ഇ ഡി അന്വേഷണത്തില്‍ ഇടപെടാനാകില്ല; ശശിധരന്‍ കര്‍ത്തയ്ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി

കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ ഇ ഡി അന്വേഷണം നിലനില്‍ക്കില്ലെന്ന് കര്‍ത്ത കോടതിയെ അറിയിച്ചു.
ഇ ഡി അന്വേഷണത്തില്‍ ഇടപെടാനാകില്ല; ശശിധരന്‍ കര്‍ത്തയ്ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി

കൊച്ചി: സിഎംആര്‍എല്‍ മാസപ്പടി കേസില്‍ ശശിധരന്‍ കര്‍ത്തയ്ക്ക് തിരിച്ചടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ഇ ഡി സമന്‍സ് ചോദ്യം ചെയ്ത് സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത നല്‍കിയ ഹര്‍ജിപരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നിലപാട് അറിയിച്ചത്.

കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ ഇ ഡി അന്വേഷണം നിലനില്‍ക്കില്ലെന്ന് കര്‍ത്ത കോടതിയെ അറിയിച്ചു. അതേസമയം ശശിധരന്‍ കര്‍ത്തയുടെ ഹര്‍ജിയില്‍ ഇ ഡി എതിര്‍പ്പ് അറിയിച്ചു. കര്‍ത്തയുടെ അറസ്റ്റിലേക്ക് ഈ ഘട്ടത്തില്‍ നീങ്ങില്ലെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കി. തിങ്കളാഴ്ച്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി കര്‍ത്തയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

വീണ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സും സിഎംആര്‍എല്ലും തമ്മിലുള്ള ദുരൂഹ ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല.

എസ്എഫ്ഐഒയുടേയും ആദായ നികുതി വകുപ്പിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇഡി കേസ് ഏറ്റെടുത്തത്. കേന്ദ്ര സര്‍ക്കാരിന്റെ എസ്എഫ്ഐഒ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കേസില്‍ ഇഡി അന്വേഷണവും ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സിഎംആര്‍എലും തമ്മില്‍ നടത്തിയ 1.72 കോടി രൂപയുടെ സാമ്പത്തിക ഇടപാടിലാണ് ഇഡി അന്വേഷണം പുരോഗമിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com