'ലുക്കില്ലെന്ന് പറഞ്ഞ് പൊലീസ് മര്‍ദ്ദിച്ചു, എനിക്ക് വോട്ട് ചെയ്യരുത്'; പൊട്ടിക്കരഞ്ഞ് സ്ഥാനാര്‍ത്ഥി

പൊലീസ് ഉദ്യോഗസ്ഥര്‍ ക്രിമിനലിനെ പോലെ കോളറില്‍ പിടിച്ചു ജീപ്പില്‍ കയറ്റി മര്‍ദ്ദിച്ചെന്നാണ് ആരോപണം
'ലുക്കില്ലെന്ന് പറഞ്ഞ് പൊലീസ് മര്‍ദ്ദിച്ചു, എനിക്ക് വോട്ട് ചെയ്യരുത്'; പൊട്ടിക്കരഞ്ഞ് സ്ഥാനാര്‍ത്ഥി

കോട്ടയം: സ്ഥാനാര്‍ത്ഥിയുടെ ലുക്കില്ലെന്ന് പറഞ്ഞ് പൊലീസ് മര്‍ദ്ദിച്ചെന്ന ആരോപണവുമായി കോട്ടയത്തെ സ്വതന്ത്രസ്ഥാനാര്‍ത്ഥി സന്തോഷ് പുളിക്കന്‍. ഇന്നലെ കോട്ടയത്ത് രാഹുല്‍ ഗാന്ധി എത്തിയപ്പോഴായിരുന്നു സംഭവം. രാഹുല്‍ ഗാന്ധിയെ കാണാന്‍ എത്തിയപ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സന്തോഷ് പുളിക്കന്‍ പറയുന്നു. ജനാധിപത്യം ഇവിടെയില്ലെന്ന് മനസ്സിലായി. പാര്‍ട്ടിക്കാരുടെയും പണമുള്ളവരുടെയും ചൂതാട്ടമാണ് നടക്കുന്നത്. അതിന് അടിമകളായി കൂറേ ഉദ്യോഗസ്ഥരുമുണ്ടെന്നും സന്തോഷ് പുളിക്കന്‍ പറഞ്ഞു.

'ഇന്നലെ രാവിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച കണക്കുകൊടുക്കാന്‍ കളക്ടേറ്റില്‍ പോയി. വിവരങ്ങള്‍ കൈമാറി. ഇത്രയും മിടുക്കനായ സ്ഥാനാര്‍ത്ഥിയെ കണ്ടിട്ടില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ ആശംസ നേര്‍ന്നു. കുറച്ചുപേരോട് വോട്ടൊക്കെ ചോദിച്ച് മടങ്ങി. രാഹുല്‍ ഗാന്ധി കോട്ടയത്ത് വരുന്ന ദിവസമായിരുന്നു. ഞാന്‍ അദ്ദേഹത്തെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. ഞാന്‍ പാര്‍ട്ടിക്കാരനല്ല. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ്. രാഹുലിനെ കാണാനായി അവിടെ പോയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥരോട് വോട്ട് ചോദിച്ചു. ചോദിച്ച് കഴിഞ്ഞപ്പോള്‍ അവര്‍ കയര്‍ത്തുസംസാരിക്കുകയും ഇവിടെ വോട്ട് ചോദിക്കാന്‍ സാധിക്കില്ലെന്നും കസ്റ്റഡിയില്‍ എടുക്കുമെന്നും പറഞ്ഞു. രാഹുല്‍ ഗാന്ധിയെ കണ്ടിട്ടേ പോകൂവെന്ന് പറഞ്ഞപ്പോള്‍ ഇവിടെ നിന്നാല്‍ ശരിയാവില്ലെന്നും പ്രശ്‌നക്കാരനാണെന്നും പറഞ്ഞു. നേതാക്കളൊക്കെ ഉണ്ടായിട്ടും മൈന്‍ഡ് ചെയ്തില്ല.' സന്തോഷ് പുളിക്കന്‍ പറഞ്ഞു.

തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ക്രിമിനലിനെ പോലെ കോളറില്‍ പിടിച്ചു ജീപ്പില്‍ കയറ്റി മര്‍ദ്ദിച്ചെന്നാണ് ആരോപണം. 'വളരെ സങ്കടം വന്നു. സ്ഥാനാര്‍ത്ഥിയെ സംരക്ഷിക്കേണ്ട പൊലീസാണിത് ചെയ്തത്. സ്ഥാനാര്‍ത്ഥിയുടെ ലുക്കില്ലെന്നാണ് പൊലീസ് പറഞ്ഞത്. സാധാരണക്കാരന്‍ സ്ഥാനാര്‍ത്ഥിയായാല്‍ ഒരു വിലയില്ല. ഇതാണോ പൊലീസ് നീതി. പൊലീസ് അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്റ്റേഷനില്‍ എത്തി ഐഡി കാര്‍ഡ് കാണിച്ചപ്പോഴാണ് സ്ഥാനാര്‍ത്ഥിയാണെന്ന് മനസ്സിലായത്. ക്രിമിനലുകളെ ചോദ്യം ചെയ്യുന്നത് പോലെ ചോദ്യം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു.' സന്തോഷ് പുളിക്കന്‍ പറഞ്ഞു.

കളക്ടറെ കാണാന്‍ പോയിട്ട് കണ്ടില്ലെന്നും അവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് കളക്ടറാണെന്നും സന്തോഷ് ആരോപിച്ചു. 'സങ്കടത്തോടെയാണ് കളക്ട്രേറ്റില്‍ നിന്നും ഇറങ്ങിപോന്നത്. ഇനി എനിക്ക് ആരും വോട്ട് ചെയ്യേണ്ട. എനിക്ക് സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യം ഇല്ല. സ്ഥാനാര്‍ത്ഥിയുടെ അവസ്ഥ ഇതാണെങ്കില്‍ പട്ടിണിപാവങ്ങളുടെ അവസ്ഥ എന്തായിരിക്കും. ദുഃഖം തോന്നി. ഞാന്‍ കരയാറില്ല. തെറിവിളിച്ചിട്ടാണ് അടിച്ചത്. എന്നെ എന്തിനാണ് അടിക്കുന്നത്. ഞാന്‍ എല്ലാവരുടെയും കളിപ്പാവയാണോ. ഇവന്മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആരുമില്ല. എല്ലാ വോട്ടും അവര്‍ക്ക് കൊടുക്ക്. പാവങ്ങള്‍ക്ക് പുല്ലുവിലയാണ്. എന്റെ അവസ്ഥ ഇതാണെങ്കില്‍ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും ദൈവമേ. നോമിനേഷന്‍ പിന്‍വലിക്കും', സന്തോഷ് പുളിക്കന്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com