ഡിഎഫ്ഒ ഷജ്‌നയോട് വിശദീകരണം ചോദിച്ചിരുന്നു; സസ്പെൻഷൻ റദ്ദാക്കാൻ മന്ത്രി പറഞ്ഞ കാരണങ്ങൾ കളവ്

ഷജ്നയുടെ സസ്പെൻഷൻ റദ്ദാക്കിയ സംഭവത്തിൽ വൻ അട്ടിമറി നടന്നതിൻ്റെ തെളിവുകൾ റിപ്പോർട്ടറിന് ലഭിച്ചു
ഡിഎഫ്ഒ ഷജ്‌നയോട് വിശദീകരണം ചോദിച്ചിരുന്നു;  സസ്പെൻഷൻ റദ്ദാക്കാൻ മന്ത്രി പറഞ്ഞ കാരണങ്ങൾ കളവ്

തിരുവനന്തപുരം: സുഗന്ധഗിരി മരംകൊള്ളയിൽ ഡിഎഫ്ഒ ഷജ്നയുടെ സസ്പെൻഷൻ റദ്ദാക്കിയ സംഭവത്തിൽ വൻ അട്ടിമറി നടന്നതിൻ്റെ തെളിവുകൾ പുറത്ത്. ഡിഎഫ്ഒക്കെതിരായ സസ്പെൻഷൻ 24 മണിക്കൂർ പിന്നിടുന്നതിന് മുമ്പ് സർക്കാർ പിൻവലിച്ചിരുന്നു. ഷജ്ന ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കാതിരുന്നതിനാലാണ് സസ്പെൻഷൻ റദ്ദാക്കിയതെന്നായിരുന്നു സർക്കാരിൻ്റെ വിശദീകരണം. എന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചതിൻ്റെ രേഖകള്‍ റിപ്പോർട്ടറിന് ലഭിച്ചു.

ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ച് പുറത്തിറക്കിയ മെമ്മോ മൂന്ന് മണിക്കൂറിനകം റദ്ദാക്കുകയായിരുന്നു. ഇതിൻ്റെ രേഖയും റിപ്പോർട്ടറിന് ലഭിച്ചു. ഇതോടെ ഡിഎഫ്ഒ ഷജ്നയുടെ സസ്പെൻഷൻ റദ്ദാക്കുന്നതിന് വേണ്ടി വൻഅട്ടിമറി നടന്നതിൻ്റെ തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്. വിശദീകരണം ചോദിച്ച് മണിക്കൂറുകൾക്കകം ഉന്നത ഉടപെടൽ നടക്കുകയും വിശദീകരണ മെമ്മോയും പിന്നീട് സസ്പെൻഷൻ ഉത്തരവും പിൻവലിക്കുകയായുമായിരുന്നു. വിശദീകരണം ചോദിച്ചില്ലെന്നാണ് സസ്പെൻഷൻ റദ്ദാക്കാനുള്ള കാരണമായി അത് സംബന്ധിച്ച ഉത്തരവിൽ ചൂണ്ടിക്കാണിച്ചിരുന്നത്. വിശദീകരണം ചോദിക്കാത്തതിനാലാണ് സസ്പെൻഷൻ റദ്ദാക്കിയതെന്നായിരുന്നു വനംമന്ത്രിയും വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന തെളിവുകൾ ഈ വാദങ്ങളെല്ലാം കളവാണെന്ന് കൂടിയാണ് തെളിയിക്കുന്നത്.

വിശദീകരണം ചോദിച്ച് കൊണ്ടുള്ള മെമ്മോ നൽകിയതും റദ്ദാക്കിയതും ഒരേ ദിവസമാണ്. വിശദീകരണം ചോദിച്ചതും പിന്നീട് അത് റദ്ദാക്കിയതും ഒരേ ഉദ്യോഗസ്ഥൻ തന്നെയാണ്. പ്രമോദ് ജി കൃഷ്ണൻ ഐഎഫ്എസ് ആണ് വിശദീകരണ മെമ്മോ ഇറക്കിയതും റദ്ദാക്കിയതും. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററാണ് പ്രമോദ്. എന്തിൻ്റെ അടിസ്ഥാനത്തിലാണ് വിശദീകരണ മെമ്മോ റദ്ദാക്കുന്നതെന്ന വിവരം ഫയലിൽ ഇല്ല. ഏപ്രിൽ 17നായിരുന്നു ഡിഎഫ്ഒ ഷജ്നയോട് വിശദീകരണം ചോദിച്ചത് അന്നേ ദിവസം തന്നെ മൂന്ന് മണിക്കൂറിനകം വിശദീകരണ മെമ്മോ റദ്ദാക്കി. ഫീൽഡ് പരിശോധന നടത്താത്തതിനാൽ മരം മുറി തടയാനായില്ല. കേസ് എടുത്ത ശേഷവും മരം കടത്തി കൊണ്ടുപോയി. 91 മരങ്ങൾ നഷ്ടപ്പെടാനിടയാക്കി. വിശദീകരണം നൽകണം, തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടിയെടുക്കുമെന്നായിരുന്നു ഷജ്നയ്ക്ക് നൽകിയ വിശദീകരണ മെമ്മോയിൽ ചൂണ്ടിക്കാണിച്ചിരുന്നത്.

