ജോലിക്ക് മദ്യപിച്ചെത്തി, മദ്യം സൂക്ഷിച്ചു;വെട്ടിലായത് 100 കെഎസ്ആർടിസി ജീവനക്കാർ, 26 പേർക്ക് പണി പോയി

ഈ മാസം ഒന്ന് മുതൽ 15 വരെ കെഎസ്ആര്‍ടിസി നടത്തിയ പ്രത്യേക പരിശോധനയുടെ ഭാ​ഗമായാണ് നടപടി.
ജോലിക്ക് മദ്യപിച്ചെത്തി, മദ്യം സൂക്ഷിച്ചു;വെട്ടിലായത് 100 കെഎസ്ആർടിസി ജീവനക്കാർ, 26 പേർക്ക് പണി പോയി

തിരുവനന്തപുരം: ജോലിസമയത്ത് മദ്യപിച്ചെത്തിയതിനും മദ്യം സൂക്ഷിച്ചതിനും 100 ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്ത് കെഎസ്ആർടിസി. ഈ മാസം ഒന്ന് മുതൽ 15 വരെ കെഎസ്ആര്‍ടിസി നടത്തിയ പ്രത്യേക പരിശോധനയുടെ ഭാ​ഗമായാണ് നടപടി. സ്റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്പർവൈസർ അടക്കമുള്ളവരെയാണ് മദ്യപിച്ച് ജോലിക്കെത്തിയതിന് പിടികൂടിയത്.

60 യൂണിറ്റുകളിൽ നടത്തിയ പരിശോധനയില്‍ ഒരു സ്റ്റേഷൻ മാസ്റ്റർ, രണ്ട് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ഒരു സെക്യൂരിറ്റി സർജന്റ്, 9 സ്ഥിരം മെക്കാനിക്ക്, ഒരു ബദൽ മെക്കാനിക്ക്, 22 സ്ഥിരം കണ്ടക്ടർമാർ, 9 ബദൽ കണ്ടക്ടർ, ഒരു സ്വിഫ്റ്റ് കണ്ടക്ടർ, 39 സ്ഥിരം ഡ്രൈവർമാർ, 10 ബദൽ ഡ്രൈവർമാർ, അഞ്ച് സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ എന്നിവർ ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയതായി കണ്ടെത്തി. കെഎസ്ആര്‍ടിസിയിലെ 74 സ്ഥിരം ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. 26 പേരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇവർ സ്വിഫ്റ്റിലെ താത്ക്കാലിക ജീവനക്കാരോ കെഎസ്ആര്‍ടിസിയിലെ ബദൽ ജീവനക്കാരോ ആണ്.

വനിതകൾ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ച്, മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ജോലിക്ക് നിയോഗിക്കുവാന്‍ പാടുള്ളൂ എന്നാണ് നിലവിലെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ മാസം ഒന്ന് മുതൽ 15 വരെ പ്രത്യേക പരിശോധന നടത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com