'അൻവർ ഗോഡ്സെയുടെ പുതിയ അവതാരം'; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്ന് എം എം ഹസ്സൻ

ജനപ്രതിനിധിയെന്ന നിലയിൽ ഒരിക്കലും നാവിൽ നിന്ന് വീഴാൻ പാടില്ലാത്ത പരാമർശമാണ് അൻവർ നടത്തിയതെന്നും ഹസ്സന്‍
'അൻവർ ഗോഡ്സെയുടെ പുതിയ അവതാരം'; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്ന് എം എം ഹസ്സൻ

തിരുവനന്തപുരം: രാഹുൽഗാന്ധി എംപിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ നിലമ്പൂർ എംഎൽഎ പി വി അൻവറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസ്സൻ. നെഹ്റു കുടുംബത്തെയും രാഹുൽഗാന്ധിയെയും നികൃഷ്ടമായ ഭാഷയിൽ അപമാനിച്ച അൻവറിനെതിരെ പൊലീസ് അടിയന്തരമായി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി വി അൻവർ ഗോഡ്സെയുടെ പുതിയ അവതാരമാണ്. ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ വെടിയുണ്ടകളെക്കാൾ മാരകമാണ് അൻവറിന്റെ വാക്കുകൾ. ജനപ്രതിനിധിയെന്ന നിലയിൽ ഒരിക്കലും നാവിൽ നിന്ന് വീഴാൻ പാടില്ലാത്ത പരാമർശമാണ് അൻവർ നടത്തിയത്. മുഖ്യമന്ത്രിയുടെ ചാവേറായാണ് പിവി അൻവർ പ്രവർത്തിക്കുന്നത്. രാഹുൽഗാന്ധിക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുന്ന പിണറായി വിജയൻ, ഈ അപമാന പ്രസംഗം സ്വയം പറയാതെ പിവി അൻവറിനെക്കൊണ്ട് പറയിച്ചതാണെന്നും ഹസ്സൻ ചൂണ്ടിക്കാട്ടി.

രാഹുലിന്റെ ഡിഎന്‍എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണമെന്നായിരുന്നു പി വി അന്‍വറിന്റെ പരാമര്‍ശം. ഗാന്ധി എന്ന പേര് കൂടെ ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ ഗാന്ധി എന്നും പി വി അന്‍വര്‍ വിമർശിച്ചിരുന്നു.

'നെഹ്‌റു കുടുംബത്തില്‍ ഇങ്ങനെയൊരു മനുഷ്യന്‍ ഉണ്ടാവുമോ? നെഹ്‌റു കുടുംബത്തിന്റെ ജെനിറ്റിക്‌സില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ? എനിക്ക് ആ കാര്യത്തില്‍ നല്ല സംശയമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍.' പി വി അന്‍വര്‍ പറഞ്ഞു. പാലക്കാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു പി വി അന്‍വര്‍. രാഹുല്‍ ഗാന്ധി മോദിയുടെ ഏജന്റ് ആണോയെന്ന് സംശയിക്കണമെന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com