മോഷ്ടാവ്, കാട്ടുകള്ളന്‍ പരാമർശം; അനില്‍ ആന്റണിക്കും സുരേന്ദ്രനുമെതിരെ നോട്ടീസ് അയച്ച് നന്ദകുമാർ

പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണമെന്നാണ് ടി ജി നന്ദകുമാറിൻ്റെ ആവശ്യം
മോഷ്ടാവ്, കാട്ടുകള്ളന്‍ പരാമർശം; അനില്‍ ആന്റണിക്കും സുരേന്ദ്രനുമെതിരെ നോട്ടീസ് അയച്ച് നന്ദകുമാർ

തിരുവനന്തപുരം: ബിജെപി നേതാക്കളായ അനില്‍ ആന്റണിക്കും കെ സുരേന്ദ്രനുമെതിരെ ടി ജി നന്ദകുമാറിന്റെ വക്കീല്‍ നോട്ടീസ്. വിഗ്രഹ മോഷ്ടാവ്, കാട്ടുകള്ളന്‍ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണമെന്നാണ് ടി ജി നന്ദകുമാറിൻ്റെ ആവശ്യം. ഇല്ലെങ്കില്‍ 25 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

തന്നെ തോൽപ്പിക്കാനുള്ള എല്ലാം ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ ഒടുവിൽ ക്രിമിനൽ ആയ നന്ദകുമാറിനെ ഇറക്കിയെന്നായിരുന്നു അനില്‍ ആന്‍റണിയുടെ ആരോപണം. സ്വന്തം വീട്ടിൽ മോഷണം നടത്തിയ ആളാണ് നന്ദകുമാർ.12 വർഷം മുൻപ് നന്ദകുമാറിനെ കണ്ടിട്ടുണ്ട്. നന്ദകുമാറിനെ പരിചയപ്പെടുത്തിയത് പി ജെ കുര്യനാണെന്നാണ് അനിൽ ആൻ്റണി പറഞ്ഞത്.

കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ കാലത്ത് സിബിഐ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിയമനത്തിന് അനില്‍ ആന്റണി തന്റെ കയ്യില്‍ നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്ന് നന്ദകുമാർ ആരോപിച്ചിരുന്നു. താൻ ജൂനിയർ ദല്ലാൾ ആണെന്നും അനിൽ ആന്റണി അതിലും വലിയ ദല്ലാൾ ആണെന്നുമടക്കമുള്ള ആരോപണങ്ങൾ അനിൽ ആന്റണിക്കെതിരെ നന്ദകുമാർ നടത്തിയിരുന്നു. ഇതിനെതിരെ പ്രതികരിക്കവെയാണ് നന്ദകുമാർ വിഗ്രഹം മോഷ്ടിച്ചുവെന്നും കാട്ടുകള്ളൻ ആണെന്നതുമടക്കമുള്ള ആരോപണങ്ങൾ അനിൽ ആന്റണിയും കെ സുരേന്ദ്രനും നടത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com