34 കോടിലഭിച്ചു, ഇനി അയക്കേണ്ടതില്ല; അബ്ദുൽ റഹീമിനുള്ള ധനസമാഹരണത്തിൽ മുനവ്വറലി ശിഹാബ് തങ്ങള്‍

34 കോടിലഭിച്ചു, ഇനി അയക്കേണ്ടതില്ല; അബ്ദുൽ റഹീമിനുള്ള ധനസമാഹരണത്തിൽ മുനവ്വറലി ശിഹാബ് തങ്ങള്‍

തുക പൂര്‍ണ്ണമായും ലഭിച്ചതിനാല്‍ ഇനി ഫണ്ട് അയക്കേണ്ടതില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ മുനവ്വറലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

മലപ്പുറം: അബ്ദുല്‍ റഹിം കേസില്‍ അറബി കുടുംബത്തിന് നല്‍കേണ്ട ബ്ലഡ് മണി 34 കോടി രൂപ പൂര്‍ണ്ണമായും ലഭിച്ചെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍. തുക പൂര്‍ണ്ണമായും ലഭിച്ചതിനാല്‍ ഇനി ഫണ്ട് അയക്കേണ്ടതില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ മുനവ്വറലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

സന്നദ്ധ സംഘടനകളും മറ്റും പിരിക്കുകയും അക്കൗണ്ടിലേക്ക് അയക്കാന്‍ പറ്റാതെ കൈവശമിരിക്കുകയും ചെയ്യുന്ന പണം പ്രയാസമനുഭവിക്കുന്ന അര്‍ഹരായ മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമല്ലോ. സര്‍വ്വശക്തന്‍ നമ്മുടെ എല്ലാ നല്ല ഉദ്യമങ്ങളും ശ്രമങ്ങളുമൊക്കെ സ്വീകരിക്കുമാറാവട്ടെ, അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം 34 കോടി ദയാധനം സമാഹരിച്ചതോടെ റിയാദിലെ ജയിലില്‍ നിന്നും അബ്ദു റഹീമിനെ നാട്ടിലെത്തിക്കാനായുള്ള നിയമസഹായ സമിതി ഊര്‍ജ്ജിത ശ്രമം ആരംഭിച്ചിട്ടുണ്ട്. സമാഹരിച്ച പണം അടുത്ത ദിവസം തന്നെ കൈമാറാമെന്ന് ഇന്ത്യന്‍ എംബസിയെ വിവരം അറിയിച്ചു.

ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച 34 കോടി സൗദിയിലെ കുടുംബത്തിന് ഉടന്‍ കൈമാറാനാണ് നീക്കം. നിശ്ചയിച്ചതിലും നാല് ദിവസം നേരത്തെ ലക്ഷ്യം കണ്ടതോടെ അബ്ദു റഹീമിനെ നാട്ടിലെത്തിക്കുന്നതിനുള്ള തുടര്‍ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കി. പണം സമാഹരിച്ചത് ഇന്ത്യന്‍ എംബസിയെ അറിയിച്ചത് കൂടാതെ സൗദിയിലെ കോടതിയിലെ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. രണ്ട് ദിവസം ബാങ്ക് അവധി ആയതിനാല്‍ ഇതിനുശേഷം മാത്രമേ പണം കൈമാറ്റം ചെയ്യാന്‍ കഴിയു.

ഒരാഴ്ചയ്ക്കകം പണം കൈമാറുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് നിയമസഹായ സമിതിയുടെ പ്രതീക്ഷ. ഇതിനുശേഷം രണ്ടാഴ്ച കൂടിയെങ്കിലും വേണ്ടിവരും റഹീമിന്റെ ജയില്‍ മോചനത്തിന്. 34 കോടിയെന്ന ലക്ഷ്യം കൈവരിച്ചതോടെ നേരത്തെ പ്രഖ്യാപിച്ചതു പ്രകാരം സഹായ സമിതി ക്രൗഡ് ഫണ്ടിംഗ് അവസാനിപ്പിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com