സൗത്ത് വയനാട് ഡിവിഷനിലെ കല്‍പ്പറ്റ റെയ്ഞ്ചിലെ സുഗന്ധഗിരി നിക്ഷിപ്ത വനഭൂമിയില്‍ നിന്നും അനധികൃതമായി മരങ്ങള്‍ മുറിച്ച് മാറ്റിയതുമായി ബന്ധപ്പെട്ട് സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്‌നയുടെ ഭാഗത്ത് നിന്നുള്ള മേല്‍നോട്ട വീഴ്ചയ്ക്ക് വിശദീകരണം ആവശ്യപ്പെട്ട് കൊണ്ട് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ഈ വിഷയത്തിലെ തുടര്‍നടപടികള്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരുടെ നിയമനാധികാരിയായ സര്‍ക്കാര്‍ തലത്തില്‍ നിന്നും ആരംഭിക്കേണ്ടതുള്ളതിനാല്‍ ഈ ഓഫീസില്‍ നിന്നും നല്‍കിയ മെമ്മോ സാങ്കേതികമായി റദ്ദാക്കിയ വിവരം അറിയിച്ചു കൊള്ളുന്നുവെന്നാണ് മെമ്മോ പിന്‍വലിച്ചു കൊണ്ടുള്ള സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്.

സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്‌നയോട് വിശദീകരണം ചോദിച്ചിരുന്നുവെന്നും മണിക്കൂറുകൾക്കകം അത് പിൻവലിച്ചിരുന്നുവെന്നാണ് ഇതോടെ വ്യക്തമാകുന്നത്. വസ്തുത ഇതായിരിക്കെ വിശദീകരണം ചോദിക്കാത്തതിനാലാണ് സസ്പെൻഷൻ പിൻവലിച്ചതെന്ന വകുപ്പ് മന്ത്രിയുടെ വാദം കൂടിയാണ് പൊളിയുന്നത്. ഷജ്‌നക്കെതിരായ നടപടി റദ്ദാക്കാൻ ഉന്നതതല ഇടപെടൽ നടന്നുവെന്നതിനെ കൂടിയാണ് ദുരൂഹമായ ഈ നടപടി ക്രമങ്ങൾ സാധൂകരിക്കുന്നത്. ഷജ്‌നയ്ക്ക് പുറമേ കൽപറ്റ ഫ്‌ളയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ എം സജീവന്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബീരാന്‍കുട്ടി എന്നിവര്‍ക്കെതിരായ നടപടിയും മരവിപ്പിച്ചിരുന്നു.

സുഹൃത്തും ലക്ഷദ്വീപ് എംപിയുമായ എൻസിപി നേതാവ് ഷജ്നെയെ രക്ഷിക്കാൻ ഇടപെട്ടുവെന്ന് കൂടിയാണ് ഇതോടെ വ്യക്തമാകുന്നത്. എൻസിപി ദേശീയ നേതൃത്വവും സംസ്ഥാന പ്രസിഡൻ്റ് പി സി ചാക്കോയും ഷജ്നയുടെ സസ്പെൻഷൻ പിൻവലിക്കാൻ വനംമന്ത്രിയുടെ മേൽ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണത്തെയും നിലവിൽ പുറത്ത് വന്ന തെളിവുകൾ സാധൂകരിക്കുന്നുണ്ട്.

സുഗന്ധഗിരി മരംകൊള്ള നടന്നത് വനംവകുപ്പ് ജീവനക്കാരുടെ ഒത്താശയോടെയെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് നേരത്തെ റിപ്പോർട്ടര്‍ ടിവി പുറത്ത് വിട്ടിരുന്നു. ഡോ. എൽ ചന്ദ്രശേഖരൻ ഐഎഫ്എസിൻ്റേതാണ് റിപ്പോർട്ട്. ഫോറസ്റ്റ് വിജിലൻസ് ആൻ്റ് ഇൻ്റലിജൻസിൻ്റെ ചുമതലാണ് ചന്ദ്രശേഖരനുള്ളത്. സുഗന്ധഗിരിയിലേത് ഇപ്പോഴും വനഭൂമിയാണെന്നും ആദിവാസികൾക്ക് പതിച്ച് നൽകിയിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മരംമുറി പൂർണമായും അനധികൃതമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഡിഎഫ്ഒ ഷജ്ന അടക്കം 17 ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഫോറസ്റ്റ് വാച്ചറായ ജോൺസൺ 52000 രൂപ കൈക്കൂലി വാങ്ങിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.

