ഇഡിയുടേത് തൻ്റെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് കോടതി വിധിയിലൂടെ തെളിഞ്ഞു; തോമസ് ഐസക്ക്

ഹൈക്കോടതി ഇ ഡി യുടെ നീക്കത്തിന് കൂട്ട് നിന്നില്ല. തിരഞ്ഞെടുപ്പിൻ്റെ പവിത്രത കോടതി ഉയർത്തിപ്പിടിച്ചു
ഇഡിയുടേത് തൻ്റെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് കോടതി വിധിയിലൂടെ തെളിഞ്ഞു; തോമസ് ഐസക്ക്

പത്തനംതിട്ട: തൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണം അട്ടിമറിയ്ക്കാനുള്ള ആസൂത്രിതമായ നീക്കമാണ് ഇ ഡിയുടേതെന്ന് കോടതി വിധിയിലൂടെ തെളിഞ്ഞുവെന്ന് പത്തനംതിട്ട എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക്. ചോദ്യം ചെയ്യാൻ എന്താണിത്ര തിടുക്കം എന്ന് ഇ ഡി യോട് ഡിവിഷൻ ബഞ്ച് ചോദിച്ചു. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇത് മാറ്റി വച്ചാൽ എന്തെങ്കിലും സംഭവിക്കുമോ എന്നും കോടതി ചോദിച്ചുവെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാണിച്ചു. നാളെ കോടതി വെക്കേഷൻ ആരംഭിക്കുകയാണ് അതിൻ്റെ തലേന്ന് ഇ ഡി ഓടിച്ചെല്ലേണ്ട കാര്യമെന്താണെന്നും തോമസ് ഐസക്ക് ചോദിച്ചു.

സീൽ ചെയ്ത കവറിലാണ് ഇ ഡി യുടെ സ്റ്റേറ്റ്മെൻ്റ് കോടതിയിൽ കൊടുത്തത്. സീൽ ചെയ്ത കവറിലെ സ്റ്റേറ്റ്മെൻ്റ് എങ്ങനെയാണ് ചില പത്രക്കാർക്ക് കിട്ടുന്നതെന്ന് ചോദിച്ച ഐസക്ക് ഇ ഡി രാഷ്ട്രീയം കളിയ്ക്കുകയാണെന്നും കുറ്റപ്പെടുത്തി. ഹൈക്കോടതി ഇ ഡി യുടെ നീക്കത്തിന് കൂട്ട് നിന്നില്ല. തിരഞ്ഞെടുപ്പിൻ്റെ പവിത്രത കോടതി ഉയർത്തിപ്പിടിച്ചു. ഇഡി യുടെ അപ്പീൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പരിഗണിക്കാം എന്നാണ് കോടതി പറഞ്ഞത്. സിംഗിൾ ബഞ്ച് പറഞ്ഞത് തൻ്റെ ചലഞ്ച് നിലനിൽക്കും എന്നാണെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാണിച്ചു.

മസാല ബോണ്ടിലെ ഫെമ നിയമ ലംഘനത്തിൽ തോമസ് ഐസക്കിനെ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ചോദ്യം ചെയ്യുന്നത് മരവിപ്പിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത ഇഡിയുടെ ഹർജി നേരത്തെ ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. തിരഞ്ഞെടുപ്പ് ഏപ്രില്‍ 26ന് അവസാനിക്കുമല്ലോ എന്ന് ചൂണ്ടിക്കാണിച്ച ഡിവിഷൻ ബെഞ്ച് അതിന് ശേഷം ചോദ്യം ചെയ്യാൻ ആവശ്യത്തിന് സമയമുണ്ടല്ലോ എന്ന് ഇ ഡിയോട് ചോദിച്ചിരുന്നു. ഇഡിയുടെ അപ്പീൽ തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തോമസ് ഐസക്ക് ഹാജരായാൽ അന്വേഷണം പൂർത്തിയാക്കാമെന്നായിരുന്നു കോടതിയിൽ ഇഡിയുടെ വാദം. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് ഐസക്കിന് നോട്ടീസ് നൽകിയെന്നായിരുന്നു ഇഡിയുടെ വാദം. സ്ഥാനാര്‍ത്ഥിയെന്ന കാരണത്താല്‍ അന്വേഷണം തടസപ്പെടുത്തരുതെന്നും ഇഡി വാദിച്ചു. ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.

കിഫ്ബിയിലെ ഫെമ നിയമലംഘന കേസിൽ തോമസ് ഐസകിനെ ചോദ്യം ചെയ്യുന്നത് നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിലക്കിയിരുന്നു. ചോദ്യം ചെയ്യണമെങ്കിൽ തെരഞ്ഞെടുപ്പ് കഴിയട്ടെയെന്നായിരുന്നു സിംഗിൾ ബെഞ്ചിൻ്റെ നിലപാട്. തോമസ് ഐസക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാണെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇഡിക്ക് വിശാലമായി അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയായിരുന്നു ഇ ഡി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com