ബിജെപിക്ക് ഇനി സുല്‍ത്താന്‍ ബത്തേരിയില്ല? ഔദ്യോഗിക പോസ്റ്ററിലും ഗണപതിവട്ടം

വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് നടത്തുന്ന പത്രസമ്മേളനം ഗണപതിവട്ടത്ത് എന്നാണ് പോസ്റ്റര്‍.
ബിജെപിക്ക് ഇനി സുല്‍ത്താന്‍ ബത്തേരിയില്ല? ഔദ്യോഗിക പോസ്റ്ററിലും ഗണപതിവട്ടം

കോഴിക്കോട്: സുൽത്താൻ ബത്തേരിക്ക് പകരം 'ഗണപതിവട്ടം' എന്ന് ഔദ്യോഗിക പോസ്റ്ററിലും ആവര്‍ത്തിച്ച് ബിജെപി. വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ വെള്ളിയാഴ്ച്ച നടത്തുന്ന പത്രസമ്മേളനത്തിന്റെ പോസ്റ്ററിലാണ് 'ഗണപതിവട്ടം' എന്ന പേര് ഉപയോഗിച്ചിരിക്കുന്നത്. വയനാട് എന്‍ഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് നടത്തുന്ന പത്രസമ്മേളനം ഗണപതിവട്ടത്ത് എന്നാണ് പോസ്റ്റര്‍.

സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റി ഗണപതിവട്ടമാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. താന്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരി ഗണപതിവട്ടമാക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. റിപ്ലബിക് ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പരമാര്‍ശം.

സുല്‍ത്താന്‍ ബത്തേരിയുടെ ശരിയായ പേര് ഗണപതിവട്ടം എന്നാണ്. ബ്രിട്ടീഷുകാരാണ് ടിപ്പു സുല്‍ത്താന്റെ അധിനിവേശത്തിന് ശേഷം ഇവിടെ സുല്‍ത്താന്‍ ബത്തേരി ആക്കി മാറ്റിയത്. സുല്‍ത്താന്റെ ആയുധപ്പുര എന്നര്‍ത്ഥം വരുന്ന സുല്‍ത്താന്‍ ബാറ്ററി പിന്നീട് സുല്‍ത്താന്‍ ബത്തേരി ആയതാണ്. താന്‍ എംപിയായാല്‍ ആദ്യ പരിഗണന ഈ സ്ഥലത്തിന്റെ പേര് വീണ്ടും ഗണപതിവട്ടം എന്നാക്കി മാറ്റുന്നതിനായിരിക്കും. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹായം തേടും. 1984ല്‍ പ്രമോദ് മഹാജന്‍ വയനാട് സന്ദര്‍ശിച്ച സമയത്ത് ഇക്കാര്യം താന്‍ സൂചിപ്പിച്ചിരുന്നതാണെന്നും കെ സുരേന്ദ്രന്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

സുല്‍ത്താന്‍ ബത്തേരി എന്ന പേരിന്റെ ആവശ്യമില്ല. മലയാളികളെ ആക്രമിക്കുകയും ഹിന്ദുക്കളെ മതംമാറ്റുകയും ചെയ്ത വ്യക്തിയാണ് ടിപ്പു സുല്‍ത്താന്‍ എന്നും സുരേന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. തുടര്‍ന്ന് ഇന്ന് പരാമര്‍ശത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴും സുരേന്ദ്രന്‍ ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com