ജീവനും സ്വത്തിനും ഭീഷണിയെന്ന് പറഞ്ഞ് 20 മരം മുറിക്കാൻ അനുമതി നൽകി. ഇതിൽ തന്നെ വെറും മൂന്ന് മരങ്ങളാണ് ഭീഷണിയായി ഉള്ളത്. 20 മരങ്ങളുടെ മറവിൽ 107 മരങ്ങളാണ് മുറിച്ചുകടത്തിയത്. പരിശോധന നടത്താതെയാണ് മഹസ്സർ രേഖപ്പെടുത്തിയത്. ഓഫീസിലിരുന്നാണ് മഹസ്സർ തയ്യാറാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഗുരുദാസൻ എന്നയാൾ കരാർ ലംഘനം നടത്തി. സുഗന്ധഗിരിയിൽ നിന്ന് കോഴിക്കോട്ടേക്കും വരദൂരിലേക്കും വൈത്തിരിയിലേക്കും മരം കൊണ്ടു പോയി. ഉദ്യോഗസ്ഥർ അനധികൃതമായി പാസ്സ് നൽകി. പാസ്സിൽ സർക്കാർ മുദ്ര പതിച്ചില്ല. ഡിഎഫ്ഒ ഷജ്ന ഫീൽഡ് പരിശോധന നടത്തിയില്ലെന്നും റേഞ്ച് ഓഫീസർ നീതു ഗുരുതര കുറ്റം ചെയ്തുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അനധികൃത മരംമുറി കണ്ടെത്തുന്നതിൽ ഇരുവരും പരാജയപ്പെട്ടു. നഷ്ടപ്പെട്ട മരവും വാഹനവും ഇനിയും കണ്ടെത്താനുണ്ട്. ജീവനക്കാരുടെ ഭൂമിയിലും മരംമുറി നടന്നു. കൽപറ്റ സെക്ഷനിലെ എല്ലാ ജീവനക്കാരും വനം സംരക്ഷിക്കുന്നതിൽ പരാജയമാണ്. ഫോറസ്റ്റ് വാച്ചർ ജോൺസൺ മരംമുറി ആസൂത്രണം നടത്തിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിരുന്നു.

സെക്ഷനിലെ ജീവനക്കാർ മൊത്തം ഇതിന് കൂട്ടുനിന്നു. ഫ്ലൈയിംഗ് സ്ക്വാഡ് പൂർണ പരാജയമാണ്. ജോൺസണും കെ കെ ചന്ദ്രനും ഗുരുതര കുറ്റം ചെയ്തു. ഡിഎഫ്ഒ ഷജ്ന കേസ് എടുത്ത ശേഷവും ഗൗരവത്തിലെടുത്തില്ല. ജാഗ്രതയോടെ പ്രവർത്തിച്ചില്ലെന്നും മുറിച്ച കുറ്റികൾ യഥാസമയം കണ്ടെത്താനായില്ലെന്നും ഇതിൽ പറയുന്നു. ഇത് കുറ്റവാളികൾക്ക് തുടർന്നും മരംവെട്ടാൻ അവസരമായി. ഡിഎഫ്ഒയുടെ ഭാഗത്ത് നിന്ന് മേൽനോട്ട വീഴ്ചയുണ്ടായി. ഡിഎഫ്ഒ യോട് വിശദീകരണം ചോദിച്ച് നടപടി എടുക്കണമെന്നും പ്രതിചേർത്ത കൈവശക്കാരെ സാക്ഷികളാക്കണമെന്നും വ്യക്തമാക്കുന്നു. ഫോറസ്റ്റ് വാച്ചർ ജോൺസണെ പ്രതിചേർക്കണം. ജോൺസണെതിരെയും ചന്ദ്രനെതിരെയും വിജിലൻസ് അന്വേഷണം വേണം. മഹസ്സറിലെ ന്യൂനത പരിഹരിച്ച് കേസ് രജിസ്റ്റർ ചെയ്യണം. പാസ്സിൽ ഓൺലൈൻ സംവിധാനം കൊണ്ടുവരണം. പാസ്സ് ഇടയ്ക്കിടെ ഫോറസ്റ്റ് വിജിലൻസ് പരിശോധന നടത്തണം. ഡിഎഫ്ഒ ഷജ്ന, റേഞ്ച് ഓഫീസർ നീതു എന്നിവർക്കെതിരെ അച്ചടക്ക നടപടി വേണമെന്നും നീതുവിനെ സർവീസിൽ നിന്ന് മാറ്റി നിർത്തണമെന്നും അന്വേഷണ റിപ്പോർട്ട് ശുപാർശ ചെയ്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com