പത്തനംതിട്ടയിലും ഇവിഎമ്മിൽ ക്രമക്കേട്, താമര ചിഹ്നത്തിൽ അധിക വോട്ട് വന്നു; പരാതിയുമായി യുഡിഎഫ്

പൂഞ്ഞാറിൽ മുപ്പത്തിയാറാം നമ്പർ ബൂത്തിലെ മോക് പോളിൽ അധിക വോട്ട് വന്നതായി കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു
പത്തനംതിട്ടയിലും ഇവിഎമ്മിൽ ക്രമക്കേട്, താമര ചിഹ്നത്തിൽ അധിക വോട്ട് വന്നു; പരാതിയുമായി യുഡിഎഫ്

പത്തനംതിട്ട: ഇ വിഎമ്മിൽ ക്രമക്കേടെന്ന പരാതിയുമായി യുഡിഎഫ്. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ മോക് പോളിൽ അധിക വോട്ട് വന്നതായാണ് യുഡിഎഫിന്റെ പരാതി. പൂഞ്ഞാറിൽ മുപ്പത്തിയാറാം നമ്പർ ബൂത്തിലെ മോക് പോളിൽ അധിക വോട്ട് വന്നതായി കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ആരോപിച്ചു.

താമര ചിഹ്നത്തിനാണ് അധിക വോട്ട് ലഭിച്ചത്. എട്ട് സ്ഥാനാർത്ഥികൾ, നോട്ട ഉൾപ്പെടെ ഒമ്പത് വോട്ടാണുള്ളത്. വി വി പാറ്റ് സ്ലിപ് എണ്ണിയപ്പോൾ പത്ത് വോട്ടായി. എല്ലാ ഇവിഎമ്മും പരിശോധിക്കണം. ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകിയതായും പഴകുളം മധു പറഞ്ഞു. എല്ലാ ഇവിഎമ്മിലും ക്രമക്കേട് ഉണ്ടാകുമെന്ന് സംശയം ഉള്ളതായും യുഡിഎഫ് പരാതിപ്പെട്ടു.

വീട്ടിലെത്തി വോട്ട് സംവിധാനം സിപിഐഎം ദുരുപയോഗം ചെയ്യുകയാണെന്ന് നേരത്തേ കോൺ​ഗ്രസ് ആരോപിച്ചിരുന്നു. കള്ളവോട്ട് ശീലമാക്കിയ പാർട്ടിയാണ് സിപിഐഎം എന്നും കാസർ​കോട് മണ്ഡലത്തിലുള്‍പ്പെട്ട കല്ല്യാശ്ശേരിയിൽ നടന്ന സംഭവത്തിൽ യുഡിഎഫ് പരാതി നൽകുമെന്നും കെ സുധാകരൻ പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരായ നടപടി സ്വാഗതം ചെയ്യുന്നുവെന്നും സുധാകരൻ പറഞ്ഞു. തുടർ വോട്ടെടുപ്പിലും കള്ള വോട്ട് സാധ്യതയുണ്ട്. പോളിങ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com