'ഞാനാണ്... മോനാണ്,സേഫ് ആണ്'; അമ്മയെ വിളിച്ച് ഇറാന്‍ തട്ടിയെടുത്ത കപ്പലിലെ മലയാളി ജീവനക്കാരന്‍ ധനേഷ്

ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഇന്ത്യ ആശങ്ക അറിയിച്ചിട്ടുണ്ട്.
'ഞാനാണ്... മോനാണ്,സേഫ് ആണ്'; അമ്മയെ വിളിച്ച് ഇറാന്‍ തട്ടിയെടുത്ത കപ്പലിലെ മലയാളി ജീവനക്കാരന്‍ ധനേഷ്

കോഴിക്കോട്: ഇറാന്‍ തട്ടിയെടുത്ത ചരക്കുകപ്പലിലെ മലയാളി ജീവനക്കാര്‍ സുരക്ഷിതര്‍. വയനാട് സ്വദേശിയായ പി വി ധനേഷ് വീട്ടിലേക്ക് വിളിച്ചു. അമ്മയുടെ ഫോണിലേക്കാണ് വിളിച്ചത്. 'ഞാനാണ്... മോനാണ്, സേഫ് ആണ്' എന്നു മാത്രം പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.

ഇറാന്റെ പിടിയിലുള്ള കപ്പലില്‍ നാല് മലയാളികളാണുള്ളത്. തൃശൂര്‍ സ്വദേശിയായ ആന്‍ ടെസ്സ ജോസഫ്, കോഴിക്കോട് രാമനാട്ടുകാര സ്വദേശി ശ്യാംനാഥ് തേലംപറമ്പ്, പാലക്കാട് സ്വദേശി സുമേഷ്, വയനാട് സ്വദേശി പി വി ധനേഷ് എന്നിവരാണ് മലയാളികള്‍, ഇവരടക്കം 17 പേര്‍ ഇന്ത്യക്കാരാണ്. 25 ജീവനക്കാരാണ് കപ്പലിലുള്ളത്.

ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഇന്ത്യ ആശങ്ക അറിയിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ചരക്കുകപ്പലിലെ ജീവനക്കാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങളും ഇന്ത്യ തുടരുകയാണ്. പശ്ചിമേഷ്യയിലെ സാഹചര്യം ഇന്ത്യ നിരീക്ഷിച്ചുവരുകയാണെന്നും മേഖലയിലെ ഇന്ത്യന്‍ സമൂഹവുമായി എംബസികള്‍ ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഇന്നലെയാണ് ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പല്‍ ഇറാന്‍ സൈന്യം പിടിച്ചെടുത്തത്. പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, റഷ്യ, എസ്‌തോണിയ എന്നീ രാജ്യങ്ങളിലെ പൗരന്മാരും കപ്പലിലുണ്ട്. ഇന്ത്യന്‍ പൗരന്മാരുടെ മോചനത്തിന് ടെഹ്‌റാനിലെയും ഡല്‍ഹിയിലെയും ഇറാന്റെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ഇന്നലെ തന്നെ വിദേശകാര്യമന്ത്രാലയം ബന്ധപ്പെട്ടിരുന്നു. നാവികസേന സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിക്കുകയാണ്.

നിലവില്‍ ഇറാന്റെ സമുദ്രാതിര്‍ത്തിക്കുള്ളിലാണ് എംഎസ്സി ഏരീസ്. യുഎഇയിലെ തുറമുഖ പട്ടണമായ ഫുജൈറയ്ക്ക് 50 നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് ഇറാന്റെ പ്രത്യേക സൈനിക സംഘം കപ്പല്‍ പിടിച്ചെടുത്തത്. സമുദ്രാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നായിരുന്നു ഇറാന്റെ വിശദീകരണം. ലണ്ടന്‍ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈമുമായി ബന്ധപ്പെട്ട ചരക്ക് കപ്പലാണ് എംഎസ്സി ഏരീസ്. ഇസ്രായേലിലെ ശതകോടീശ്വനായ ഇയാല്‍ ഓഫറിന്റെ സോഡിയാക് ഗ്രൂപ്പിന്റെ ഭാഗമാണ് സോഡിയാക് മാരിടൈം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com