ഇന്ധനവില ഇവിടെയെങ്കിലും നിൽക്കുന്നത് മോദിയുടെ കഴിവുകൊണ്ട്, 400 സീറ്റ് വെറുതെ പറയുന്നതല്ല:അബ്ദുൾ സലാം

സ്വിസ് ബാങ്കിലെ പണം തിരിച്ചു പിടിക്കുമെന്ന് മോദി പ്രഖ്യാപിച്ചല്ലോ, അത് ചെയ്തിരിക്കും. മോദി ജി പറഞ്ഞാൽ അത് ചെയ്തിരിക്കും. നിയമപരമായ പ്രശ്നം കൊണ്ട് ആകും വൈകുന്നത്.
ഇന്ധനവില ഇവിടെയെങ്കിലും നിൽക്കുന്നത് മോദിയുടെ കഴിവുകൊണ്ട്, 400 സീറ്റ് വെറുതെ പറയുന്നതല്ല:അബ്ദുൾ സലാം

മലപ്പുറം: ഇന്ധന വില ഇവിടെയെങ്കിലും നിൽക്കുന്നത് പ്രധാനമന്ത്രിയുടെ മോദിയുടെ കഴിവ് കൊണ്ടാണെന്ന് മലപ്പുറത്തെ എൻഡിഎ സ്ഥാനാർത്ഥി എം അബ്ദുൾ സലാം. മോദി ഇടപെട്ടില്ലായിരുന്നെങ്കിൽ ഇന്ധനവില ലിറ്ററിന് 200 കടക്കുമായിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഇന്ധന വില കുറയ്ക്കാത്തത് മറ്റ് പല പോളിസികളെയും ബാധിക്കുമെന്നത് കൊണ്ടാണെന്നും അബ്ദുൾ സലാം പറഞ്ഞു.

രൂപയുടെ മൂല്യം ചാടിക്കയറി പിടിച്ചു നിർത്താൻ പറ്റില്ല. അതിന് പല കാര്യങ്ങളും ഉണ്ട്. പല കറൻസിക്കും ഇടിവ് വന്നിട്ടുണ്ട്. നമ്മുക്ക് അത്ര വലിയ ഇടിവ് വന്നിട്ടില്ല. സ്വിസ് ബാങ്കിലെ പണം തിരിച്ചു പിടിക്കുമെന്ന് മോദി പ്രഖ്യാപിച്ചല്ലോ,അത് ചെയ്തിരിക്കും. മോദി ജി പറഞ്ഞാൽ അത് ചെയ്തിരിക്കും. നിയമപരമായ പ്രശ്നം കൊണ്ട് ആകും വൈകുന്നത്. പറഞ്ഞ എല്ലാ കാര്യങ്ങളും ചിലപ്പോൾ ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല. ചെയ്യാത്തതിനെക്കുറിച്ച് മാത്രം ചോദിക്കുന്നത് എന്തിനാ, ചെയ്തത് എന്താ ചോദിക്കാത്തത്. 400 സീറ്റ് എന്നത് എൻഡിഎ വെറുതെ പറഞ്ഞതല്ല. കേരളത്തിൽ ഒന്നും കിട്ടിയില്ലെങ്കിലും എൻഡിഎ ഇന്ത്യ ഭരിക്കുമെന്നും അബ്ദുൾ സലാം പറഞ്ഞു.

താൻ യുഡിഎഫിന്റെ ആള് തന്നെ ആയിരുന്നു, ലീഗ് നോമിനി ആയിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി വിസി ആക്കിയതിന് ലീഗ് നേതാക്കളോട് അന്നും ഇന്നും നന്ദിയുണ്ട്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ലീഗ് നേതാക്കളെ നേരിൽ കാണാൻ ശ്രമിച്ചിരുന്നു. വിളിച്ചപ്പോൾ അവർ ഒഴിഞ്ഞുമാറിയെന്നും അബ്ദുൾ സലാം പറഞ്ഞു.

'വോട്ട് ചോദിക്കുമ്പോൾ പലപ്പോഴും തിക്താനുഭവങ്ങൾ ഉണ്ടായി‌. ഞാൻ പലപ്പോഴും വോട്ട് പോലും ചോദിക്കാറില്ല, ചിലർ കൈവലിക്കുകയാണ് കൈ തരാൻ പോലും പലരും തയ്യാറായില്ല. ചിലർ തിരിഞ്ഞു പോയി, ചിലർ‌ തുറിച്ചു നോക്കി. പെരുന്നാൾ ദിവസം ഒരാൾ ചാടി വീണ് കടന്ന് പോയ്‌ക്കോ എന്ന് പറഞ്ഞു. ചിലർ മുഖത്ത് നോക്കി വോട്ട് ചെയ്യില്ല എന്ന് പറഞ്ഞു. പലരും എന്നോട് പറഞ്ഞു സാർ മാത്രം ആണ് മുസ്ലിം സ്ഥാനാർത്ഥി, അതുകൊണ്ട് കേന്ദ്ര മന്ത്രി ആകാൻ സാധ്യത ഉണ്ടെന്ന്. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. നിങ്ങൾ മാധ്യമങ്ങൾ അടുത്ത് വരുമ്പോൾ തന്നെ എനിക്ക് അറിയാം. എന്നെ പിടിച്ച് ഒതച്ച് മീഡിയയിൽ കൊടുത്തു എൻഡിഎയെ താഴ്ത്താൻ ആണ് എന്ന്'- എം അബ്ദുൾ സലാം പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com