'ദീപമോളുടെ അന്നത്തെ കൂട്ടുകാരി'; കുഞ്ഞ് പൂർണ്ണിമയുടെ ഓർമ്മകൾ പങ്കുവെച്ച് രഘുനാഥ് പാലേരി

ആ കുഞ്ഞു കൂട്ടുകാരി ഒന്നുമുതൽ പൂജ്യംവരെയിൽ പശ്ചാത്തല സംഗീതമായി ഒരു നേഴ്സറി റൈം അതിമനോഹരമായി പാടിയിട്ടും ഉണ്ട്.
'ദീപമോളുടെ അന്നത്തെ കൂട്ടുകാരി'; കുഞ്ഞ് പൂർണ്ണിമയുടെ ഓർമ്മകൾ പങ്കുവെച്ച് രഘുനാഥ് പാലേരി

ഇടവേളയ്ക്കുശേഷം രഘുനാഥ് പാലേരി തിരക്കഥയെഴുതുന്ന പുതിയ ചിത്രം ഒരു കട്ടിൽ ഒരു മുറി ഏപ്രിൽ 27ന് തീയേറ്ററുകളിൽ എത്താനിരിക്കെ ചിത്രത്തിലെ നായികയെക്കുറിച്ച് ഹൃദയഹാരിയായ കുറിപ്പുമായി തിരക്കഥാകൃത്ത്. താൻ ആദ്യമായി സംവിധാനം ചെയ്ത ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച പൂർണ്ണിമ വർഷങ്ങൾക്ക് ശേഷം തന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രത്തിൽ നായികയായി അഭിനയിച്ച അനുഭവമാണ് രഘുനാഥ് പാലേരി വിവരിക്കുന്നത്. അപൂർവ്വമായ കൂടിച്ചേരലിൽ അതിമനോഹരമായാണ് പൂർണ്ണിമ അക്കമ്മയായി മാറിയതെന്ന് രഘുനാഥ് പാലേരി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

നടിയും സംവിധായകയുമായ ​ഗീതുമോഹൻദാസും പൂർണ്ണിമയും ബാലതാരങ്ങളായി അഭിനയിച്ച ചിത്രമാണ് ഒന്നു മുതൽ പൂജ്യം വരെ. അന്ന് സിനിമാ ലൊക്കേഷനിൽ താൻ എടുത്തുനടന്ന രണ്ട് പെൺകുട്ടികളെ വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് കാണാൻ കഴിഞ്ഞതിന്റെ സന്തോഷവും രഘുനാഥ് പാലേരി പങ്കുവെക്കുന്നു. ഒരു കട്ടിൽ ഒരു മുറി എന്ന സിനിമയുടെ കഥ പറയാൻ പൂർണ്ണിമയുടെ വീട്ടിൽ പോയപ്പോൾ അവിടെ ​ഗീതുമോഹൻദാസും തന്നെ കാത്ത് ഇരിക്കുന്നുണ്ടായിരിന്നുവെന്നും അദ്ദേഹം പറയുന്നു.

രഘുനാഥ് പാലേരിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

"ഒന്നു മുതൽ പൂജ്യം വരെ " ചിത്രികരണം നടക്കുന്ന ദിവസങ്ങളുടെ ആദ്യ നാളിലാണ് കഥയിലെ അമ്മയായ അലീന, ദീപമോളെ സ്ക്കൂളിലെ കുഞ്ഞു ക്ലാസിൽ വിടാനായി രാവിലെ ഓട്ടോയിൽ എത്തുന്നത്. ഓട്ടോയിൽ നിന്ന് മോളെയും എടുത്ത് ഇറങ്ങി ധൃതിയിൽ വന്ന് വരാന്തയുടെ ഒരറ്റത്ത് ഇറക്കി നിർത്തി ക്ലാസിലേക്കുള്ള വഴി കാണിച്ചു കൊടുക്കുമ്പോൾ, അവിടേക്ക് വേഗം ഓടിയെത്തി മറ്റു ചെങ്ങാതിമാർക്കൊപ്പം ചേരാനുള്ള ആവേശമായിരുന്നു ദീപമോൾക്ക്. അവൾ ഓടുന്നതും നോക്കി തെല്ലിട നിന്ന് അലീന തിരികെ പോകവേ, സ്ക്കൂളിലെ മദർ സൂപ്പീരിയറായി വരുന്ന സുകുമാരിയും അലീനയോടൊപ്പം ഓട്ടോവരെ ചെല്ലുന്നു. മൂന്നു തവണ ക്യാമറ ഓടിച്ചോടിച്ച് ഞാനും ഷാജിയും മറ്റുള്ളവരും ഒപ്പം ഓടി ആ ഷോട്ട് പകർത്തി. ജീവിതം മൂർദ്ദാവിൽ തളിച്ച ഒരു പരമാനന്ദലഹരിയായിരുന്നു എനിക്ക് ആ ഷോട്ട്. അതിനു മുൻപ് കോടാനു കോടി ഷോട്ടുകൾ പലരും എടുത്തിട്ടുണ്ട്. അവയുടെ അരികിൽ ചാരി നിർത്തിയാൽ അതൊരു അത്ഭുത ഷോട്ടൊന്നും അല്ല. അത്ഭുതമാവുന്നത് പിന്നീടുള്ള കാലങ്ങളിൽ അതിനെക്കുറിച്ചെല്ലാം ചിന്തിക്കുമ്പോഴാണ്. നമ്മുടെ പല മനോചലനങ്ങൾക്കും, ചലിക്കുംനേരം കിട്ടാത്ത സുതാര്യ മഴവിൽ സ്പർശങ്ങൾ പിന്നീട് കാലം തരും. അത് രുചിക്കാനും ആനന്ദിക്കാനുമുള്ള മനസ്സ് ഒരുക്കി നിർത്താനുള്ള ആത്മശക്തി ഉണ്ടാകണമെന്നുമാത്രം.

