നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് അന്വേഷണ റിപ്പോര്‍ട്ടില്‍ വൈരുദ്ധ്യം, മൊഴി സംശയാസ്പദം

മെമ്മറി കാര്‍ഡ് പരിശോധിച്ച വിവോ മൊബൈല്‍ ഫോണ്‍ നഷ്ടമായെന്ന താജുദ്ദീന്റെ മൊഴി സംശയാസ്പദമെന്നാണ് അതിജീവിതയുടെ ആക്ഷേപം
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് അന്വേഷണ റിപ്പോര്‍ട്ടില്‍ വൈരുദ്ധ്യം, മൊഴി സംശയാസ്പദം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജഡ്ജി ഹണി എം വര്‍ഗീസ് ഹൈക്കോടതിയില്‍ നല്‍കിയ മെമ്മറി കാര്‍ഡ് അന്വേഷണ റിപ്പോര്‍ട്ടില്‍ വൈരുദ്ധ്യം. വിചാരണക്കോടതി ശിരസ്തദാറായിരുന്ന താജുദ്ദീന്റേതായി രേഖപ്പെടുത്തിയ മൊഴി പരസ്പര വിരുദ്ധമാണ്. മെമ്മറി കാര്‍ഡ് പരിശോധിച്ച വിവോ മൊബൈല്‍ ഫോണ്‍ നഷ്ടമായെന്ന താജുദ്ദീന്റെ മൊഴി സംശയാസ്പദമെന്നാണ് അതിജീവിതയുടെ ആക്ഷേപം.

2021 ജൂലൈ 19ന് പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് വിവോ ഫോണില്‍ പരിശോധിച്ചെന്ന് ശാസ്ത്രീയ പരിശോധനയിലാണ് കണ്ടെത്തിയത്. വിചാരണ കോടതിയിയിലെ ശിരസ്തദാര്‍ താജുദ്ദീന്റേതാണ് ഈ വിവോ ഫോണെന്ന് കണ്ടെത്തിയതാകട്ടെ ജഡ്ജ് ഹണി എം വര്‍ഗീസ്. വിചാരണ കോടതിയില്‍ ഉച്ചയ്ക്ക് 12.19 മുതല്‍ 12.54 വരെയാണ് മെമ്മറി കാര്‍ഡ് ഫോണില്‍ ഉപയോഗിച്ചത്. ഈ മൊബൈല്‍ ഫോണ്‍ 2022 ഫെബ്രുവരിയില്‍ തൃശ്ശൂര്‍-എറണാകുളം ട്രെയിന്‍ യാത്രയ്ക്കിടയില്‍ നഷ്ടമായെന്നാണ് താജുദ്ദീന്റെ മൊഴി. ഈ മൊഴിയില്‍ ദുരൂഹതയുണ്ടെന്നാണ് അതിജീവിതയുടെ ആക്ഷേപം.

മെമ്മറി കാര്‍ഡ് വിവോ ഫോണില്‍ പരിശോധിച്ചെന്ന് തിരുവനന്തപുരം ഫോറന്‍സിക് ലാബ് കണ്ടെത്തിയിരുന്നത്. 2022 ജൂലായ് 11നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നതാകട്ടെ ആഗസ്റ്റിലും. വിവോ ഫോണില്‍ മെമ്മറി കാര്‍ഡ് ഉപയോഗിച്ചെന്ന വാര്‍ത്ത അറിഞ്ഞ് താന്‍ ഫോണ്‍ പരിശോധിച്ചെന്നാണ് താജുദ്ദീന്റെ മൊഴി. 2022 ഫെബ്രുവരിയില്‍ നഷ്ടമായ ഫോണ്‍ ആഗസ്റ്റില്‍ എങ്ങനെ പരിശോധിക്കാന്‍ കഴിയുമെന്ന ചോദ്യമാണ് അതിജീവിത ഉയര്‍ത്തുന്നത്. മാത്രവുമല്ല ഫോണ്‍ നഷ്ടമായിട്ടും പൊലീസില്‍ പരാതി നല്‍കാതിരുന്നത് സംശയാസ്പ്ദമാണെന്നും ആക്ഷേപമുണ്ട്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ എന്ന് കണ്ടെത്തണമെങ്കില്‍ ഈ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണം. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി നിരീക്ഷണത്തില്‍ പൊലീസ് അന്വേഷണം വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com