'മങ്കിക്കൂട്ടം നേതാക്കളുടെ ലെവലിലേക്ക് രാഹുലും എത്തിയത് ഈ നാട് കാണുന്നുണ്ട്'; പി ജയരാജന്‍

മോദിയുടെ ദൗത്യം രാഹുല്‍ ഏറ്റെടുത്തിരിക്കുകയാണ്. സംഘപരിവാര്‍ മനസാണ് പ്രകടമാകുന്നതെന്നും ജയരാജന്‍ പറഞ്ഞു.
'മങ്കിക്കൂട്ടം നേതാക്കളുടെ ലെവലിലേക്ക് രാഹുലും എത്തിയത് ഈ നാട് കാണുന്നുണ്ട്'; പി ജയരാജന്‍

കണ്ണൂര്‍: മുഖ്യമന്ത്രിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരെയും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും വിമര്‍ശനവുമായി മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍. കേരളത്തിലെ നിലവാരമില്ലാത്ത കോണ്‍ഗ്രസ് നേതാക്കള്‍ എഴുതി തരുന്നത് വായിക്കുന്നതിന് മുന്‍പ് രാഹുല്‍ ആലോചിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് പൊലീസ് ലോക്കപ്പിലിട്ട് തല്ലിച്ചതച്ചപ്പോള്‍ അചഞ്ചലനായി നിന്ന പിണറായിയെയാണ് ജയില്‍ കാട്ടി പേടിപ്പിക്കുന്നത്. മോദിയുടെ ദൗത്യം രാഹുല്‍ ഏറ്റെടുത്തിരിക്കുകയാണ്. സംഘപരിവാര്‍ മനസാണ് പ്രകടമാകുന്നതെന്നും ജയരാജന്‍ പറഞ്ഞു.

പി ജയരാജന്റെ കുറിപ്പ്: പൂര്‍ണ്ണരൂപം

രാഹുല്‍ ഗാന്ധി ജനിച്ചത് 1970 ലാണ്. അതിന് മുന്‍പ് ആര്‍എസ്എസിനെതിരായ പോരാട്ടം തുടങ്ങിയ ആളാണ് സ:പിണറായി.

അദ്ദേഹത്തെയാണ് ടിയാന്‍ യാതൊരു ഉളുപ്പുമില്ലാതെ ആക്ഷേപിക്കുന്നത്.കേരളത്തിലെ നിലവാരമില്ലാത്ത കോണ്‍ഗ്രസ്സ് നേതാക്കള്‍ എഴുതി തരുന്നത് വായിക്കുന്നതിന് മുന്‍പ് ആലോചിക്കണമായിരുന്നു.മങ്കിക്കൂട്ടം നേതാക്കളുടെ ലെവലിലേക്ക് രാഹുലും എത്തിയത് ഈ നാട് കാണുന്നുണ്ട്.

രാഹുലിന്റെ മുത്തശി നടപ്പാക്കിയ അടിയന്തരാവസ്ഥാ ഭീകരതയുടെ കാലത്ത് എംഎല്‍എ ആയിരുന്ന സഖാവ് പിണറായിയെ കൂത്തുപറമ്പ് പോലീസ് ലോക്കപ്പിലിട്ട് തല്ലിച്ചതച്ചപ്പോളും അചഞ്ചലനായി നിന്ന പിണറായിയെ ആണ് ജയില്‍ കാട്ടി പേടിപ്പിക്കുന്നത്.മോഡിയുടെ ദൗത്യം രാഹുല്‍ ഏറ്റെടുത്തിരിക്കുകയാണ്.സംഘപരിവാര്‍ മനസാണ് ഇവിടെ പ്രകടമാകുന്നത്.

ബിജെപി ക്ക് സ്വാധീനമുള്ള ഉത്തരേന്ത്യയില്‍ കേന്ദ്രീകരിക്കാതെ 10 ശതമാനം ബിജെപി വോട്ട് പോലുമില്ലാത്ത വയനാട് തമ്പടിക്കുന്നതിന്റെ ഉദ്ദേശം നാട്ടുകാര്‍ മനസ്സിലാക്കുന്നുണ്ട്.

അവിടെയാണെങ്കിലോ ആര്‍എസ്എസിനെ പേടിച്ചു പച്ചക്കൊടി വീശരുതെന്ന കല്പനയും ഇറക്കിയിരുന്നു.മൂപ്പര് ചിലപ്പോ ഇലക്ഷന്‍ ആണെന്ന് ഓര്‍ക്കാതെ നാളെ തന്നെ സിങ്കപ്പൂരോ മലേഷ്യയിലേക്കോ ഒക്കെ ടൂറും പോയേക്കും.പിന്നെ ഒരു മാസത്തേക്കും കാണില്ല.

ഇത്രയും നിരുത്തരവാദപരമായി പെരുമാറുന്ന ഒരു നേതാവിന് അര്‍ഹിക്കുന്ന ഷോക്ക് ട്രീറ്റ്മെന്റ് നല്കാന്‍ വയനാട്ടിലെ ജനങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു...

Related Stories

No stories found.
logo
Reporter Live
www.reporterlive.com