ആവേശപൂർവ്വം താമരയ്ക്ക് വോട്ട് ചെയ്യുന്ന തിരഞ്ഞെടുപ്പായിരിക്കുമിത്; എ പി അബ്ദുള്ളക്കുട്ടി

പാലക്കാട് സി കൃഷ്ണകുമാർ ചരിത്രം സൃഷ്ടിക്കുന്ന വിജയമുണ്ടാക്കുമെന്ന് എ പി അബ്ദുള്ളക്കുട്ടി
ആവേശപൂർവ്വം താമരയ്ക്ക് വോട്ട് ചെയ്യുന്ന തിരഞ്ഞെടുപ്പായിരിക്കുമിത്; എ പി അബ്ദുള്ളക്കുട്ടി

കോഴിക്കോട്: ഈ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിച്ച പ്രധാനപ്പെട്ട അജണ്ട വികസനമാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡൻ്റ് എ പി അബ്ദുള്ളക്കുട്ടി. ആ വികസന രാഷ്ട്രീയം എൽഡിഎഫും യുഡിഎഫും ചർച്ച ചെയ്യുന്നില്ല. ഈ തിരഞ്ഞെടുപ്പിൽ പൗരത്വത്തിൻ്റെ വിഷയം മാത്രമാണ് ഉന്നയിക്കുന്നത്. കാരണം കേരളത്തെ വലിയതോതിൽ പിറകോട്ടടുപ്പിച്ചതിൽ ഇവരുടെ വികസന വിരുദ്ധ രാഷ്ട്രീയമാണെന്നും അബ്ദുള്ളക്കുട്ടി കുറ്റപ്പെടുത്തി.

നമ്മുടെ നാട്ടിൽ നല്ലൊരു ശതമാനം വോട്ടർമാരും യുവാക്കളാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇൻഫ്രാസ്ട്രെക്ച്ചർ ഡെവലപ്പമെൻ്റിനെ കാണുമ്പോൾ ആവേശപ്പൂ‍ർവ്വം പോളിംഗ് ബൂത്തിൽ ചെന്ന് താമരയ്ക്ക് വോട്ട് ചെയ്യാൻ പോകുന്ന ഒരു തിരഞ്ഞെടുപ്പായിരിക്കും ഇത്തവണ കാണാൻ പോകുന്നത്. അത് വളരെ വ്യക്തമാണ്. പാലക്കാട് സി കൃഷ്ണകുമാർ ചരിത്രം സൃഷ്ടിക്കുന്ന വിജയമുണ്ടാക്കുമെന്നും അതിന് പിന്തുണയും സഹായവും അഭ്യർത്ഥിക്കുന്നുവെന്നും അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.

കോൺഗ്രസും കമ്യൂണിസ്റ്റും വർഗീയവാദികളുടെ വോട്ടിനായി മത്സരിക്കുകയാണ്. കോൺഗ്രസ് എസ്ഡിപിഐയുടെ പിന്നാലെ പോവുമ്പോൾ സിപിഐഎം പിഡിപിയെ കൂട്ട് പിടിക്കുകയാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇസ്ലാമിക് ജിഹാദി ​ഗ്രൂപ്പുകളെ പ്രീണിപ്പിക്കുന്ന ഒരു വോട്ട് ബാങ്ക് രാഷ്ട്രീയമാണ് സംഘടിപ്പിച്ചിട്ടുള്ളത്. പിണറായി വിജയൻ മകൾ വീണാ വിജയൻ സംരക്ഷണ റാലിയാണ് സംഘടിപ്പിക്കേണ്ടത്. കാരണം മാസപ്പടി, ഇഡി അന്വേഷണം, പാർട്ടി നടത്തിയ ബാങ്ക് കൊള്ള ഇതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ നടക്കുകയാണ്. ഈ വിഷയങ്ങളിൽ നിന്നെല്ലാം ശ്രദ്ധതിരിക്കുന്നതിനായി ന്യൂനപക്ഷ പ്രീണന രാഷ്ടീയമാണ് ഉന്നയിക്കുന്നതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

കേന്ദ്ര ഏജൻസികൾ ലാലുപ്രസാദ് യാദവ്, കനിമൊഴി, രാജാ തുടങ്ങി മുതിർന്ന നേതാക്കളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായതോടെ കേരളത്തിൽ പിണറായി വിജയന് ഉറക്കമില്ല. ഭാര്യ വീശി കൊടുത്തിട്ടും പിണറായിക്ക് ഉറക്കം വരുന്നില്ലെന്ന് അബ്ദുള്ളക്കുട്ടി പരിഹസിച്ചു. പ്രൊഫഷണൽ രീതിയിലാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ പ്രവർത്തനം. ഉപ്പ് തിന്നവരെല്ലാം വെള്ളം കുടിക്കും. മാസപ്പടിക്കാരും, അതിന് കൂട്ടുനിന്ന പിണറായി വിജയനും വിചാരണ ചെയ്യപ്പെടുന്ന കാലം വരുമെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേ‍ർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com