പൗരത്വ വിഷയത്തില്‍ രാഹുല്‍ ഒന്നും മിണ്ടിയില്ല, കേരളത്തില്‍ ഉണ്ടല്ലോ, മറുപടി പറയട്ടെ; മുഖ്യമന്ത്രി

സംഘപരിവാറിനെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ലെന്നും പിണറായി വിജയന്‍
പൗരത്വ വിഷയത്തില്‍ രാഹുല്‍ ഒന്നും മിണ്ടിയില്ല, കേരളത്തില്‍ ഉണ്ടല്ലോ, മറുപടി പറയട്ടെ; മുഖ്യമന്ത്രി

പാലക്കാട്: പൗരത്വ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഒന്നും മിണ്ടിയില്ലെന്നും ഡല്‍ഹിയില്‍ സമരം ചെയ്തത് ഇടതുപക്ഷം മാത്രമാണെന്നും ആവര്‍ത്തിച്ച് മുഖ്യമന്ത്രി. കേരളം ഒറ്റക്കെട്ടായി നിയമം നടപ്പാക്കില്ലെന്ന് പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് പിന്തിരിഞ്ഞു. യോജിച്ച പ്രക്ഷോഭത്തിനില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. രാഹുല്‍ ഗാന്ധി കേരളത്തിലുണ്ടല്ലോയെന്നും രാഹുൽ ഗാന്ധി മറുപടി പറയട്ടെയെന്നും. സംഘപരിവാറിനെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

2014ല്‍ അധികാരത്തില്‍ വന്നതിന് ശേഷം എല്ലാം മേഖലയിലും കാവിവത്കരണമാണ് ബിജെപി ആദ്യം ലക്ഷ്യമിട്ടത്. ആര്‍എസ്എസ് അജണ്ടയുടെ ഭാഗമായി മതനിരപേക്ഷത തകര്‍ത്തു. മതാധിഷ്ഠിത രാഷ്ട്രത്തിനാണ് ആര്‍എസ്എസ് ശ്രമം. രാജ്യത്തിന്റെ മൂല്യങ്ങള്‍ ഒരോന്നായി തകര്‍ക്കപ്പെട്ടു. മതനിരപേക്ഷത, ജനാധിപത്യം, സ്വാതന്ത്ര്യം, ഐക്യം എല്ലാം അപകടത്തിലായി. വാഗ്ദാനങ്ങള്‍ ഒന്നും ബി ജെ പി നടപ്പാക്കിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് മുഖ്യമന്ത്രി ഇന്ന് പറഞ്ഞു. ബിജെപിയും എന്‍ഡിഎയും എല്ലാ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്താവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി സിപിഐഎം ഡീല്‍ കോണ്‍ഗ്രസിന്റെ മോഹം മാത്രമാണെന്നും രാഷ്ട്രീയ ചെറ്റത്തരം കാട്ടുന്ന പാര്‍ട്ടിയല്ല സിപിഐഎമ്മെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോണ്‍ഗ്രസ് കേരള വിരുദ്ധ സമീപനം സ്വീകരിച്ചു. അതുകൊണ്ട് കേരളം കോണ്‍ഗ്രസിന് കനത്ത ശിക്ഷ നല്‍കും. ബിജെപി സ്വീകരിച്ച കേരള വിരുദ്ധ നിലപാടിനൊപ്പം കോണ്‍ഗ്രസും ഒപ്പം നിന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. സിപിഐഎമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചാല്‍ സുരേഷ് ഗോപിയെ രക്ഷിക്കാനാണെങ്കില്‍ അത് നടക്കില്ല. സുരേഷ് ഗോപി തൃശ്ശൂരില്‍ പരാജയപ്പെടുമെന്നും അദ്ദേഹത്തെ രക്ഷിക്കാന്‍ ആര്‍ക്കുമാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഐഎമ്മിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചാല്‍ സുരേഷ് ഗോപിക്ക് നേട്ടമുണ്ടാകും എന്ന ആലോചന ബിജെപിക്ക് ഉണ്ടാകാം. അതാണ് ഇഡി നടപടിക്ക് പിന്നിലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com