മുഖ്യമന്ത്രി സർക്കാർ നേട്ടങ്ങളെ കുറിച്ച് മിണ്ടുന്നില്ല; മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല

യുഡിഎഫിന് സമ്പൂർണ ആധിപത്യമാണ് 20 ലോക്സഭാ മണ്ഡലങ്ങളിലും ഉള്ളത്
മുഖ്യമന്ത്രി സർക്കാർ നേട്ടങ്ങളെ കുറിച്ച് മിണ്ടുന്നില്ല; മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി സർക്കാർ നേട്ടങ്ങളെ കുറിച്ച് മിണ്ടുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെ കുറിച്ച് ഓർമിപ്പിച്ചാൽ തിരിച്ചടി ഉണ്ടാകുമെന്ന് കരുതിയാണ് മുഖ്യമന്ത്രി നേട്ടങ്ങളെ കുറിച്ച് മിണ്ടാത്തതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സർക്കാർ എന്ന് കേട്ടാൽ ജനങ്ങൾക്ക് വാശി കൂടും എന്നത് കൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാത്തത്. കഴിഞ്ഞ 8 വർഷമായി ഇടത് മുന്നണിക്ക് ചൂണ്ടികാണിക്കാൻ ഏതെങ്കിലും ഭരണ നേട്ടമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് അവസാന റൗണ്ടിലേക്ക് എത്തിക്കഴിഞ്ഞുവെന്നും യുഡിഎഫിന് സമ്പൂർണ ആധിപത്യമാണ് 20 ലോക്സഭാ മണ്ഡലങ്ങളിലും ഉള്ളതെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു.

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ചെന്നിത്തല ഉന്നയിച്ചത്. ഒരു ദുഃസ്വപ്നം പോലെയാണ് ജനങ്ങൾ കെ റെയിൽ പദ്ധതിയെ കണ്ടത്. കെ ഫോൺ എപ്പോൾ പൂട്ടുമെന്ന് കണ്ടാൽ മതി, ഏകദേശം നിലച്ച മട്ടിൽ ആണ്. യഥാർത്ഥത്തിൽ കെ ഫോണും പരാജയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇവർക്ക് ആകെ അറിയുന്നത് കൊലപാതകമാണ്. പാനൂർ ബോംബ് നിർമാണം തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ. അത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. അഴിമതിയും അക്രമവും ആണ് സർക്കാരിന്റെ മുഖമുദ്രയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

മൈക്ക് പോലും മുഖ്യമന്ത്രിയോട് പ്രതിഷേധിക്കുന്നു. ഇന്ന് തൃശ്ശൂരും പ്രതിഷേധിച്ചു. ഇതൊരു പ്രതിഭാസമായി മാറി. ചിലപ്പോൾ അദ്ദേഹം തന്നെ മൈക്ക് ഒടിച്ചിടും. ജോസ് കെ മാണിയുടെ ആകെയുള്ള ജോലി ഇപ്പോൾ മൈക്ക് നന്നാക്കൽ ആണ്. അതാണ് എൽഡിഎഫിൽ ആകെ ലഭിക്കുന്ന പാരിതോഷികം. തിരഞ്ഞെടുപ്പ് കഴിയുമ്പോഴെങ്കിലും അദ്ദേഹത്തിന് നല്ല ബുദ്ധി തോന്നട്ടെ. ഇനിയുണ്ടാകാൻ പോകുന്നത് സിപിഐ കേരളാ കോൺഗ്രസ് രാജ്യസഭാ സീറ്റ് തർക്കമാണെന്നും മൈക്ക് നന്നാക്കാത്ത ബിനോയ്‌ വിശ്വത്തിനാണോ ജോസിനാണോ സീറ്റ് ലഭിക്കുകയെന്നും ചെന്നിത്തല പരിഹസിച്ചു.

