കേരളത്തില്‍ യുഡിഎഫിന് 20-20; മുഖ്യമന്ത്രിയുടെ തല പരിശോധിക്കണം: വി ഡി സതീശന്‍

തൃശ്ശൂരില്‍ ബിജെപിക്ക് മൈലേജ് ഉണ്ടാക്കാനുള്ള ശ്രമമാണ് വെടിക്കെട്ട് പ്രശ്‌നത്തിലൂടെയുണ്ടായത്
കേരളത്തില്‍ യുഡിഎഫിന് 20-20; മുഖ്യമന്ത്രിയുടെ തല പരിശോധിക്കണം: വി ഡി സതീശന്‍

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മുഴുവന്‍ സീറ്റിലും യുഡിഎഫ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദേശീയ തലത്തില്‍ വിസ്മയകരമായ മാറ്റം ഉണ്ടാവുമെന്നും വി ഡി സതീശന്‍ പറഞ്ഞു. കേരളത്തില്‍ മോദിയും പിണറായിയും ഒരു സ്വരത്തിലാണ് സംസാരിക്കുന്നത്. രണ്ട് പേരും വിമര്‍ശിക്കുന്നത് രാഹുല്‍ ഗാന്ധിയെയാണ്. രാഹുല്‍ ഒളിച്ചോടിയെന്ന് മോദി പറയുമ്പോള്‍ പിണറായി അത് ആവര്‍ത്തിക്കുന്നു. ആര് എവിടെ മത്സരിക്കണം എന്ന് തീരുമാനിക്കുന്നത് കോണ്‍ഗ്രസ് ആണെന്നും വി ഡി സതീശന്‍ പറഞ്ഞു.

'എന്‍റെ സമനില തെറ്റിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നവ കേരളസദസ്സിന്റെ സമയത്ത് സമനില തെറ്റിയെന്ന് ഒന്‍പത് തവണയാണ് മുഖ്യമന്ത്രി പറഞ്ഞത്. ആര് എതിര്‍ത്താലും അവരുടെ സമനിലതെറ്റിയെന്ന് മുഖ്യമന്ത്രി പറയും. തന്നെ വിമര്‍ശിക്കുന്ന എല്ലാവരുടെയും സമനില തെറ്റി എന്ന് പറയുന്ന ആളുടെ തലയാണ് പരിശോധിക്കേണ്ടത്.' വി ഡി സതീശന്‍ പറഞ്ഞു.

പൗരത്വനിയമം ഇല്ലാതാക്കുമെന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും പറഞ്ഞു. എന്നിട്ടും ഇതേ കാര്യത്തില്‍ മുഖ്യമന്ത്രി നുണ പറയുകയാണ്. മുസ്ലിം വോട്ട് കിട്ടാനുള്ള ശ്രമമാണ് നിരന്തരം നടക്കുന്നത്. കേരളത്തില്‍ ഇസ്ലാമോഫോബിയ നടത്തിയത് ആരാണെന്നും വി ഡി സതീശന്‍ ചോദിച്ചു.

'ഇടത് ഇല്ലെങ്കില്‍ ഇന്ത്യയില്ല' എന്ന് പറയുന്നവര്‍ എന്നാണ് ഇന്ത്യയെ അംഗീകരിച്ചിട്ടുള്ളത്. മലപ്പുറത്തിന് വര്‍ഗീയ മനസ്സാണ് എന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞതിനെ മുഖ്യമന്ത്രി എതിര്‍ത്തോ? മോദിക്ക് എതിരെ പറഞ്ഞാല്‍ പിണറായിയുടെ പൊലീസ് കേസെടുക്കുകയാണ്. സംഘപരിവാറിനെക്കാള്‍ കൂടുതല്‍ ഗാന്ധിയെയും നെഹ്‌റുവിനെയും എതിര്‍ത്തത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ന്യൂനപക്ഷങ്ങളെ രക്ഷിക്കാന്‍ എല്‍ഡിഎഫ് മാത്രമാണെന്നാണ് പരസ്യം. ആകെ മത്സരിക്കുന്നത് 19 സീറ്റിലാണ്. എന്നിട്ടാണോ ഇവര്‍ ന്യൂനപക്ഷത്തെ സമീപിക്കുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു. രാഹുല്‍ സംസാരിച്ച 40 മിനിറ്റില്‍ 38 മിനിറ്റും മോദിക്കെതിരെയാണ് എന്നും വി ഡി സതീശന്‍ പറഞ്ഞു.

വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജ കൊണ്ടുവന്ന നുണ ബോംബ് പൊട്ടി ചീറ്റി പോയെന്നും വി ഡി സതീശന്‍ പരിഹസിച്ചു. സ്ഥാനാര്‍ത്ഥി കൊടുത്ത പരാതിയുടെ പകര്‍പ്പ് തന്റെ പക്കലുണ്ട്. മോര്‍ഫ് ചെയ്ത വീഡിയോ ഇല്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. പരാതിയില്‍ വീഡിയോ എന്ന് പറയുന്നുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

'എന്റെ അച്ഛനെ വരെ ചീത്ത വിളിച്ചു. ഷാഫിയുടെ ഉമ്മ വരെ ചീത്ത കേട്ടു. വീഡിയോയുടെ പേരില്‍ എടുത്ത മുഴുവന്‍ കേസുകളും പിന്‍വലിക്കണം. ഷാഫി പറമ്പില്‍ അപമാനിക്കപ്പെട്ടു. വൈകാരിക തരംഗം ഉണ്ടാക്കാന്‍ ശ്രമിച്ച നുണ ബോംബ് ആയിരുന്നു അത്. ഇതിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിന് ഇരയായത് കോണ്‍ഗ്രസ് ആണ്. അശ്‌ളീല വീഡിയോ എന്ന് എംവി ഗോവിന്ദൻ പറഞ്ഞു. വൃന്ദാ കാരാട്ട് സെക്‌സിസ്റ്റ് വീഡിയോ എന്നാണ് എക്സി ൽ പോസ്റ്റ് ഇട്ടത്' എന്നും വി ഡി സതീശന്‍ പറഞ്ഞു.

തൃശ്ശൂരില്‍ ബിജെപിക്ക് മൈലേജ് ഉണ്ടാക്കാനുള്ള ശ്രമമാണ് വെടിക്കെട്ട് പ്രശ്‌നത്തിലൂടെയുണ്ടായത്. രണ്ടു മന്ത്രിമാര്‍ ഉള്ളപ്പോളാണ് ഈ വൃത്തികേടുകള്‍ നടന്നത്. ഇപ്പോള്‍ കമ്മീഷണര്‍ ആയി കുറ്റക്കാരന്‍. മന്ത്രിമാരേക്കാള്‍ മുകളില്‍ ആണോ കമ്മീഷണര്‍. തൃശൂരിലും മറ്റിടങ്ങളിലും സിപിഐഎം-ബിജെപി അന്തര്‍ധാര ഉണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com