കായംകുളം സത്യൻ കൊലപാതകം ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ്; പുനഃരന്വേഷിക്കണമെന്ന് ആവശ്യം

സത്യൻ്റെ കൊലപാതകം സിപിഐഎം ആലോചിച്ച് ചെയ്തതാണെന്ന പരാമർശമുളള ജില്ലാ പഞ്ചായത്തംഗത്തിൻ്റെ കത്ത് പുറത്ത് വന്നതിന് പിന്നാലെയാണ് പുനരന്വേഷണം ആവശ്യപ്പെട്ടത്
കായംകുളം സത്യൻ കൊലപാതകം ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ്; 
 പുനഃരന്വേഷിക്കണമെന്ന് ആവശ്യം

ആലപ്പുഴ: കായംകുളത്തെ ഐഎൻടിയുസി പ്രവർത്തകൻ സത്യൻ്റെ കൊലപാതകത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. കൊലപാതകത്തിൽ പുനഃരന്വേഷണം ആവശ്യപ്പെട്ട് ഡിസിസി പ്രസിഡൻ്റ് ബി ബാബു പ്രസാദ് പൊലീസ് മേധാവിക്ക് പരാതി നൽകി. സത്യൻ്റെ കൊലപാതകം സിപിഐഎം ആലോചിച്ച് ചെയ്തതാണെന്ന പരാമർശമുളള ജില്ലാ പഞ്ചായത്തംഗത്തിൻ്റെ കത്ത് പുറത്ത് വന്നതിന് പിന്നാലെയാണ് പുനരന്വേഷണം ആവശ്യപ്പെട്ടത്.

ഈ കേസിലെ പ്രതിയായ ബിപിൻ സി ബാബുവിന്റേതാണ് വെളിപ്പെടുത്തൽ. ജില്ലാ പഞ്ചായത്ത് അം​ഗത്വം രാജിവെക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന് അയച്ച കത്തിലാണ് കൊലപാതകം സിപിഐഎം ആസൂത്രണം ചെയ്ത് നടത്തിയതാണെന്ന് ബിപിൻ പറഞ്ഞിരിക്കുന്നത്.

2001 ലാണ് ഐഎൻടിയുസി നേതാവായ സത്യൻ കരിയിലക്കുളങ്ങരയിൽ വച്ച് കൊല്ലപ്പെട്ടത്. 2006 ൽ വിധി പുറപ്പെടുവിച്ച കോടതി തെളിവില്ലെന്ന് കണ്ട് ഏഴ് പ്രതികളെയും വെറുതെ വിടുകയായിരുന്നു. സത്യൻ കൊലക്കേസിലെ ആറാം പ്രതിയാണ് ബിപിൻ സി ബാബു. നേരത്തെ പാർ‌ട്ടി ഇയാളെ സസ്പെന്റ് ചെയ്തിരുന്നു. അടുത്തകാലത്തായി തിരിച്ചെടുത്തെങ്കിലും സിപിഐഎം കായംകുളം മുന്‍ ഏരിയാ സെന്റര്‍ അംഗമായിരുന്ന ബിപിനെ ബ്രാഞ്ച് കമ്മിറ്റിയിലാണ് ഉൾപ്പെടുത്തിയത്. ഇതിൽ പ്രതിഷേധിച്ചാണ് രാജിവെക്കാൻ തീരുമാനിച്ച് കത്തെഴുതിയത്.

പാർട്ടി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകത്തിൽ നിരപരാധിയായിട്ടും 19വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന താൻ 65 ദിവസം ജയിലിൽ കിടന്നുവെന്നാണ് കത്തിൽ പറയുന്നത്. കെ എച്ച് ബാബുജാനെതിരെയുള്ള ആരോപണവും കത്തിൽ ഉന്നയിക്കുന്നുണ്ട്. പൊതുപ്രവർ‌ത്തനം അവസാനിപ്പിക്കുകയാണെന്നും പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com