സുപ്രഭാതം പത്രം കത്തിച്ച സംഭവം; അപലപനീയമെന്ന് എസ്‌കെഎസ്‌എസ്‌എഫ്

സമസ്തയെ ശക്തിപ്പെടുത്തുന്ന സുപ്രഭാതത്തെ തകർക്കാനുള്ള നീക്കമാണിതെന്നും സംഘടന പറഞ്ഞു
സുപ്രഭാതം പത്രം കത്തിച്ച സംഭവം; അപലപനീയമെന്ന് എസ്‌കെഎസ്‌എസ്‌എഫ്

മലപ്പുറം: സമസ്ത മുഖപത്രമായ സുപ്രഭാതം കത്തിച്ച സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനയായ എസ്‌കെഎസ്‌എസ്‌എഫ്. സുപ്രഭാതം കത്തിച്ച സംഭവം അപലപനീയവും, പ്രതിഷേധാർഹവുമെന്ന് എസ്കെഎസ്എസ്എഫ് ആരോപിച്ചു. സമസ്തയെ ശക്തിപ്പെടുത്തുന്ന സുപ്രഭാതത്തെ തകർക്കാനുള്ള നീക്കമാണിതെന്നും സംഘടന പറഞ്ഞു. സുപ്രഭാതത്തെ സാമ്പത്തികമായി തകർക്കുക എന്നതാണ് അജണ്ട. എല്ലാ ജനാധിപത്യ പാർട്ടികളുടെയും വാർത്തകളും വിവരങ്ങളും സുപ്രഭാതം എക്കാലവും നൽകിയിട്ടുണ്ട്. മുൻകാലങ്ങളിലും ഇത്തരം പരസ്യം സുപ്രഭാതം നൽകിയിട്ടുണ്ട്. മാനേജ്‌മെന്റ് പോളിസി അനുസരിച്ചാണ് പരസ്യം നൽകുന്നത്. ഹീന പ്രവർത്തനങ്ങൾ ചെയ്യുന്ന സാമൂഹിക ദ്രോഹികളെ കരുതിയിരിക്കണമെന്നും എസ്‌കെഎസ്‌എസ്‌എഫ് തിരൂരങ്ങാടി മേഖല കമ്മിറ്റി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

പത്രം കത്തിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനകം ചർച്ചയായിരുന്നു. പ്രതിഷേധാര്‍ഹമായി സുപ്രഭാതം കത്തിക്കുകയാണെന്നും മുസ്ലിംലീഗ് നേതാവാണ് ഇത് ചെയ്തതെന്നും പറയുന്നത് പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമായി കേൾക്കാം. എല്‍ഡിഎഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചതിനാണ് സുപ്രഭാതം പത്രം കത്തിച്ചതെന്നാണ് ആരോപണം.

പിന്നില്‍ മുസ്ലീം ലീഗാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ഹംസ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ചിത്രം വച്ചതിനാണ് പത്രം കത്തിച്ചതെന്നും ഹംസ കൂട്ടിച്ചേര്‍ത്തു. അതേസമയം പത്രം കത്തിച്ചയാള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് മുസ്ലീം ലീഗ് പ്രതികരിച്ചു. സുപ്രഭാതത്തിലെ ഇടത് മുന്നണി പരസ്യത്തിൽ തെറ്റില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. കച്ചവടത്തിൻ്റെ ഭാഗമാണത്. സിപിഐഎമ്മുമായി കച്ചവട ബന്ധം വേണമോയെന്ന് തീരുമാനിക്കേണ്ടത് സമസ്തയാണെന്നും അതേ പരസ്യം ചന്ദ്രികയിൽ വരില്ലെന്നും പിഎംഎ സലാം വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com