'കുറി മായ്ക്കണം, ചരട് മുറിക്കണം, മുണ്ട് ഇടത്തേക്ക്' ഉണ്ണിത്താനെതിരെ വീഡിയോ; പരാതിയുമായി യുഡിഎഫ്

സ്ഥാനാര്‍ഥിയുടെ കൈയില്‍ കെട്ടിയ ചരട് മുറിച്ചുകളയുന്നതും നെറ്റിയിലെ കുറി മായ്ച്ചു കളയുന്നതും വലത്തോട്ട് ഉടുത്ത മുണ്ട് ഇടത്തോട്ട് ഉടുക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്
'കുറി മായ്ക്കണം, ചരട് മുറിക്കണം, മുണ്ട് ഇടത്തേക്ക്' ഉണ്ണിത്താനെതിരെ വീഡിയോ; പരാതിയുമായി യുഡിഎഫ്

കാസര്‍കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ എല്‍ഡിഎഫ് നേതൃത്വം പുറത്തിറക്കിയ വീഡിയോ വിവാദത്തില്‍. കോണ്‍ഗ്രസിന്റേതിന് സമാനമായ ഷാള്‍ അണിഞ്ഞ സ്ഥാനാര്‍ഥി എവിടെയാണ് ഇന്നത്തെ ആദ്യ സ്വീകരണ പരിപാടിയെന്ന് ചോദിക്കുമ്പോള്‍ തളങ്കരയില്‍ ആണെന്ന് ഒപ്പമുള്ളയാള്‍ മറുപടി പറയുന്നടത്താണ് വീഡിയോ ആരംഭിക്കുന്നത്. അപ്പോള്‍ തന്നെ സ്ഥാനാര്‍ഥിയുടെ കൈയില്‍ കെട്ടിയ ചരട് മുറിച്ചുകളയുന്നതും നെറ്റിയിലെ കുറി മായ്ച്ചു കളയുന്നതും വലത്തോട്ട് ഉടുത്ത മുണ്ട് ഇടത്തോട്ട് ഉടുക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ബാലകൃഷ്ണനും സിപിഐഎം ജില്ലാ സെക്രട്ടറി ഇന്‍ ചാര്‍ജ് സി എച്ച് കുഞ്ഞമ്പു എംഎല്‍എയും വീഡിയോ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തെന്നും ഒമ്പതു മണിക്കൂറിനശേഷം വീഡിയോ വിവാദമായതിനെത്തുടര്‍ന്ന് നീക്കം ചെയ്യുകയായിരുന്നുവെന്നും യുഡിഎഫ് നേതൃത്വം ആരോപിച്ചു. വീഡിയോക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറും കാസര്‍കോട് ഡിസിസി പ്രസിഡന്റുമായ പി കെ ഫൈസല്‍ പറഞ്ഞു.

തളങ്കരയുടെ ഉള്ളടക്കം വര്‍ഗീയതയുടേതല്ല, അത് മതസൗഹാര്‍ദത്തിന്റെയും സാഹോദരത്തിന്റെയും പരസ്പര ബഹുമാനത്തിന്റേതുമാണെന്നും ഭൂരിപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിച്ച് വോട്ട് തട്ടാമെന്ന വ്യാമോഹമാണ് സിപിഐഎമ്മിനെന്നും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുള്‍ റഹ്‌മാന്‍ പറഞ്ഞു. മതചിഹ്നങ്ങളെയും നാടിനെയും അവഹേളിച്ച എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിത്വത്തിന് അയോഗ്യത കല്‍പിക്കണമെന്ന് മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com