കപ്പല്‍ പിടിച്ചെടുത്തവര്‍ പെരുമാറിയത് വളരെ മാന്യമായി, ജീവിതത്തിന്റെ ഓരോ അനുഭവങ്ങള്‍: ആന്‍ ടെസ

ബാക്കിയുള്ളവരുടെ മോചനം ഉടന്‍ സാധ്യമാകും എന്ന് പ്രതീക്ഷിക്കുന്നതായും ആന്‍ ടെസ
കപ്പല്‍ പിടിച്ചെടുത്തവര്‍ പെരുമാറിയത് വളരെ മാന്യമായി, ജീവിതത്തിന്റെ ഓരോ അനുഭവങ്ങള്‍: ആന്‍ ടെസ

കോട്ടയം: ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ നിന്ന് മോചിതയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി. കപ്പല്‍ പിടിച്ചെടുത്തവര്‍ വളരെ മാന്യമായാണ് പെരുമാറിയതെന്ന് ആന്‍ ടെസ പ്രതികരിച്ചു. മോചനത്തിന് കേന്ദ്രസര്‍ക്കാറിന്റെ ഇടപെടല്‍ ഉണ്ടായി. തിരികെ ജോലിയില്‍ പ്രവേശിക്കുമെന്നും ആന്‍ ടെസ പ്രതികരിച്ചു.

മോചനത്തിന് സഹായിച്ച എല്ലാവര്‍ക്കും നന്ദി. ഇപ്പോള്‍ സംഭവിച്ചതെല്ലാം ജീവിതത്തിന്റെ ഓരോ അനുഭവങ്ങളാണെന്നും ആന്‍ ടെസ പറഞ്ഞു. കപ്പലില്‍ ഉണ്ടായിരുന്ന നാലു മലയാളികള്‍ ഉള്‍പ്പെടെ 25 പേരില്‍ ആന്‍ മാത്രമാണ് മോചിതയായത്. ബാക്കിയുള്ളവരുടെ മോചനം ഉടന്‍ സാധ്യമാകും എന്ന് പ്രതീക്ഷിക്കുന്നതായും ആന്‍ ടെസ പ്രതികരിച്ചു.

ഇന്ന് വൈകീട്ടാണ് ആന്‍ ടെസ കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് കോട്ടയത്തെ വീട്ടിലേക്ക് പോവുകയായിരുന്നു. വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ഇവരെ സ്വീകരിച്ചത്. മറ്റ് ഇന്ത്യക്കാരുടെ മോചനത്തിന് വേണ്ടി ശ്രമിക്കുകയാണെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.

പരിശീലനത്തിന്റെ ഭാഗമായി ഒമ്പതുമാസം മുമ്പാണ് ആന്‍ ടെസ എംഎസ്സി ഏരിസ് എന്ന കപ്പലില്‍ കയറിയത്. ഇറാന്‍ പിടിച്ചെടുത്തതിന് പിന്നാലെ വെള്ളിയാഴ്ച ആന്‍ കുടുംബവുമായി സംസാരിച്ചിരുന്നു. ആന്‍ ടെസ ഉള്‍പ്പടെ നാല് മലയാളികളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. മാനന്തവാടി സ്വദേശി പി വി ധനേഷ്, പാലക്കാട് സ്വദേശി എസ് സുമേഷ്, കോഴിക്കോട് സ്വദേശി ശ്യാം നാഥ് എന്നിവരാണ് കപ്പില്‍ കുടുങ്ങിയ മറ്റ് മലയാളികള്‍. ഇസ്രായേലുമായുള്ള സംഘര്‍ഷത്തിന് പിന്നാലെയായിരുന്നു ഇറാന്‍ കമാന്‍ഡോകള്‍ ഒമാന് സമീപം ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് കപ്പല്‍ പിടിച്ചെടുത്തത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com