രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ല, ചിഹ്നം മാത്രം; എം എം ഹസ്സന്‍

തീരുമാനത്തിലേക്ക് എത്തിയ സാഹചര്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ കഴിയില്ല.
രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ല, ചിഹ്നം മാത്രം; എം എം ഹസ്സന്‍

പത്തനംതിട്ട: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. ചിഹ്നം മാത്രം ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെന്നും എം എം ഹസ്സന്‍ പറഞ്ഞു. തീരുമാനത്തിലേക്ക് എത്തിയ സാഹചര്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ കഴിയില്ല. മറ്റ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള പതാകകള്‍ ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

നാല് വോട്ടിന് വേണ്ടിയാണ് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ അനില്‍ ആന്റണി പിതാവ് എ കെ ആന്റണിയെ തള്ളിപ്പറഞ്ഞതെന്നും എം എം ഹസ്സന്‍ വിമര്‍ശിച്ചു. ആന്റണിയുടെ രക്തത്തില്‍ ജനിച്ച മകനാണ് ആന്റണിയെ കാലഹരണപ്പെട്ട നേതാവെന്ന് പറഞ്ഞത്. എക്‌സ്പയറി ഡെയിറ്റ് കഴിഞ്ഞാല്‍ മരുന്ന് കളയുന്നത് പോലെയാണ് അനില്‍ ആന്റണിയുടെ സ്വഭാവം. മുപ്പത് വെള്ളിക്കാശിന് ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദാസിനേപ്പോലെയാണ് അനില്‍ ആന്റണി. ശബരിമല ശാസ്താവിന്റെ കര്‍മ്മഭൂമിയില്‍ വച്ചാണ് അനില്‍ ആന്റണി പരാമര്‍ശം നടത്തിയത്. എത്ര വോട്ട് കിട്ടിയാലും അനില്‍ ആന്റണി പത്തനംതിട്ടയില്‍ ജയിക്കാന്‍ പോകുന്നില്ല. അനില്‍ ആന്റണി പത്തനംതിട്ടയില്‍ ജയിക്കണമെങ്കില്‍ കാക്ക മലന്ന് പറക്കണം. കെട്ടി വച്ച പണം പോലും അനില്‍ ആന്റണിക്ക് കിട്ടില്ലെന്നും എം എം ഹസ്സന്‍ വിമർശിച്ചു.

വയനാട്ടില്‍ കെ സുരേന്ദ്രന്‍ ജയിക്കില്ല. അതിനാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റാനും പോകുന്നില്ല. ഇവിഎമ്മില്‍ കൃത്രിമം കാണിച്ചാലും ബിജെപി ജയിക്കാന്‍ പോകുന്നില്ല. ഇവിഎമ്മിലല്ല ജനങ്ങളിലാണ് കോണ്‍ഗ്രസിന് വിശ്വാസമെന്നും എം എം ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com