പിണറായി വര്‍ഗീയ വാദി, മോദിയുമായി രഹസ്യ ധാരണയുണ്ടാക്കി; രേവന്ത് റെഡ്ഡി

ഇഡി പിണറായിക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല
പിണറായി വര്‍ഗീയ വാദി, മോദിയുമായി രഹസ്യ ധാരണയുണ്ടാക്കി; രേവന്ത് റെഡ്ഡി

കല്‍പ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റ് നേതാവല്ലെന്നും മോദിയെ പിന്തുണക്കുന്ന വര്‍ഗീയ വാദിയാണെന്നും തെലങ്കാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡി. വയനാട് മണ്ഡലം ലോക്‌സഭ സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വയനാട്ടില്‍ ആനി രാജയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എന്നാല്‍, പിണറായി പിന്തുണക്കുന്നത് അവരെയല്ല. അദ്ദേഹം നരേന്ദ്ര മോദിയുമായി രഹസ്യമായി ധാരണയുണ്ടാക്കി കെ സുരേന്ദ്രനെയാണ് പിന്തുണക്കുന്നത്.

പിണറായി സ്വന്തം പാര്‍ട്ടിയേയും ജനങ്ങളെയും വഞ്ചിക്കുകയാണ്. ആദായ നികുതി വകുപ്പ്, ഇഡി കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ പിണറായി മോദിയുമായി രഹസ്യ ധാരണയുണ്ടാക്കിയിരിക്കുകയാണ്. ഇഡി കേസ് ഉള്ളിടത്തോളം കാലം പിണറായിക്ക് എല്‍ഡിഎഫിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. സ്വര്‍ണ്ണക്കടത്തുകേസില്‍ പിണറായിയും കുടുംബവും പങ്കാളികളായ കാര്യം എന്നെ അത്ഭുതപ്പെടുത്തുന്നു. നിരപരാധികള്‍ക്കെതിരെ ഇഡി കേസെടുക്കുമ്പോള്‍ പിണറായിക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല. മോദിയുമായി പിണറായി ഒത്തുത്തീര്‍പ്പിലെത്തിയിരിക്കുന്നു.

ജനങ്ങളുടെ യഥാര്‍ത്ഥമായ ആവശ്യങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് ചോദിച്ചുവാങ്ങുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നു. ജനങ്ങളുടെ അവകാശങ്ങള്‍ അംഗീകരിച്ചുകിട്ടാന്‍ വേണ്ടിയുള്ള പോരാട്ടത്തിന്റെ അനിവാര്യമായ സന്ദര്‍ഭത്തിലാണ് നാം. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ദ് സോറന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഞാന്‍ അടക്കമുള്ളവര്‍ സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ ലഭ്യമാകുന്നതിന് വേണ്ടി കേന്ദ്രത്തിനെതിരേ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നു.

ജനങ്ങളുടെ അവകാശം നേടിയെടുക്കാന്‍ വേണ്ടി കേന്ദ്രത്തോട് പോരാട്ടം നടത്താത്ത ഒരേയൊരു മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമാണ്. കഴിഞ്ഞ 10 വര്‍ഷം വാരണാസിയില്‍ നിന്നായിരുന്നു പ്രധാനമന്ത്രി. അടുത്ത 20 വര്‍ഷം വയനാട്ടില്‍ നിന്നായിരിക്കും പ്രധാനമന്ത്രി.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോകത്ത് പലയിടത്തും ബാലറ്റ് പേപ്പറില്‍ കൂടിയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യയില്‍ മാത്രമാണ് ഇ വി എം ഉപയോഗിക്കുന്നത്. ജനങ്ങള്‍ക്ക് ഇ വി എമ്മിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ബിജെപിക്ക് മാത്രമാണ് ഇ വി എമ്മില്‍ വിശ്വാസമുള്ളത്. അത് മതിയാകില്ലെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com