കെ കെ ശൈലജയുടെ ചിത്രം മോർഫ് ചെയ്ത സംഭവം; ഒരാൾക്കെതിരെ കേസെടുത്തു

സൈബർ ആക്രമണം യുഡിഎഫ് നേതൃത്വത്തിൻ്റെ അറിവോടെയാണെന്ന് കെ കെ ശൈലജ ആവർത്തിച്ചു
കെ കെ ശൈലജയുടെ ചിത്രം മോർഫ് ചെയ്ത സംഭവം; ഒരാൾക്കെതിരെ കേസെടുത്തു

വടകര: കെ കെ ശൈലജയുടെ ചിത്രം മോർഫ് ചെയ്തെന്ന പരാതിയിൽ കേസെടുത്ത്‌ പൊലീസ്. കോഴിക്കോട് നടുവണ്ണൂർ സ്വദേശി മിൻഹാജിനെതിരെയാണ് മട്ടന്നൂർ പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രിയുടെയും കെ കെ ശൈലജ ടീച്ചറുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിനാണ് കേസ്. മിൻഹാജ് കെ എം പാലോളി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഫോട്ടോ പ്രചരിപ്പിച്ചത്. കലാപാഹ്വാനമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് മട്ടന്നൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂ മാഹി പഞ്ചായത്ത് അംഗവുമായ അസ്ലമിനെതിരെ കേസെടുത്തിരുന്നു. മുസ്ലീങ്ങൾ വർഗീയവാദികളാണെന്ന് കെ കെ ശൈലജ പറഞ്ഞുവെന്ന് മങ്ങാട് സ്നേഹതീരം വാട്സ് ഗ്രൂപ്പിൽ അസ്ലം പോസ്റ്റ് ഇട്ടിരുന്നു. സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് പോസ്റ്റ് ഇട്ടതെന്നാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്. റിപ്പോർട്ടർ അശ്വമേധത്തിൽ കെ കെ ശൈലജ പറഞ്ഞ വാക്കുകൾ എഡിറ്റ് ചെയ്താണ് അസ്ലം പോസ്റ്റ് ചെയ്തത്.

കെ കെ ശൈലജ റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്നായിരുന്നു വ്യാജ പ്രചാരണം. റിപ്പോര്‍ട്ടര്‍ ടിവി കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ ഡോ. അരുണ്‍ കുമാര്‍ അവതരിപ്പിക്കുന്ന 'അശ്വമേധം' പരിപാടിയില്‍ മുന്‍ ആരോഗ്യമന്ത്രി മുസ്ലിം വിരുദ്ധ പ്രസ്താവന നടത്തിയെന്നാണ് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചത്.

അതേസമയം, സൈബർ ആക്രമണത്തോട് എതിർപ്പുണ്ടെങ്കിൽ ഷാഫി പറമ്പിൽ തള്ളിപ്പറയണമെന്ന് കെ കെ ശൈലജ റിപ്പോർട്ടറിലൂടെ പ്രതികരിച്ചു. യുഡിഎഫ് സ്ഥാനാർഥി ഇടപെട്ട് അധിക്ഷേപം അവസാനിപ്പിക്കണമെന്നും അവർ പറഞ്ഞു. കെ കെ രമയും ഉമ തോമസും വ്യാജ പ്രചാരണത്തെ തള്ളിപ്പറഞ്ഞില്ലെന്നും ശൈലജ വിമർശിച്ചു. സ്ത്രീ എന്ന നിലയിലെ അധിക്ഷേപത്തെ രമയും ഉമയും കണ്ടില്ലേയെന്നു ചോദിച്ച കെ കെ ശൈലജ പണ്ട് പറഞ്ഞത് വച്ച് ബാലൻസ് ചെയ്യാനാണോ അവർ പത്രസമ്മേളനം വിളിപ്പിച്ചതെന്നും ചോദിച്ചു. സൈബർ ആക്രമണം യുഡിഎഫ് നേതൃത്വത്തിൻ്റെ അറിവോടെയാണെന്ന് കെ കെ ശൈലജ ആവർത്തിച്ചു. കാന്തപുരത്തിൻ്റെ ലെറ്റർ പാഡ് ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തിയത് തെറ്റാണെന്ന് യുഡിഎഫിലെ ആരെങ്കിലും പറഞ്ഞോയെന്നും അവർ ചോദിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com