സിപിഐഎമ്മിൻ്റെ വേദികളിൽ ആളുകളുടെ എണ്ണം വളരെ കുറഞ്ഞു വരുന്നു. ഇടതുപക്ഷത്തിൻ്റെ തിരഞ്ഞെടുപ്പ് വേദികൾ ശുഷ്കം. മുഖ്യമന്ത്രിയെ പേടിച്ച് ആളുകൾ പങ്കെടുക്കുന്നതൊഴിച്ചാൽ സിപിഐഎം വേദികളിൽ ആളുകളില്ല. ഇടതു പക്ഷ മുന്നണിക്ക് കേരളത്തിൽ ഒരു സീറ്റും കിട്ടാത്ത സാഹചര്യമാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു. വൈകി ആണെങ്കിലും പ്രകാശ് കാരാട്ടിനു ബുദ്ധി ഉദിച്ചത് നന്നായി. കോൺഗ്രസിനെ വിമർശിക്കാൻ ഇല്ലെന്ന് പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. രാജ്യത്ത് മതേതര ഇന്ത്യ വരും. അത് പേടിച്ചാണ് പ്രധാനമന്ത്രി തെക്കേ ഇന്ത്യ കേന്ദ്രീകരിച്ചു പ്രവർത്തനം നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദിയെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് സമയമില്ലെന്ന് കുറ്റപ്പെടുത്തിയ ചെന്നിത്തല പിണറായി വിമർശിക്കുന്നത് മുഴുവൻ രാഹുൽ ഗാന്ധിയെയാണെന്നും ചൂണ്ടിക്കാണിച്ചു. രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് മോദിയെ തൃപ്തിപെടുത്താൻ. എൽഡിഎഫിന് വേണ്ടി എന്തിനു ജനങ്ങൾ വോട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രിക്ക് വ്യക്തമാക്കാൻ കഴിയുന്നില്ല. സ്വർണകള്ളകടത്ത് കേസ് നടന്നത് ആരുടെ ഓഫീസിൽ ആണെന്ന് അറിയാമല്ലോ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അത് രാജ്യദ്രോഹ കുറ്റമാണ്. ഇത് എല്ലാം അറിഞ്ഞിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രിക്കെതിരെ നടപടി എടുക്കുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.

മുഖ്യമന്ത്രിയുടെ ഇന്നത്തെ പത്രസമ്മേളനം കണ്ടു. എത്ര മൃദുവായാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. നരേന്ദ്ര മോദി എന്ന പേര് പോലും പറയാതെ ആണ് പ്രതികരിക്കുന്നത്. കോൺഗ്രസിന്റെ മുഖ്യശത്രു ബിജെപിയാണ്. അവരെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ നിന്നും പുറത്താക്കുക എന്നത് തന്നെയാണ് ആവശ്യം. അതുകൊണ്ടാണ് ഇൻഡ്യ സഖ്യം ഉണ്ടാക്കിയതെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി ദേശീയ പതാക ഉപയോഗിക്കുന്നത് തെറ്റാണ്. അദ്ദേഹം വരുന്നത് തിരഞ്ഞെടുപ്പ് പരിപാടിക്കാണെന്നും അത് ചട്ടലംഘനമാണെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു.

എസ്ഡിപിഐയുമായി കോൺഗ്രസ്‌ ഒരു ചർച്ചയും നടത്തിയിട്ടില്ല. അന്ന് തന്നെ കോൺഗ്രസ്‌ പ്രതികരിച്ചതാണ്. പിഡിപി പിന്തുണ നല്ലതാണ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എസ്ഡിപിഐയും പിഡിപിയും എല്ലാം ഒരുപോലെയാണ്. വെൽഫെയർ പാർട്ടിയുമായും കോൺഗ്രസ്‌ ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണത്തോട് യോജിക്കുന്നില്ലെന്നും ചെന്നിത്തല പ്രതികരിച്ചു. ഞങ്ങൾ അങ്ങനെ ചെയ്യാറില്ലെന്നും അത് ആര് നടത്തിയാലും ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒഴിവാക്കണമെന്നാണ് നിലപാട്. എന്നാൽ അതിൻ്റെ പേര് പറഞ്ഞ് സിമ്പതി നേടാനാണോ ശ്രമമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസിന്റെ മത്സരം എൽഡിഎഫു മായാണ്. ഒരു തരത്തിലും കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല. കേരളത്തെ വർഗീയ വൽക്കരിക്കാനുള്ള നീക്കം അനുവദിക്കില്ല. ബിജെപി മത്സരരംഗത്ത് വരാൻ ശ്രമിക്കുന്നുണ്ട്. പ്രധാനമന്ത്രി എത്ര തവണ വരുന്നോ അത്രയും ഭൂരിപക്ഷം ഞങ്ങൾക്ക് കൂടുന്നു. കേരളത്തിലെ മതേതര വിശ്വാസികൾ വസ്തുതാപരമായി പരിശോധിച്ച് വോട്ട് ചെയ്യുന്നവർ ആണെന്നും ചെന്നിത്തല പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com