ദീപമോൾ ഓടി ക്ലാസിൽ കയറുന്ന ആ ഷോട്ടിനു ശേഷം ഞാനും നേരെ ക്ലാസിലേക്ക് കയറി. ശേഖർ ഒരുക്കിയ ആ എൽകെജി ക്ലാസിൽ എന്നെക്കാൾ വികൃതികളായ ഏതാനും കുട്ടികൾ. പലരോടൊപ്പം രക്ഷിതാക്കൾ ഉണ്ടെങ്കിലും അവർ കുട്ടികളേക്കാൾ വികൃതികളായിരുന്നു. ദീപമോളുടെ ചങ്ങാതിയായി ഒപ്പം ഇരുന്ന കുട്ടി വളരെ ശാന്തയായിരുന്നു. കണ്ണിൽ ഭയം ഉണ്ടായിരുന്നെങ്കിലും അവൾ ഇമ്പമായി പാടുമായിരുന്നു. ഷോട്ടുകളുടെ ഇടവേളകൾക്കിടയിൽ സംസാരിച്ചുകൊണ്ട് കൌതുകത്തോടെ ദീപയെയും ആ കൂട്ടുകാരിയെയും ഇടംവലം കൈകളിൽ ഞാൻ എടുത്തു നടക്കുമായിരുന്നു. രണ്ടു ജമന്തക മൊട്ടുകൾപോലെ രണ്ടു കുഞ്ഞുങ്ങൾ. ആ കുഞ്ഞു കൂട്ടുകാരി ഒന്നുമുതൽ പൂജ്യംവരെയിൽ പശ്ചാത്തല സംഗീതമായി ഒരു നേഴ്സറി റൈം അതിമനോഹരമായി പാടിയിട്ടും ഉണ്ട്.

പിന്നീട് ഏതാണ്ട് മുപ്പത്താറ് വർഷങ്ങൾക്ക് ശേഷം ദീപമോളെന്ന ഗീതുമോഹൻദാസിനെ വീണ്ടും കണ്ടുമുട്ടുന്നത് അതേ കുഞ്ഞു കൂട്ടുകാരിയുടെ വീട്ടിൽ വെച്ചാണ്. ആ കൂട്ടുകാരിക്കായി പുതിയ തിരക്കഥ വായിക്കാനാണ് ഞാനവിടെ അതിഥിയാവുന്നത്. പിറ്റേന്ന് ഞാൻ വരുന്നുണ്ടെന്ന് തലേദിവസം കൂട്ടുകാരിയിൽ നിന്നറിഞ്ഞ ദീപമോൾ ഗീതുമോഹൻദാസ് അന്നവിടെ താമസിക്കുകയായിരുന്നുവത്രെ. എനിക്കായി വാതിൽ തുറന്നത് ദീപമോൾ. പിറകിൽ കാത്തു നിന്നത് കൂട്ടുകാരിയായി എൻറെ വലംകയ്യിൽ ഇരുന്ന് പാട്ടുപാടിയ പൂർണ്ണിമ. അപ്പോഴേക്കും അവൾ പൂർണ്ണിമ ഇന്ദ്രജിത്തായി മാറിയിരുന്നു. എനിക്കെന്തോ ജീവിതം ഇങ്ങിനെയൊക്കെ കാണാനാണ് ഇഷ്ടം. ഇനി ഈ ലോകം വിട്ടുപോയാലും ഇങ്ങിനെ മാത്രമേ കാണൂ. എനിക്കെന്തുകൊണ്ടോ മറ്റൊരു ചോയ്സ് ഇല്ല. ദീപമോളുടെ കൂട്ടുകാരിക്ക് ഞാനാ തിരക്കഥയിലെ കഥാപാത്ര മാഹാത്മ്യം പറഞ്ഞു കൊടുത്തു. അവൾ അത് ഗ്രഹിച്ചു. സിനിമയുടെ ചിത്രീകരണ നേരം അവൾ അതിമനോഹരിയായി ആ കഥാപാത്രമായി . അവരാണ് "ഒരു കട്ടിൽ ഒരു മുറിയിലെ " അക്കമ്മ. എൻറെ അക്കമ്മയിലെ ദിവ്യ ചൈതന്യം നിങ്ങൾക്കായി സമർപ്പിക്കുന്നു. സദയം സ്വീകരിക്കുക. അക്കമ്മയെ സ്നേഹം നൽകി അനുഗ്രഹിക്കുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com