പെരുവയലിൽ ആളുമാറി വോട്ട് ചെയ്ത സംഭവം; നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തു

എൽഡിഎഫ് ഏജൻ്റ് എതിർത്തിട്ടും ഉദ്യോസ്ഥർ ആളുമാറി വീട്ടിൽ വോട്ട് ചെയ്യിപ്പിച്ചതെന്നാണ് പരാതി ഉയർന്നത്
പെരുവയലിൽ ആളുമാറി വോട്ട് ചെയ്ത സംഭവം; നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ്  കേസെടുത്തു

കോഴിക്കോട്: പെരുവയലിൽ ആളുമാറി വോട്ട് ചെയ്തതിൽ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വീട്ടിലെത്തി വോട്ടുചെയ്യുന്ന സംവിധാനത്തിൽ ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് ബൂത്ത് സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍, മൈക്രോ ഒബ്‌സര്‍വര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കലക്ടറുടെ നിർദേശപ്രകാരമാണ് നടപടി. മാവൂർ പൊലീസാണ് കേസെടുത്തത്. ഇവരെ കലക്ടർ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. ജനപ്രാതിനിധ്യ നിയമം (ആര്‍പി ആക്ട്) 134 വകുപ്പ് പ്രകാരമായിരുന്നു നടപടി. പ്രസ്തുത വിഷയത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാനാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയത്. പെരുവയലിലെ 84-ാം ബൂത്തിലെ വോട്ടറായ 91കാരി ജാനകിയമ്മ പായുംപുറത്തിന്റെ വോട്ട് മറ്റൊരു വോട്ടറായ 80കാരി ജാനകിയമ്മ കൊടശ്ശേരി ചെയ്യാനിടയായ സംഭവത്തിലാണ് നടപടി. എൽ ഡി എഫ് ഏജൻ്റ് എതിർത്തിട്ടും ഉദ്യോസ്ഥർ ആളുമാറി വീട്ടിൽ വോട്ട് ചെയ്യിപ്പിച്ചതെന്നാണ് പരാതി ഉയർന്നത്.

പെരുവയലില്‍ എല്‍ഡിഎഫ് ഏജന്റ് എതിര്‍ത്തിട്ടും ആളുമാറി 'വീട്ടില്‍ വോട്ട്' ചെയ്യിപ്പിച്ചുവെന്നായിരുന്നു പരാതി. വിവാദമായതോടെ ബൂത്ത് ലെവല്‍ ഓഫിസര്‍ പായുംപുറത്ത് ജാനകി അമ്മയുടെ വീട്ടിലെത്തിയിരുന്നു. തെറ്റ് പറ്റിയെന്നും പരാതി നല്‍കരുതെന്നും ബൂത്ത് ലെവല്‍ ഓഫീസര്‍ വീട്ടില്‍ വന്ന് അഭ്യര്‍ഥിച്ചെന്ന് ജാനകി അമ്മ പായുംപുറത്ത് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു.

വോട്ട് ചെയ്യാന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും വീട്ടില്‍ ഉദ്യോഗസ്ഥര്‍ വന്നപ്പോള്‍ വോട്ട് ചെയ്‌തെന്നുമായിരുന്നു ജാനകി അമ്മ കൊടശേരി പ്രതികരിച്ചത്. പരാതികളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വോട്ട് രേഖപ്പെടുത്തിയശേഷം കൈവിരലില്‍ പുരട്ടിയ മഷി സ്വയം മായിച്ചു കളഞ്ഞന്നും ജാനകി അമ്മ കൊടശേരി പറഞ്ഞിരുന്നു. സംഭവത്തില്‍ എല്‍ഡിഎഫ് നേതൃത്വം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com