്രത്യക്ഷത്തിൽ വീഴ്ച ഉണ്ടായ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കും. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com